Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ നിന്നും യുഎഇയില്‍ നിന്നും കൂടുതല്‍ കപ്പല്‍ ഇന്ത്യയിലേക്ക്; എല്ലാത്തിനും കാരണം ആ ഭീഷണി

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 100% സെക്കൻഡറി ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പില്‍ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ക്ക് ആശങ്ക. 50 ദിവസത്തിനുള്ളിൽ യുക്രെയ്നുമായി റഷ്യ സമാധാന കരാർ ഉണ്ടാകണമെന്നാണ് ട്രംപിന്റെ നിർദേശം. ഇതിന് തയ്യാറായില്ലെങ്കില്‍ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ വലിയ തോതിലുള്ള തീരുവ നേരിടേണ്ടി വരും.

നിലവില്‍ റഷ്യയില്‍ നിന്നും വലിയ തോതില്‍ എണ്ണ വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ ഇന്ത്യയും ചൈനയുമാണ്. 2022-ൽ റഷ്യ യുക്രെയ്നെ ആക്രമിച്ചതിനെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. റഷ്യ വലിയ തോതില്‍ ഡിസ്കൗണ്ട് ഓഫർ ചെയ്ത സാഹചര്യം ഇന്ത്യ മുതലെടുക്കുകയായിരുന്നു. ഇത് ഇന്ത്യയിൽ പണപ്പെരുപ്പം നിയന്ത്രിക്കാനും സമ്പദ്‌വ്യവസ്ഥ സുസ്ഥിരമാക്കാനും വലിയ തോതില്‍ സഹായിച്ചിട്ടുണ്ട്.

saudi-india-crude-oil

ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. പരമ്പരാഗതമായി മിഡിൽ ഈസ്റ്റാണ് ഇന്ത്യയിലേക്കുള്ള ക്രൂഡിന്റെ പ്രധാന വിതരണക്കാരനെങ്കിലും, കഴിഞ്ഞ മൂന്ന് വർഷമായി റഷ്യയാണ് മുന്നില്‍. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ശരാശരി 40 ശതമാനത്തോളവും റഷ്യയില്‍ നിന്നാണ് വരുന്നത്.

ട്രംപിന് പിന്നാലെ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെയും ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഉപരോധ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം 2025-ലെ റഷ്യ ഉപരോധ നിയമവും മുന്നോട്ടുവെക്കുന്നു. റഷ്യൻ എണ്ണ, വാതകം, യുറേനിയം എന്നിവ വാങ്ങുന്ന രാജ്യങ്ങളിൽ നിന്നുള്ള യുഎസ് ഇറക്കുമതിക്ക് 500% തീരുവ ഏർപ്പെടുത്തണമെന്നതാണ് ഇദ്ദേഹത്തിന്റെ വാദം.

2019-ൽ ട്രംപിന്റെ മുൻ ഭരണകാലത്ത് ഇറാൻ എണ്ണ വാങ്ങുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യ ഇറാൻ എണ്ണ വാങ്ങുന്നത് നിർത്തിയിരുന്നു. സമാനമായ രീതിയില്‍ റഷ്യയില്‍ നിന്നും മറ്റ് രാഷ്ട്രങ്ങള്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നത് അവസാനിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.

ഇന്ന് വിവിധ രാജ്യങ്ങളില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിനാല്‍ ഉപരോധം ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിക്കില്ലെന്നാണ് കേന്ദ്ര സർക്കാറിന്റെ വാദം. "റഷ്യ 10% ആഗോള എണ്ണ ഉൽപ്പാദനം നൽകുന്നു. റഷ്യയെ ഒഴിവാക്കിയാൽ എണ്ണവില ബാരലിന് 130 ഡോളറിലേക്ക് ഉയരുമായിരുന്നു. തുർക്കി, ചൈന, ബ്രസീൽ, യൂറോപ്യൻ യൂണിയൻ പോലും റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ തുടർന്നത് ആഗോള എണ്ണവില സുസ്ഥിരമാക്കാൻ സഹായിച്ചു. ഞങ്ങൾക്ക് യാതൊരു ആശങ്കയുമില്ല. എന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ അത് കൈകാര്യം ചെയ്യും' പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

