പ്രവാസികള്‍ക്ക് തിരിച്ചടി.. സൗദിയിലേക്ക് വിമാനമില്ല...; സര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍
സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി നവംബര്‍ 24 വരെ നീട്ടിയതായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും അറിയിച്ചു. സൗദി അറേബ്യന്‍ നഗരങ്ങളായ റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഈ രണ്ട് എയര്‍ലൈനുകളും നേരത്തെ തന്നെ നവംബര്‍ 30 വരെ റദ്ദാക്കിയിരുന്നു.
'മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ജിദ്ദയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ 2026 നവംബര്‍ 24 വരെ റദ്ദാക്കിയിരിക്കുന്നു. റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ 2026 നവംബര്‍ 30 വരെ റദ്ദാക്കിയ നിലയില്‍ തുടരും,' എയര്‍ ഇന്ത്യ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു. നേരത്തെ, ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 21 വരെയായിരുന്നു റദ്ദാക്കിയിരുന്നത്.

നവംബര്‍ 20-നോ അതിനുമുമ്പോ ബുക്ക് ചെയ്തതും, നവംബര്‍ 24 വരെ ജിദ്ദയിലേക്കോ തിരിച്ചോ യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരുന്നതുമായ യാത്രക്കാര്‍ക്ക്, സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയമായി യാത്രാ തീയതി സൗജന്യമായി മാറ്റാം. അല്ലെങ്കില്‍ ടിക്കറ്റ് റദ്ദാക്കി പണം പൂര്‍ണമായും തിരികെ വാങ്ങാവുന്നതാണ്. നവംബര്‍ 10-നോ അതിനുമുമ്പോ ബുക്ക് ചെയ്തതും, നവംബര്‍ 30 വരെ റിയാദിലേക്കോ ദമ്മാമിലേക്കോ (തിരിച്ചോ) യാത്ര ചെയ്യാന്‍ നിശ്ചയിച്ചിരുന്നതുമായ യാത്രക്കാര്‍ക്കും ഈ സൗകര്യം ബാധകമായിരിക്കും.
നേരത്തെ സൗദി അറേബ്യന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി ഇന്‍ഡിഗോ നവംബര്‍ 30 വരെ നീട്ടിയിരുന്നു. ആകാശ എയറും റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ വിവിധ നഗരങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂതികളുടെ ആക്രമണങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ ദിവസം റിയാദിലെ പ്രധാന ടവര്‍ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യെമനിലെ ഹൊദൈദ തുറമുഖം ആക്രമിക്കും എന്ന് സൗദി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സന, സാദ, തായിസ് എന്നീ ഗവര്‍ണറേറ്റുകളിലെ സൈനിക ലക്ഷ്യങ്ങളെയും ബാലിസ്റ്റിക് മിസൈല്‍ ശേഷികളെയും നശിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളെയും ഡ്രോണുകളെയും ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ സനയില്‍ സഖ്യസേന ഒരു സൈനിക നടപടി നടത്തിയതായി അല്‍ മാലിക്കി അറിയിച്ചു. യെമനിലെയും സൗദി അറേബ്യയിലെയും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുന്നതിനായി, ഭീഷണിയുയര്‍ത്തുന്ന കേന്ദ്രങ്ങളെ നശിപ്പിക്കാനും നിര്‍വീര്യമാക്കാനും ലക്ഷ്യമിട്ടായിരുന്നു ഈ സൈനിക നടപടി.
ഹൂതികളുടെ സൈനിക പ്രവര്‍ത്തനങ്ങളെ സഹായിച്ചിരുന്ന ഏഴ് നിയമാനുസൃത സൈനിക ലക്ഷ്യങ്ങളും, മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്ന ഏഴ് വര്‍ക്ക്ഷോപ്പുകളും തകര്‍ത്തു. ഹൂതികളുടെ പ്രധാന വിതരണ കേന്ദ്രങ്ങളിലൊന്ന് സഖ്യസേന നിര്‍വീര്യമാക്കിയതായി അല്‍ മാലിക്കി പറഞ്ഞു. അതേസമയം യെമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ സൗദി അറേബ്യയില്‍, ഹൂതികള്‍ തുടര്‍ച്ചയായി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരുന്നുണ്ട്.
സൈനിക കേന്ദ്രങ്ങളെയും ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നത്. ഇതില്‍ ദിവസേന 4,00,000 ബാരല്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ജസാന്‍ റിഫൈനറിയും ഉള്‍പ്പെടുന്നു. അതിനിടെ ഹൊദൈദ ആക്രമിച്ചാല്‍ റിയാദിലെ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ് ആക്രമിക്കും എന്ന് ഹൂതികളുടെ സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.
വിമാനക്കമ്പനികള്‍ സൗദി വ്യോമപാത ഒഴിവാക്കണം എന്നും ഹൂതികള്‍ പറഞ്ഞു. നേരത്തെ റിയാദിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിലെ ഒരു ടവറിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.





Click it and Unblock the Notifications
