ബിഗ് ടിക്കറ്റിൽ വീണ്ടും ഇന്ത്യൻ പെരുമ; ഇത്തവണ ഒന്നല്ല രണ്ട് വിജയികൾ, 10 ലക്ഷം ദിർഹം വീതം ലഭിക്കും..!
ദുബായ്: ഇന്ത്യക്കാരുടെ ഭാഗ്യ വിളനിലമായി മാറിയിരിക്കുകയാണ് ബിഗ് ടിക്കറ്റ് എന്നത് പരസ്യമായ രഹസ്യമാണ്. ബിഗ് ടിക്കറ്റിന്റെ 283-ാം സീരീസ് നറുക്കെടുപ്പിൽ യുഎഇയിലെ രണ്ട് ഇന്ത്യൻ പ്രവാസികൾക്ക് ഒരു ദശലക്ഷം ദിർഹം വീതം സമ്മാനം ലഭിച്ചതോടെ ഇതിന് മാറ്റ് കൂടുകയാണ്. പതിവായി ഭാഗ്യം തേടി ടിക്കറ്റ് എടുക്കുന്നവർ ആയിരുന്നു ഈ വിജയികൾ എന്നതാണ് പ്രത്യേകത.
സമ്മാന വിവരമറിയിച്ചുള്ള കോൾ സന്തോഷ് കുമാർ അറ്റൻഡ് ചെയ്യാനുള്ള സാഹചര്യം ഇല്ലായിരുന്നെങ്കിലും അത് വിധിയുടെ നിയോഗം പോലെ തേടിയെത്തുകയായിരുന്നു. അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒന്നായിരുന്നു. 51-കാരനായ ഒരു കമ്പനിയിലെ ജനറൽ മാനേജറായി ജോലി ചെയ്യുന്ന സന്തോഷ് കുമാർ, ബിഗ് ടിക്കറ്റ് അധികൃതർ വിളിക്കുമ്പോൾ ജിമ്മിലായിരുന്നു.

അപരിചിത നമ്പർ കണ്ടപ്പോൾ ഇതൊരു തമാശയായിരിക്കും എന്ന് കരുതി. 1999-ൽ ഭോപ്പാലിൽ നിന്ന് അബുദാബിയിലെത്തിയ കുമാർ അഞ്ചു വർഷത്തിലേറെയായി വിശേഷാവസരങ്ങളിൽ ഒറ്റയ്ക്ക് ടിക്കറ്റുകൾ വാങ്ങുകയാണ് പതിവ്. 'ഇത് യാഥാർത്ഥ്യമാണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'മകളെക്കൊണ്ട് ഓൺലൈനിൽ പരിശോധിപ്പിച്ച ശേഷമാണ് വാർത്ത ഉൾക്കൊള്ളാനായത്' എന്നും അദ്ദേഹം പറയുന്നു. ഈ വിജയം അദ്ദേഹത്തിന് വലിയ സാധ്യതകളാണ് തുറന്ന് നൽകുന്നത്. പതിവ് ദിനചര്യകൾക്ക് വിപരീതമായി റിയൽ എസ്‌റ്റേറ്റ് നിക്ഷേപങ്ങളിലും ദീർഘകാല സാമ്പത്തിക ആസൂത്രണത്തിലും അദ്ദേഹം ശ്രദ്ധിക്കും.
അതുപോലെ തന്നെ ജനുവരി 8-ന് വാങ്ങിയ 148955 എന്ന ടിക്കറ്റിലൂടെ ജെൻസി റൂബയ്ക്കും ഒരു ദശലക്ഷം ദിർഹം ലഭിച്ചു. അപ്രതീക്ഷിതമായി ലഭിച്ച ഈ ഭാഗ്യം പുതുവർഷത്തിന് മികച്ച തുടക്കം നൽകിയെന്ന് ഇന്ത്യൻ പ്രവാസിനിയായ അവർ സന്തോഷത്തോടെ പറഞ്ഞു. വലിയ സമ്മാന നേട്ടം തന്നെയാണ് അവരെയും തേടി എത്തിയത്.
ഫെബ്രുവരി മാസത്തെ നറുക്കെടുപ്പുകൾ പ്രഖ്യാപിച്ചു
അതേസമയം, ഫെബ്രുവരി മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ. മാർച്ച് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 15 ദശലക്ഷം ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹം വീതം ആശ്വാസ സമ്മാനങ്ങളുമുണ്ടാകും. അതുകൊണ്ട് തന്നെ ഇക്കുറി ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുമെന്നാണ് കരുതുന്നത്.
സാധാരണഗതിയിൽ ഉള്ള പ്രതിവാര ക്യാഷ് നറുക്കെടുപ്പുകളും ഫെബ്രുവരിയിൽ തുടരും. ഈ മാസം നടക്കുന്ന നാല് നറുക്കെടുപ്പുകളിലായി ഓരോ ആഴ്‌ചയും നാല് വിജയികൾക്ക് 50,000 ദിർഹം വീതം സമ്മാനിക്കും. രാവിലെ 11 മണിക്ക് ബിഗ് ടിക്കറ്റിന്റെ യൂട്യൂബ് ചാനലിൽ ഈ പരിപാടികൾ തത്സമയം കാണാൻ സാധിക്കുമെന്നതാണ് കാര്യം.












Click it and Unblock the Notifications