യുഎഇ സ്വർണവിലയിൽ വീണ്ടും ആശ്വാസം; നാലര ദിർഹത്തിന്റെ കുറവ്, 22 കാരറ്റ് ഗ്രാമിന് വില എത്ര?
ദുബായ്: യുഎഇയിലെ സ്വർണവില വീണ്ടും കുറഞ്ഞു. എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകൾ അടക്കമുള്ള ഘടകങ്ങളുടെ സ്വാധീന ഫലമായാണ് ഇപ്പോഴത്തെ വിലക്കുറവ് എന്നാണ് വിവരം. ഒറ്റ ദിവസം കൊണ്ട് 24 കാരറ്റ് സ്വർണത്തിന്റെ വിലയിൽ നാലര ദിർഹത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. സമാനമായി 22 കാരറ്റ് സ്വർണത്തിന്റെയും വില കുറഞ്ഞിട്ടുണ്ട്.
ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതിന് പിന്നാലെ എണ്ണവിലയും താഴ്ന്നതോടെ ഈ ആഴ്‌ചയിലെ വിപണിയിലെ ചാഞ്ചാട്ടം മുതലെടുക്കാൻ നിക്ഷേപകർ പുതിയ നീക്കങ്ങൾ നടത്തുകയാണ്. ഈ വർഷം സ്വർണം മികച്ച പ്രകടനം കാഴ്‌ചവച്ച സാഹചര്യത്തിൽ നിക്ഷേപകരുടെ പ്രധാന പരിഗണനകളിലൊന്നായി സ്വർണം തുടരാനാണ് സാധ്യത.

ദുബായിൽ വെള്ളിയാഴ്‌ച സ്വർണം വാങ്ങുന്നവർക്ക് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 522.75 ദിർഹമാണ്. വ്യാഴാഴ്‌ച ഇത് 526.25 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 484 ദിർഹമാണ്. കഴിഞ്ഞ ദിവസത്തെ വിലയേക്കാൾ 3 ദിർഹം കുറവാണിത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4365.2 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. നേരിയ വർധന രേഖപ്പെടുത്തിയെങ്കിലും 4350 ഡോളർ നിലവാരത്തിന് മുകളിൽ സ്വർണം തുടരുകയാണ്.
ഈ നിലവാരം പ്രധാന പിന്തുണാ നിലവാരമായാണ് കണക്കാക്കുന്നത്. ബുധനാഴ്‌ച ഫെഡറൽ റിസർവ് ഏകകണ്ഠമായി പലിശനിരക്ക് 0.25 ശതമാനം ഉയർത്തിയതിന് പിന്നാലെ ട്രഷറി ബോണ്ട് യീൽഡുകൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ വിവിധ കാലാവധികളിലുള്ള ട്രഷറി യീൽഡുകൾ കുറഞ്ഞു. ഇത് സ്വർണവിലയിലെ സമ്മർദം കുറയ്ക്കാൻ സഹായിച്ചു.
യീൽഡുകൾ ഉയരുമ്പോൾ പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തിന് സാധാരണയായി ആകർഷണം കുറയാറുണ്ട്. മിഡിൽ ഈസ്‌റ്റിലെ എണ്ണവിതരണവുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിക്കപ്പെടാനുള്ള സാധ്യത വർധിച്ചതോടെ എണ്ണവില തുടർച്ചയായ മൂന്നാം ദിവസവും കുറയുകയാണ് ചെയ്‌തത്. ഇതോടെ ഊർജ ചെലവിൽ നിന്നുള്ള പണപ്പെരുപ്പ സമ്മർദവും കുറയാൻ സാധ്യതയുണ്ട്.
പ്രധാന എണ്ണ പൈപ്പ് ലൈൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏകദേശം പകുതി ശേഷിയിൽ പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ സൗദി അറേബ്യ സ്വീകരിച്ചിട്ടുണ്ട്. തർക്കം നിലനിൽക്കുന്ന ഹോർമുസ് കടലിടുക്കിലൂടെ ചില എണ്ണക്കപ്പലുകൾ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. വ്യാഴാഴ്‌ച സ്വർണവില തിരിച്ചുകയറിയതോടെ 100 ദിവസത്തെ മൂവിങ് ആവറേജിന് മുകളിലേക്ക് വീണ്ടും എത്തി.
വിലയുടെ ഗതി വിലയിരുത്താൻ ഉപയോഗിക്കുന്ന പ്രധാന സൂചകമാണിത്. എന്നിരുന്നാലും ഫെബ്രുവരി അവസാനം ഇറാൻ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന നിലവാരത്തേക്കാൾ സ്വർണവില ഇപ്പോഴും ഏകദേശം 20 ശതമാനം താഴെയാണ്. നിലവിലെ സാഹചര്യത്തിൽ അടുത്തൊന്നും അതുപോലെയുള്ള വില കയറ്റം ഉണ്ടാവാൻ ഇടയില്ല. എങ്കിലും വില ഇനിയും കുറയുമോ എന്നത് പശ്ചിമേഷ്യൻ സംഘർഷം അടക്കമുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.


Click it and Unblock the Notifications
