പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം?
മസ്‌കറ്റ്: ഈദ് അൽ-ഫിത്തറിനെ വരവേൽക്കാൻ ഒരുങ്ങി ഒമാൻ. പൊതു-സ്വകാര്യ മേഖലകളിലെ മാർച്ച് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്യാൻ ധനകാര്യ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും നിർദ്ദേശം നൽകി. സംസ്ഥാനത്തെ ഭരണപരമായ സംവിധാനങ്ങളിലെ ജീവനക്കാർക്കായി ശമ്പളം നേരത്തെ നൽകുന്നത് സംബന്ധിച്ച് ധനകാര്യ മന്ത്രാലയം സർക്കുലർ നമ്പർ 1/2026 പുറത്തിറക്കിയിരുന്നു.
സർക്കാർ യൂണിറ്റുകൾക്കുള്ള സമയപരിധി മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ഹ്യൂമൻ റിസോഴ്‌സ് സിസ്‌റ്റങ്ങളിൽ ഡാറ്റ രേഖപ്പെടുത്താനുള്ള അവസാന തീയതി 2026 മാർച്ച് 8 ആണ്. യൂനിഫൈഡ് ഫിനാൻഷ്യൽ സിസ്‌റ്റത്തിൽ ശമ്പള കൈമാറ്റ രേഖകൾ ഓഡിറ്റ് യൂണിറ്റുകൾ പരിശോധിച്ച് അംഗീകരിക്കാനുള്ള അവസാന തീയതി 2026 മാർച്ച് 15 ആണ്. മാർച്ച് മാസത്തെ ശമ്പളവും പെൻഷനും 2026 മാർച്ച് 17-ന് വിതരണം ചെയ്യും.

സർക്കാർ പ്രഖ്യാപനത്തിന് സമാന്തരമായി, തൊഴിൽ നിയമം (റോയൽ ഡിക്രി നമ്പർ 53/2023) അനുസരിച്ച് പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും തൊഴിൽ മന്ത്രാലയം ഒരു സർക്കുലർ പുറത്തിറക്കിയിരുന്നു. തൊഴിൽ മന്ത്രാലയം ഇക്കാര്യത്തിൽ പറഞ്ഞ സമയപരിധി മാർച്ച് 18 ആയിരുന്നു എന്നതാണ് പ്രത്യേകത.
'വരുന്ന ഈദ് അൽ-ഫിത്തർ 1447 എഎച്ച് പ്രമാണിച്ച്, തൊഴിൽ നിയമത്തിന് (റോയൽ ഡിക്രി നമ്പർ 53/2023) വിധേയമായ എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്കും 2026 മാർച്ച് മാസത്തെ തൊഴിലാളികളുടെ വേതനം 2026 മാർച്ച് 18 ബുധനാഴ്‌ചയ്ക്ക് മുമ്പായി നൽകേണ്ടതിന്റെ ആവശ്യകത തൊഴിൽ മന്ത്രാലയം അറിയിക്കുന്നു' തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.
സ്വകാര്യ സ്ഥാപനങ്ങൾ മാർച്ച് മാസത്തെ വേതനം 2026 മാർച്ച് 18 ബുധനാഴ്‌ചയ്ക്കകം നിക്ഷേപിക്കണമെന്ന് മന്ത്രാലയം നിർബന്ധമാക്കിയിട്ടുണ്ട്. അവധിക്കാലത്ത് തൊഴിലാളികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഈ തീയതികൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം തൊഴിൽ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇതോടെ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് പശ്ചിമേഷ്യയിലെ സംഘർഷ സമയത്തും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
യുഎസ്, ഇസ്രായേൽ എന്നീ രാജ്യങ്ങൾ ഇറാനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ മേഖലയിലെ സമാധാനത്തിന് തടസം സൃഷ്‌ടിച്ചു കൊണ്ട് യുദ്ധം പൊട്ടിപുറപ്പെട്ടിരുന്നു. യുഎസിന്റെ വ്യോമ താവളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്ന ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇക്കൂട്ടത്തിൽ ഒമാനിലും ആക്രമണം ഉണ്ടായി. അതിനിടയിലാണ് ഈദ് പ്രമാണിച്ച് തൊഴിലാളികൾക്ക് ശമ്പളം നേരത്തെ നൽകാൻ ഉത്തരവായിരിക്കുന്നത്.












Click it and Unblock the Notifications