ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസുമായി സൗദി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
റിയാദ്: സൗദിയിലെ ഗാർഹിക തൊഴിലാളികൾക്ക് ആശ്വാസകരമായ നടപടിയുമായി ഭരണകൂടം. ഗാർഹിക തൊഴിലാളികൾക്ക് നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുന്ന പുതിയ പദ്ധതിയിലൂടെയാണ് സൗദി ഭരണകൂടത്തിന്റെ നടപടി. സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസും (സിഎച്ച്ഐ) ഇൻഷുറൻസ് അതോറിറ്റിയും (ഐഎ) ചേർന്നാണ് നാലിൽ കൂടുതൽ തൊഴിലാളികളുള്ള തൊഴിലുടമകൾക്ക് കീഴിലുള്ള വീട്ടുജോലിക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത്.
എല്ലാ വീട്ടുജോലിക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനും പോളിസിക്ക് കീഴിലുള്ള ആനുകൂല്യങ്ങളും കവറേജ് പരിധികളും ലഭിക്കുന്നതിനുമായി ആദ്യം ആരോഗ്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് അനുമതി നേടണം. എല്ലാ ഗുണഭോക്താക്കൾക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസും ഇൻഷുറൻസ് അതോറിറ്റിയും ഈ തീരുമാനം നടപ്പാക്കുന്നത്.

സമഗ്രമായ ആരോഗ്യ പരിരക്ഷ കൈവരിക്കുക, ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുക, ആരോഗ്യ ഇൻഷുറൻസ് കമ്പനികളെയും ആരോഗ്യ സേവന ദാതാക്കളെയും പ്രോത്സാഹിപ്പിക്കുക, പുതിയ സേവനങ്ങൾ നൽകുക, എല്ലാ മെഡിക്കൽ, നോൺ-മെഡിക്കൽ സ്പെഷ്യാലിറ്റികളിലും ഇൻഷുറൻസ് കമ്പനികളിലും ആരോഗ്യ പരിരക്ഷാ ദാതാക്കളിലും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്.
ഈ സ്‌കീമിൽ ആരോഗ്യ സംരക്ഷണം, പൊതുജനാരോഗ്യം, അത്യാഹിതങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് സൗദി കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് വക്താവ് വ്യക്തമാക്കി. പരിധിയില്ലാത്ത സന്ദർശനങ്ങളോടെയുള്ള എമർജൻസി ക്ലിനിക്ക് ചികിത്സ, വാക്‌സിനേഷനുകൾ, മെഡിക്കൽ ചെക്കപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ട്.
അതിനിടെ പുതുതായി ഗാര്‍ഹിക തൊഴില്‍ വിസകളില്‍ സൗദിയിൽ എത്തുന്ന തൊഴിലാളികൾക്ക് വേതന സുരക്ഷാ പദ്ധതിയും നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്നാണ് അറിയിച്ചിട്ടുള്ളത്. വീട്ടു ജോലിക്കാർ, വീട്ടു ഡ്രൈവർമാർ തുടങ്ങിയ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
നാലും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികലുള്ള വീട്ടുടമ 2025 ജനുവരി 1 മുതൽ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വേതനം വിതരണം ചെയ്യണം. 2025 ജൂലൈ ഒന്ന് മുതൽ മൂന്നും അതിൽ കൂടുതലും ഉള്ള ഗാർഹിക തൊഴിലാളികൾ, 2025 ഒക്ടോബർ ഒന്ന് മുതൽ രണ്ടും അതിൽ കൂടുതലും ഗാർഹിക തൊഴിലാളികൾ ഉള്ളവർ എന്നിങ്ങനെയാണ് ഡിജിറ്റല്‍ വാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യേണ്ട സമയപരിധി. 2026 ജനുവരിയോടെ മുഴുവൻ പേർക്കും ഇത് ബാധകമാകും.












Click it and Unblock the Notifications