യുഎഇയിൽ താപനില കുറയും; ആശ്വസിക്കാൻ വരട്ടെ, പൊടിക്കാറ്റിന് സാധ്യത, കടൽ പ്രക്ഷുബ്‌ധമാവും
അബുദാബി: യുഎഇയിൽ ഞായറാഴ്‌ച പൊടി നിറഞ്ഞ കാലാവസ്ഥ, കുറഞ്ഞ താപനില, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും പൊടിക്കാറ്റും കടലിലെ പ്രക്ഷുബ്‌ധമായ അവസ്ഥയും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എൻസിഎം ഞായറാഴ്‌ച ചില സമയങ്ങളിൽ പൊടി നിറഞ്ഞ അന്തരീക്ഷം പ്രവചിക്കുന്നു. കിഴക്കൻ മേഖലയിൽ മേഘങ്ങൾക്കും, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനിലയിൽ ശ്രദ്ധേയമായ കുറവിനും സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു. കാറ്റ് നേരിയതോ മിതമായതോ ആയിരിക്കുമെങ്കിലും ചിലപ്പോൾ ശക്തി പ്രാപിച്ച് പൊടിയും മണലും പേറിയെത്തും.

വടക്ക് പടിഞ്ഞാറ് മുതൽ തെക്ക് കിഴക്ക് ദിശയിൽ നിന്ന് 35 കി.മീ/മണിക്കൂർ വരെ വേഗത പ്രതീക്ഷിക്കുന്നു. അറേബ്യൻ ഗൾഫിൽ കടൽ മിതമായതോ, ചിലപ്പോൾ പ്രക്ഷുബ്ധമായോ കാണപ്പെടും; എന്നാൽ ഒമാൻ കടലിൽ നേരിയതോ മിതമായതോ ആയ തിരമാലകൾ മാത്രം പ്രതീക്ഷിക്കാം. എങ്കിലും ആളുകൾ ജാഗ്രത പുലർത്തുന്നത് നന്നാവും.
ഞായറാഴ്‌ച അബുദാബിയിലും ഷാർജയിലും താപനില 40 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്. ദുബായിൽ ഇത് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഉൾപ്രദേശങ്ങളിലെ ചൂട് കൂടുതലായിരിക്കും; അൽ ഐനിൽ 42 ഡിഗ്രിയും ലിവായിൽ 44 ഡിഗ്രിയും ചൂട് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥയിൽ വരും ദിവസങ്ങളിൽ കുറവുണ്ടാകുമോ എന്നത് വ്യക്തമല്ല.
എൻസിഎം നൽകുന്ന വിവരമനുസരിച്ച്, തിങ്കളാഴ്‌ചയും പൊടി നിറഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. താപനിലയിൽ വീണ്ടും കുറവുണ്ടാകാനും ചില പ്രദേശങ്ങളിൽ 40 കി.മീ/മണിക്കൂർ വരെ വേഗതയിൽ വടക്ക് പടിഞ്ഞാറൻ കാറ്റടിക്കാനും സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ കാറ്റ് വീശുമെന്നും, ഇത് ചിലപ്പോൾ സജീവമായി പൊടി ഉയർത്തുമെന്നും എൻസിഎം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ചൊവ്വാഴ്‌ചയും കാലാവസ്ഥയിൽ കാര്യമായ ആശങ്ക ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങൾ ഒന്നും തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ ഇല്ല.
ചൊവ്വാഴ്‌ച കാലാവസ്ഥയിൽ നേരിയ മാറ്റം വന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശത്തിന് സാധ്യതയുണ്ട്. അന്ന് താപനില ക്രമേണ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ ബുധനാഴ്‌ച വീണ്ടും പൊടി നിറഞ്ഞ കാലാവസ്ഥയും താപനില താഴുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശുകയും ചെയ്യും.












Click it and Unblock the Notifications