അഫ്‌ഗാനിലെ പ്രകൃതി വാതക ശേഖരത്തിൽ കണ്ണുവച്ച് സൗദി കമ്പനി; 20 കോടി ഡോളർ നിക്ഷേപിക്കും..!

റിയാദ്: അഫ്‌ഗാനിസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിൽ എണ്ണയും പ്രകൃതിവാതകവും കണ്ടെത്തുന്നതിനും ഖനനം നടത്തുന്നതിനുമായി സൗദി അറേബ്യയിലെ ഡെൽറ്റ ഇന്റർനാഷണൽ എനർജി താലിബാൻ സർക്കാരിന്റെ ഖനന-പെട്രോളിയം മന്ത്രാലയവുമായി കരാറിൽ ഒപ്പുവച്ചു. തിങ്കളാഴ്‌ച ഒപ്പുവച്ച കരാർ, അന്താരാഷ്ട്ര തലത്തിൽ വലിയ തോതിൽ ഒറ്റപ്പെട്ടുനിൽക്കുന്ന താലിബാൻ ഭരണകൂടത്തിന് ലഭിക്കുന്ന പ്രധാന നിക്ഷേപ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

അഫ്‌ഗാനിസ്ഥാനിലെ മുൻ യുഎസ് പ്രത്യേക പ്രതിനിധിയായ സൽമയ് ഖലിൽസാദിന്റെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമായി. അതേസമയം, താലിബാൻ ഭരണകാലത്ത് ചൈനീസ് കമ്പനികളുമായി നേരത്തെ ഉണ്ടാക്കിയ രണ്ട് സമാന കരാറുകൾ പരാജയപ്പെട്ട ചരിത്രം നിലനിൽക്കുന്നതിനാൽ പുതിയ കരാറിന്റെ ഭാവിയെക്കുറിച്ച് ചില ആശങ്കകളും ഉയരുന്നുണ്ട്.

saudi arabia

ഡെൽറ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഷാഹർ അൽ-താഖിയും താലിബാൻ ഖനന-പെട്രോളിയം മന്ത്രി ഹിദായത്തുല്ല ബദ്രിയും ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്. അഫ്‌ഗാനിസ്ഥാന്റെ സാമ്പത്തിക കാര്യങ്ങളുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി അബ്‌ദുൽ ഗനി ബറാദർ, ദ അഫ്‌ഗാൻ ബാങ്ക് ഗവർണർ നൂർ അഹമ്മദ് ആഗ, ഇസ്ലാമിക് എമിറേറ്റിന്റെ വക്താവ് സബീഹുള്ള മുജാഹിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബറാദർ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ച പ്രസ്‌താവന പ്രകാരം, ഖുഷ്‌ക്-തിർപുൾ എണ്ണ മേഖലയിലെ ഖുഷ്‌ക് പ്രദേശത്തുള്ള ഏഴ് പ്രകൃതിവാതക ബ്ലോക്കുകളുടെ പര്യവേക്ഷണത്തിനും ഖനനത്തിനുമായി സൗദി കമ്പനി ആദ്യഘട്ടത്തിൽ 20 കോടി ഡോളർ നിക്ഷേപിക്കും. ഹെറാത്ത്, ബദ്ഗീസ് പ്രവിശ്യകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ എണ്ണമേഖല ഏകദേശം 22,000 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ്.

ഡെൽറ്റ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, സംയോജിത ഊർജ വികസന പദ്ധതിയിലൂടെ 25 വർഷത്തിനിടെ ഏകദേശം 5000 കോടി ഡോളറിന്റെ നിക്ഷേപം എത്തിക്കാൻ കഴിയുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് പര്യവേക്ഷണം, എണ്ണ-വാതക മേഖലയുടെ വികസനം, വാതക ഉപയോഗം, പൈപ്പ്‌ലൈൻ അടിസ്ഥാനസൗകര്യങ്ങൾ, അനുബന്ധ സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലായി 10 വർഷത്തിനുള്ളിൽ ഏകദേശം 6000 കോടി ഡോളറിന്റെ നിക്ഷേപ സാധ്യതയുണ്ടെന്നും കമ്പനി സൂചിപ്പിച്ചു.

2025ൽ, അമു ദര്യ എണ്ണമേഖലയിൽ ചൈനീസ് കമ്പനിയായ സിൻജിയാങ് സെൻട്രൽ ഏഷ്യ പെട്രോളിയം ആൻഡ് ഗ്യാസ് കമ്പനിയുമായി താലിബാൻ സർക്കാർ ഒപ്പുവച്ച 25 വർഷത്തെ എണ്ണ ഖനന കരാർ റദ്ദാക്കിയിരുന്നു. 2023ൽ ഒപ്പുവച്ച ഈ കരാർ താലിബാൻ ഭരണകാലത്ത് അഫ്‌ഗാനിസ്ഥാനിൽ ചൈന നടത്തിയ ഏറ്റവും വലിയ നിക്ഷേപമായിരുന്നു. എന്നാൽ കമ്പനി കരാറിലെ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാൻ കരാർ അവസാനിപ്പിച്ചത്.

ഇത്തരം കരാറുകൾ പരാജയപ്പെടുന്നത് താലിബാൻ ഭരണകാലത്ത് മാത്രം സംഭവിച്ച കാര്യമല്ല. മുൻ അഫ്ഗാൻ സർക്കാരുകളുടെ കാലത്തും സമാനമായ അനുഭവങ്ങളുണ്ടായിരുന്നു. 2011ൽ ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള ചൈന നാഷണൽ പെട്രോളിയം കോർപ്പറേഷനും അതിന്റെ അഫ്‌ഗാൻ സംയുക്ത പങ്കാളിയായ വതൻ ഗ്രൂപ്പും അന്നത്തെ അഫ്‌ഗാൻ സർക്കാരുമായി അമു ദര്യ എണ്ണമേഖല വികസിപ്പിക്കുന്നതിനായി 25 വർഷത്തെ കരാറിൽ ഒപ്പുവച്ചിരുന്നു.

എന്നാൽ ആ പദ്ധതിയും പിന്നീട് ലക്ഷ്യം കൈവരിക്കാതെ അവസാനിച്ചു. ഇത്തരം സാഹചര്യത്തിലാണ് സൗദി അറേബ്യയിലെ ഡെൽറ്റ എനർജി രംഗപ്രവേശം ചെയ്യുന്നത്. കമ്പനിയുടെ നിലവിലുള്ള പദ്ധതികളിൽ 'അഫ്‌ഗാനിസ്ഥാൻ ഇന്റഗ്രേറ്റഡ് ഗ്യാസ് ഡെവലപ്‌മെന്റ് പ്രോഗ്രാം' ഉൾപ്പെടുന്നു. അമു ദര്യ എണ്ണമേഖലയെ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതിയും.

'സെന്റ്ഗാസ്- സമൃദ്ധിയുടെ ഇടനാഴി' എന്ന പേരിലുള്ള മറ്റൊരു പദ്ധതിയിലൂടെ അഫ്‌ഗാനിസ്ഥാനെ മേഖലയിലെ പ്രധാനപ്പെട്ടതും ഒഴിവാക്കാനാകാത്തതുമായ ഊർജ ഗതാഗത രാജ്യമായി മാറ്റുകയാണ് ഡെൽറ്റ എനർജിയുടെ ലക്ഷ്യം. പുതിയ കരാറിലൂടെ അഫ്‌ഗാനിസ്ഥാനിലെ ഊർജമേഖലയിലേക്ക് വിദേശ നിക്ഷേപം എത്തിക്കാനും രാജ്യത്തിന്റെ ഊർജ ഗതാഗത സാധ്യതകൾ വികസിപ്പിക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+