ട്രംപിന്റെ ഉപരോധ ഭീഷണിയിൽ എണ്ണ വിപണി കാര്യമായി പ്രതികരിച്ചില്ല എന്നുള്ളതും ശ്രദ്ധേയമാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 69 ഡോളറിനടുത്താണ് നിലവില്‍ വില്‍പ്പന നടക്കുന്നത്. അതായത് കഴിഞ്ഞ ആഴ്ചയിലെ നിലവാരത്തിൽ തന്നെ ഇപ്പോഴും വില്‍പ്പന നടക്കുന്നു. ഉപരോധം നടപ്പായാൽ, റഷ്യ ആഗോള വിപണിയിൽ നിന്ന് പുറന്തള്ളപ്പെടുകയും എണ്ണവില 120 ഡോളറിന് മുകളിലേക്ക് ഉയരുകയും ചെയ്യും. ഇത് ട്രംപിന്റെ തന്നെ കുറഞ്ഞ എണ്ണവില ലക്ഷ്യത്തെ തകർക്കുമെന്ന് റിഫൈനറി എക്സിക്യൂട്ടീവുകൾ ചൂണ്ടിക്കാട്ടുന്നു.

റഷ്യ ദിവസേന 4.5-5.0 മില്യൺ ബാരൽ ക്രൂഡ് ഓയിലാണ് കയറ്റുമതി ചെയ്യുന്നത്. ഇത് ആഗോള ഡിമാൻഡിന്റെ 5% ആണ്. കൂടാതെ, 2 മില്യൺ ബാരൽ ശുദ്ധീകരിച്ച എണ്ണയും കയറ്റുമതി ചെയ്യുന്നു. റഷ്യൻ എണ്ണ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 33% വരും. 2022-ൽ ഇത് 2.1% മാത്രമായിരുന്നു, എന്നാൽ 2024-25 സാമ്പത്തിക വർഷത്തിൽ 35.1% ആയി ഉയർന്നു. 2022-ൽ 2,256 മില്യൺ ഡോളറിന്റെ എണ്ണ വാങ്ങിയ ഇന്ത്യ, ഇപ്പോൾ 50,285 മില്യൺ ഡോളറിന്റെ എണ്ണ വാങ്ങുന്നു. ഈ വർഷം ജനുവരി-ജൂൺ മാസങ്ങളിൽ ഇന്ത്യ ദിവസേന 1.75 മില്യൺ ബാരൽ റഷ്യൻ എണ്ണ വാങ്ങി.

ഉപരോധം വന്നാൽ, ഇന്ത്യ പരമ്പരാഗത മിഡിൽ ഈസ്റ്റ് വിതരണക്കാരിലേക്കും ബ്രസീൽ പോലുള്ള പുതിയ വിതരണക്കാരിലേക്കും തിരിയേണ്ടി വരും. അതായത് സൌദി അറേബ്യയില്‍ നിന്നും യു എ ഇയില്‍ നിന്നും ഇറാഖിലും നിന്നുമൊക്കെ കൂടുതല്‍ ചരക്ക് കപ്പലുകള്‍ ഇന്ത്യന്‍ തീരത്തേക്ക് വരും. എന്നാൽ, ഈ എണ്ണ ബാരലിന് 4-5 ഡോളർ കൂടുതൽ വിലയുള്ളതായിരിക്കും. ഇന്ത്യ ഇതിനകം എണ്ണ ഇറക്കുമതി വലിയ തോതില്‍ വൈവിധ്യവത്കരിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. നേരത്തെ 27 രാജ്യങ്ങളിൽ നിന്നായിരുന്നു ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ ഇന്ന് അത് 40 രാജ്യങ്ങളിലേക്ക് ഉയർന്നു.

2025-ന്റെ ആദ്യ പകുതിയിൽ യു എസിൽ നിന്നുള്ള എണ്ണ ഇറക്കുമതി 50 ശതമാനവും ബ്രസീലിൽ നിന്നുള്ളത് 80 ശതമാനവും വർധിച്ചു എന്നുള്ളതും ശ്രദ്ധേയമാണ്. അതേസമയം, ട്രംപിന്റെ ഉപരോധ ഭീഷണി റഷ്യയുമായുള്ള ചർച്ചകൾക്ക് ഗൗരവം കൊണ്ടുവരാനുള്ള തന്ത്രമായിരിക്കാമെന്നും വിലയിരുത്തപ്പെടുന്നു. എന്നാൽ, ഉപരോധം നടപ്പായാൽ, ഇന്ത്യയ്ക്ക് വില കൂടിയ എണ്ണയിലേക്ക് മാറേണ്ടി വരും. എങ്കിലും, വിപുലമായ വിതരണ ശൃംഖലയും ആഗോള എണ്ണ ലഭ്യതയും ഇന്ത്യയെ ഈ വെല്ലുവിളി നേരിടാൻ സഹായിക്കുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+