ലുലു ഗ്രൂപ്പിന് മല്‍സരം കടുക്കും; സൗദിയില്‍ ചൈനീസ് കമ്പനിയുടെ ഉഗ്രന്‍ വരവ്, വിടാതെ ലുലു മക്കയിലും
റിയാദ്: യുഎഇയില്‍ തുടക്കമിട്ട് ലോക വ്യാപരമായി അതിവേഗം വളരുന്ന ചില്ലറ വില്‍പ്പന കമ്പനിയാണ് ലുലു ഗ്രൂപ്പ്. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിച്ച എംഎ യൂസഫലിയുടെ ലുലിവിന് പക്ഷേ, സൗദി അറേബ്യയില്‍ കടുത്ത മല്‍സരം നേരിടേണ്ടി വന്നേക്കും. ചൈനീസ് സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ വിമാര്‍ട്ട് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
അതിവേഗം കൂടുതല്‍ ഔട്ട് ലെറ്റുകള്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് വിമാര്‍ട്ട്. വിമാര്‍ട്ടിന്റെ വരവ് ഇതേ രംഗത്ത് നിറസാന്നിധ്യമായ ലുലുവിന് വെല്ലുവിളിയാകുക സ്വാഭാവികം. എന്നാല്‍ വിപണിയിലെ അപ്രമാദിത്വം നിലനിര്‍ത്താന്‍ ലുലു സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയാകും എന്നാണ് ഇനി അറിയേണ്ടത്. ലുലുവിന്റെ 250ാം സ്‌റ്റോര്‍ സൗദിയിലെ മക്കയില്‍ ശനിയാഴ്ച തുറക്കാനിരിക്കെയാണ് വിമാര്‍ട്ടിന്റെ വരവ്.

ലുലുവിന് സമാനമായ വളര്‍ച്ചയുടെ വഴി തന്നെയാണ് വിമാര്‍ട്ടിന്റെതും. യുഎഇയില്‍ തന്നെയാണ് വിമാര്‍ട്ടിന്റെയും തുടക്കം. ചൈനയിലെ വെന്‍സോയുവില്‍ നിന്നുള്ള ബിസിനസുകാരനായ സണ്‍ ജിയാന്‍ഷെങ് 2006ലാണ് ദുൂബായില്‍ തുടക്കം കുറിച്ചത്. ചെറിയ സ്ഥാപനമായി തുടങ്ങിയ വിമാര്‍ട്ടിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇന്ന് വാണിജ്യരംഗത്തെ പലതലങ്ങളിലായി നിറഞ്ഞു നില്‍ക്കുകയാണ് വിമാര്‍ട്ട്.
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍, ഫാമുകള്‍, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ് തുടങ്ങി എല്ലാ രംഗത്തും വിമാര്‍ട്ട് കൈവച്ചിട്ടുണ്ട്. റിയാദിലെ ഖുറൈസ് സ്‌ക്വയറിലാണ് വിമാര്‍ട്ടിന്റെ സൗദിയിലെ ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നിരിക്കുന്നത്. മറ്റു സൗദി നഗരങ്ങളിലും സമാനമായ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാനുള്ള പദ്ധതിയുണ്ട്. സ്വന്തം ഫാമില്‍ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളാണ് വിമാര്‍ട്ട് അവരുടെ ഹൈപ്പര്‍-സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിറ്റഴിക്കുന്നത് എന്ന് സൗദിയെ ചൈനീസ് അംബാസഡര്‍ ചാങ് ഹുവ പറഞ്ഞു.
സൗദി അറേബ്യന്‍ വിപണിയില്‍ കഴിഞ്ഞ കുറച്ചുകാലമായി ചൈനീസ് കമ്പനികള്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നുണ്ട്. ഇവിടേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ചൈനീസ് കമ്പനികള്‍ വര്‍ധിപ്പിച്ചത് യാത്രക്കാരുടെ എണ്ണം കൂടിയ പശ്ചാത്തലത്തിലാണ്. ഈ വേളയില്‍ തന്നെയാണ് വിമാര്‍ട്ട് സൗദിയുടെ തലസ്ഥാനത്ത് സാന്നിധ്യം അറിയിച്ചിരിക്കുന്നതും. ലുലുവിനെ മറികടക്കുക എന്ന വെല്ലുവിളിയാണ് സൗദിയില്‍ വിമാര്‍ട്ട് നേരിടേണ്ടി വരിക.
റിയാദിലെ സഹാറ മാളില്‍ കഴിഞ്ഞാഴ്ച പുതിയ ലുലു എക്‌സ്പ്രസ് സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 25000 ചതുരശ്ര അടിയിലുള്ള വിശാലമായ സ്റ്റോര്‍ ആണിത്. 500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ രാത്രി ഒരു മണി വരെ പ്രവര്‍ത്തിക്കുന്ന ലുലു എക്‌സ്പ്രസ് സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്.
വരുന്ന ശനിയാഴ്ച മക്കയിലെ ആദ്യ സ്റ്റോര്‍ തുറക്കുകയാണ് ലുലു റിട്ടൈല്‍. ഹറം പള്ളിക്കടുത്ത ജബല്‍ ഉമറിലെ ഇബ്രാഹിം അല്‍ ഖലീല്‍ സ്ട്രീറ്റിലാണ് സ്റ്റോര്‍ വരുന്നത്. ലുലുവിന്റെ ആഗോള തലത്തിലുള്ള 250ാം സ്‌റ്റോര്‍ ആയിരിക്കുമിത്. ലക്ഷക്കണക്കിന് തീര്‍ഥാടകരെ കൂടി ലക്ഷ്യമിട്ടാണ് മക്കയിലെ സ്‌റ്റോര്‍ ലുലു തുറക്കുന്നത്. ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങളാകും വില്‍ക്കുക എന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications