റമദാന് ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം; ദുബായിൽ ഷോപ്പിംഗ്, സിനിമാ പ്രദർശനം എന്നിവയുടെ സമയം മാറും!
ദുബായ്: ഈ വർഷത്തെ റമദാൻ മാസത്തിന് ഇനി 40 ദിവസത്തിൽ താഴെ മാത്രമാണ് ശേഷിക്കുന്നത്. പുണ്യമാസം ആഘോഷിക്കാൻ വിപുലമായ ഒരുക്കങ്ങളിലാണ് ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റുകൾ. മാളുകളുടെ പ്രവർത്തന സമയം ദീർഘിപ്പിക്കുക, ആഘോഷപരമായ സാംസ്‌കാരിക പരിപാടികൾ ഒരുക്കുക, ആത്മീയമായ ചിന്തകൾക്കും ഒത്തുചേർന്നുള്ള ആഘോഷങ്ങൾക്കും ഊന്നൽ നൽകുക എന്നിവയെല്ലാം ഇതിൽപ്പെടുന്നു. നഗരം ഒരു ഉത്സവപ്രതീതിയിലാണ്.
മുൻ വർഷങ്ങളിലെ പോലെ, നഗരത്തിലെ ഷോപ്പിംഗ് സെന്ററുകൾ നോമ്പിന്റെ സമയക്രമം അനുസരിച്ച് പ്രവർത്തന സമയം ക്രമീകരിക്കുന്നുണ്ട് എന്നതാണ് അറിയേണ്ട കാര്യം. മാളുകൾ പകൽ മുഴുവൻ തുറന്നുപ്രവർത്തിക്കും. ഇഫ്‌തറിന് ശേഷം താമസക്കാർക്കും സന്ദർശകർക്കും ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും ഒത്തുകൂടാനുമുള്ള സൗകര്യത്തിനായി മിക്ക മാളുകളും അർദ്ധരാത്രിക്ക് ശേഷവും പ്രവർത്തിക്കുമെന്നതാണ് പ്രധാനം.

കൃത്യമായ സമയക്രമം ഓരോ മാളിനും വ്യത്യാസപ്പെടാമെങ്കിലും, കഴിഞ്ഞ റമദാനിൽ പിന്തുടർന്ന ഷെഡ്യൂൾ തന്നെയാകും മിക്ക മാളുകളും അവലംബിക്കുക എന്ന് ഏറെക്കുറെ ഉറപ്പാണ്. സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്‌റ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ പുലർച്ചെ 1 വരെയും, റെസ്‌റ്റോറന്റുകൾ പുലർച്ചെ 2 വരെയും പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ജെബിആറിലെ ദി ബീച്ചും സമാനമായ സമയം പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
ദുബായ് ഫെസ്‌റ്റിവൽ സിറ്റി മാളും സിറ്റി വാക്കും അർദ്ധരാത്രി വരെയും, അവിടുത്തെ ഡൈനിംഗ് ഔട്ട്‌ലെറ്റുകൾ പുലർച്ചെ 1 വരെയും തുറന്നിരിക്കും. അറേബ്യൻ സെന്റർ, നഖീൽ മാൾ, ഡ്രാഗൺ മാർട്ട്, ദി ഔട്ട്‌ലെറ്റ് വില്ലേജ്, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവയുടെ സമയവും അതനുസരിച്ച് ക്രമീകരിക്കും. സാധാരണയായി പ്രവൃത്തിദിവസങ്ങളിൽ അർദ്ധരാത്രി വരെയും വാരാന്ത്യങ്ങളിൽ അതിനുശേഷവും ഇവ പ്രവർത്തിക്കും.
നോമ്പില്ലാത്ത കുട്ടികൾ, പ്രായമായവർ, മറ്റ് ഒഴിവാക്കപ്പെട്ടവർ എന്നിവർക്കായി ഫുഡ് കോർട്ടുകളും കഫേകളും തുടർന്നും സേവനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. റെസ്‌റ്റോറന്റുകൾ പ്രത്യേക ഇഫ്‌താർ മെനുകളും സീസണൽ പ്രൊമോഷനുകളും ഒരുക്കും. എമിറാത്തി ആതിഥ്യമര്യാദയും അന്താരാഷ്ട്ര വിഭവങ്ങളും സമന്വയിപ്പിച്ച് വിപുലമായ ഡൈനിംഗ് അനുഭവങ്ങൾ ഒരുക്കാൻ ദുബായിലെ ഹോട്ടലുകളും ഒരുങ്ങിയിട്ടുണ്ട്.
റമദാനിൽ ദുബായിലെ സിനിമാ പ്രദർശനങ്ങളുടെ സമയക്രമത്തിലും മാറ്റങ്ങളുണ്ടാകും. വോക്‌സ് സിനിമാസ്, റീൽ സിനിമാസ്, റോക്‌സി സിനിമാസ് എന്നിവ ഉച്ചയ്ക്ക് 1 മണിയോ 2 മണിയോ മുതൽ രാത്രി വൈകിയും പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ഇഫ്‌താറിന് ശേഷമുള്ള പ്രദർശനങ്ങൾക്കാണ് കൂടുതൽ പ്രിയം. ഇവ പലപ്പോഴും പുലർച്ചെ 1 വരെയോ അതിനുശേഷമോ നീളാം, ചില വേദികളിൽ പുലർച്ചെ 2 അല്ലെങ്കിൽ 3 വരെയും സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്.
ഇസ്ലാമിക ചാന്ദ്ര കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ, റമദാൻ തീയതികൾ വർഷംതോറും വ്യത്യാസപ്പെടുന്നു. എന്നാൽ 2026ൽ ഇത് ഫെബ്രുവരി 19ന് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഒമ്പതാം മാസത്തിലെ ചന്ദ്രക്കല പ്രത്യക്ഷപ്പെടുമ്പോഴാണ് റമദാൻ ആരംഭിക്കുന്ന കൃത്യമായ ദിവസം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.












Click it and Unblock the Notifications