റമദാൻ വരാൻ ഇനി കുറഞ്ഞ നാളുകൾ മാത്രം; യുഎഇയുടെ മൊത്തം സ്വഭാവം മാറും, നൈറ്റ് ലൈഫിന് പ്രാധാന്യം!
ദുബായ്: മറ്റൊരു റമദാൻ കാലത്തെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. ഫെബ്രുവരി 18നോ 19നോ യുഎഇയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഈ വർഷം ദുബായ് നിവാസികൾ സഞ്ചരിക്കുന്ന, ഷോപ്പിംഗ് നടത്തുന്ന, ദിനചര്യകൾ ക്രമീകരിക്കുന്നത് എന്നിവയിൽ വ്യക്തമായ മാറ്റങ്ങൾ വരുത്തേണ്ടി വരും. ശൈത്യകാലാന്ത്യത്തിലെ തണുപ്പുള്ള സായാഹ്നങ്ങളും കുറഞ്ഞ പകൽ സമയവും ദിനചര്യകളെ പുനർരൂപപ്പെടുത്തുമെന്നാണ് ഗവേഷകർ പറയുന്നത്.
റമദാൻ യാത്രയേക്കാൾ വിശ്വാസം, കുടുംബം, വീട് എന്നിവയ്ക്ക് ഊന്നൽ നൽകുമെന്ന് യുഗോവ് സർവേ പറയുന്നു. കുറഞ്ഞ യാത്രകൾ, കൂടുതൽ ഗ്രോസറി വാങ്ങൽ, രാത്രികളിൽ കൂടുതൽ ഓൺലൈൻ സമയം എന്നിവയാണ് ഇത് സൂചിപ്പിക്കുന്നത്. പകൽ സാമ്പത്തിക മേഖല ദുർബലപ്പെടുത്തുകയും രാത്രികാല സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും.

വാർഷിക ജോലിസമയക്കുറവ് കാരണം, പകൽ ദിനചര്യകൾ ചുരുങ്ങുകയും പ്രവർത്തനങ്ങൾ രാത്രിയിലേക്ക് മാറുകയും ചെയ്യുമെന്ന് നിരീക്ഷകർ പറയുന്നു. ഈ മാറ്റത്തിനെ വ്യവസായ വിദഗ്‌ധർ 'നിശാജീവിതത്തിന്റെ പുനരുജ്ജീവനം' എന്ന് വിശേഷിപ്പിക്കുന്നു. ജോലിദിവസങ്ങൾ കുറയുന്നതും തണുപ്പുള്ള കാലാവസ്ഥയും ദിനചര്യകളെ രാത്രിയിലേക്ക് മാറ്റുന്നതും ഇതിന് കാരണമായി വിലയിരുത്തുന്നു.
സമയ വിനിയോഗത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രകൾ കുറയുമെന്നും കരുതുന്നു. 37 ശതമാനം പേരും പതിവിലും കുറഞ്ഞ യാത്രകൾ നടത്തുമെന്നാണ് പറയുന്നത്. വ്യായാമ ശീലങ്ങളിൽ കാര്യമായ മാറ്റമില്ല. ദിനചര്യകൾ ഉപേക്ഷിക്കാതെ സമയക്രമം ക്രമീകരിക്കുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മെമോബും യുഗോവും നടത്തിയ വിശകലനം രാത്രി വൈകിയുള്ള പ്രവർത്തനങ്ങൾ കൂടുന്നതായി കൃത്യമായി കാണിക്കുന്നുണ്ട്. ഡിജിറ്റൽ ബ്രൗസിംഗും ഇടപാടുകളും മുൻ വർഷങ്ങളേക്കാൾ വൈകിയാണ് ഉന്നതിയിലെത്തുന്നത്. 24 ശതമാനം ഇടപെടലുകൾ പുലർച്ചെ 2നും 4നും ഇടയിലുള്ള സുഹൂറിന് മുൻപും നടക്കുന്നു. ഇതൊക്കെയും റമദാൻ ദിനങ്ങളിൽ യുഎഇ ഉണർന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്.
നിലവിലെ സാഹചര്യത്തിൽ ജിമ്മുകൾ, ഡെസേർട്ട് കഫേകൾ, പാഡൽ കോർട്ടുകൾ എന്നിവപോലും രാത്രി പത്ത് മണിക്ക് ശേഷം തിരക്കേറുന്ന സാഹചര്യത്തിനാണ് യുഎഇ സാക്ഷ്യം വഹിക്കുകയെന്നാണ് വിവരം. കേവലം റമദാൻ മാത്രമല്ല ഇതിന്റെ കാരണം എന്നതാണ് യാഥാർഥ്യം. കാലാവസ്ഥാപരമായ വ്യതിയാനങ്ങൾ കൂടിയാവുമ്പോൾ യുഎഇയിൽ നൈറ്റ് ലൈഫിന് പ്രാധാന്യം ഏറുകയാണ്.
റമദാനിലെ ഏറ്റവും സ്ഥിരതയുള്ള പ്രവർത്തനങ്ങളിലൊന്നാണ് ഭക്ഷണ സാധനങ്ങൾ വാങ്ങൽ. യുഎഇ നിവാസികളിൽ 39 ശതമാനം പേരും മാസത്തിൽ ഹൈപ്പർമാർക്കറ്റുകളിൽ ഷോപ്പിംഗ് നടത്താൻ താൽപര്യം കാട്ടുന്നവരാണ്. അവരാവട്ടെ ഇതിനായി പ്രധാനമായും ആശ്രയിക്കുന്നത് ലുലു ഉൾപ്പെടെയുള്ള കമ്പനികളെയാണ് താനും.
മാത്രമല്ല റമദാനിൽ രാത്രികാല കച്ചവടത്തിൽ കാര്യമായ വർധന ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികളെയും സ്വാധീനിക്കുന്ന സമയം കൂടിയാണിത്. യുഎഇയിലെ പൊതു സ്വഭാവം അനുസരിച്ച് അതിനോട് ചേർന്ന് തന്നെയാവും ഈ നാളുകളിൽ പ്രവാസികളുടെ ജീവിതവും. അവരും നൈറ്റ് ലൈഫിന് പ്രാധാന്യം നൽകിയാവും മുന്നോട്ട് പോവുക.












Click it and Unblock the Notifications