സൗദിയുടെ സംഘാടന ശേഷി സമ്മതിക്കണം; ജംറകളില്‍ എറിഞ്ഞത് 10 കോടി കല്ലുകള്‍... അവ എന്തുചെയ്തു?
റിയാദ്: ഇത്തവണ ഹജ്ജ് കര്‍മത്തില്‍ പങ്കെടുത്തത് 18.4 ലക്ഷം ഹാജിമാരാണ്. 15000ത്തോളം പേര്‍ക്ക് രേഖകള്‍ കൃത്യമല്ലാത്തത് കാരണം ഹജ്ജ് സാധ്യമായില്ല. ഹജ്ജിനായി ജിദ്ദയിലെത്തിയ തെലങ്കാനയിലെ ദമ്പതികളെ മടക്കി അയച്ചത് വലിയ വാര്‍ത്തയായിരുന്നു. 18 ലക്ഷത്തിലധികം വരുന്ന ഹാജിമാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ചെറിയ കാര്യമല്ല.
എന്നാല്‍ യാതൊരു പ്രയാസവുമില്ലാതെ എല്ലാവരും ഹജ്ജ് നിര്‍വഹിച്ചു. ഈ വേളയില്‍ ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എങ്ങനെയാണ് ഇത്രയും പേര്‍ക്ക് സൗകര്യം ഒരുക്കാന്‍ സൗദി അറേബ്യയ്ക്ക് സാധിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. സൗദിയുടെ എല്ലാ സംവിധാനങ്ങളും ഹജ്ജ് സീസണില്‍ മറ്റു ജോലികള്‍ മാറ്റിവച്ച് ഹജ്ജിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുക.

ഹാജിമാര്‍ ജംറകളില്‍ എറിയുന്ന കല്ലുകള്‍ എന്തു ചെയ്യുന്ന എന്ന ചോദ്യവും സ്വാഭാവികം. ഇത്തവണ 10 കോടി കല്ലുകളാണ് ജംറകളില്‍ എറിയാല്‍ എത്തിച്ചത്. മൂന്ന് ജംറകളാണുള്ളത്. ജംറത്തുല്‍ സുഗ്ര. ജംറത്തുല്‍ വുസ്ത, ജംറത്ുല്‍ അഖബ എന്നിവയാണവ. പ്രവാചകന്‍ ഇബ്രാഹീം പിശാചിനെ അകറ്റാന്‍ വേണ്ടി കല്ലെറിഞ്ഞത് സ്മരിച്ചാണ് ഹാജിമാര്‍ ഈ കര്‍മം നിര്‍വഹിക്കുന്നത്.
ഒരു ഹാജി 21 കല്ലുകളാണ് എറിയാന്‍ ഉപയോഗിക്കുക. മൂന്ന് ജംറകളില്‍ ഏഴെണ്ണം വീതം. ഈ കല്ലുകള്‍ ജംറകളില്‍ ഒരുക്കിയ 15 മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് വീഴും. ഇവിടെ നിന്ന് പ്രത്യേകം നിയോഗിക്കപ്പെട്ട ജോലിക്കാര്‍ ഈ കല്ലുകള്‍ ശേഖരിച്ച് വൃത്തിയാക്കും. പൊടിയെല്ലാം നീക്കി വെള്ളം ഉപയോഗിച്ച് കഴുകും. ശേഷം വാഹനത്തിലാക്കി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. അടുത്ത ഹജ്ജ് വരെ ഈ കേന്ദ്രത്തില്‍ സൂക്ഷിക്കുകയാണ് ചെയ്യുക.
വളരെ ചെറിയ കല്ലുകളാണ് ജംറകളില്‍ എറുയുന്നതിന് ഉപയോഗിക്കുക. ഹജ്ജ് സീസണില്‍ ഇവ ഹാജിമാര്‍ക്ക് എത്തിക്കുന്നതിന് വോളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ ഹാജിമാരുടെ യാത്ര സുഗമമാക്കാന്‍ 3000ത്തിലധികം ബസ് സര്‍വീസ് ഒരുക്കിയിരുന്നു. ഡ്രൈവറില്ലാത്ത ബസുകളുടെ സേവനവും എടുത്തുപറയേണ്ടതാണ്.
മലയാളി ഹാജിമാര്‍ 14ന് എത്തും
കേരളത്തില്‍ നിന്ന് ഹജ്ജിന് പോയ തീര്‍ഥാടകര്‍ ഈ മാസം 14 മുതല്‍ തിരിച്ചെത്തും. ആദ്യം പോയവര്‍ ആദ്യം തിരിച്ചെത്തുന്ന രീതിയിലാണ് മടക്ക യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ ഹാജിമാരെ സ്വീകരിക്കും. മന്ത്രി വി അബ്ദുറഹ്മാന്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതിന് ശേഷം മൂന്നാഴ്ചക്കകം എല്ലാ ഹാജിമാരും നാട്ടിലെത്തുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications