പതിനെട്ടാമത്തെ വയസിൽ പ്രവാസി, 6 സഹോദരിമാരുടെ വിവാഹം നടത്തി; ഒടുവിൽ സുനിലിനെ തേടി 68 കോടിയുടെ ഭാഗ്യം!
ദുബായ്: യുഎഇ ലോട്ടറിയുടെ രണ്ടാം ഗ്രാൻഡ് പ്രൈസ് ജേതാവായതോടെ മലയാളിയായ സുനിൽ കുമാർ സദാശിവന്റെ ജീവിതം മാറിമറിയുകയാണ്. 52-കാരനായ സുനിലിന്റെ വിജയകഥ ഏതൊരു പ്രവാസി മലയാളിക്കും പ്രചോദനമാകുന്ന ഒന്നാണ്. സ്വന്തം സുഖത്തെക്കാൾ അധികം കുടുംബത്തിന്റെ സന്തോഷത്തിനായി യൗവനം തൃജിച്ച സുനിൽ കുമാറിനെ സംബന്ധിച്ച് ഈ നേട്ടം അത്രമേൽ വലിയ ഒന്നാണ്.
വെറും 18-ാം വയസിൽ, വലിയ പ്രതീക്ഷകളുമായാണ് സുനിൽ കേരളത്തിൽ നിന്ന് ജോലി തേടി വിദേശത്തേക്ക് പോയത്. ജീവിതത്തിലെ ഏറ്റവും നല്ല കുറച്ച് വർഷങ്ങൾ സ്വന്തം ഭാവിക്കല്ല, മറിച്ച് തന്റെ ആറ് സഹോദരിമാരുടെ വിവാഹവും അവരുടെ ജീവിതവും സുരക്ഷിതമാക്കുന്നതിനുമാണ് അദ്ദേഹം ചെലവഴിച്ചത്. അന്ന് പ്രതീക്ഷ മാത്രമായിരുന്നു തന്റെ സമ്പത്തെന്നും ആദ്യം സഹോദരിമാരുടെ ജീവിതം സുരക്ഷിതമാക്കണമെന്നുമായിരുന്നു ലക്ഷ്യമെന്നും സുനിൽ കുമാർ പറയുന്നു.

Image Courtesy: UAE Lottery
ആ ഉത്തരവാദിത്വം പൂർത്തിയാക്കിയ ശേഷമാണ് സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. 2006-ൽ വിവാഹിതനായ സുനിൽ മികച്ച തൊഴിൽ അവസരങ്ങൾ തേടിയാണ് യുഎഇയിലേക്ക് എത്തിയത്. പിന്നീട് ഇന്ത്യയിലേക്ക് മടങ്ങി ടൈൽ കോൺട്രാക്‌ടറായി ജോലി ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധി വീണ്ടും അദ്ദേഹത്തെ യുഎഇയിലേക്ക് മടക്കിക്കൊണ്ടുവന്നു. കഴിഞ്ഞ രണ്ട് വർഷമായി മെയിന്റനൻസ് ടെക്‌നീഷ്യനായാണ് അദ്ദേഹം ജോലി ചെയ്യുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. 12 വർഷത്തോളം സുനിലും ഭാര്യയും ഒരു കുഞ്ഞിനായി കാത്തിരുന്നു. നിരവധി ഫെർട്ടിലിറ്റി ചികിത്സകൾ നടത്തി, അതിനായി അവരുടെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും ചെലവഴിച്ചു. എന്നാൽ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. ഒടുവിൽ മകൾ ജനിച്ചതോടെയാണ് അതിനൊരു പരിഹാരമായതെന്ന് അദ്ദേഹം പറയുന്നു.
ഈ പ്രയാസകരമായ കാലഘട്ടങ്ങളിലെല്ലാം തന്റെ ഏറ്റവും വലിയ കരുത്ത് ഭാര്യയാണെന്നും സുനിൽ പറയുന്നു. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് ഞാൻ ആദ്യം സംസാരിക്കുന്നത് ഭാര്യയോടാണ്. ഞങ്ങൾ എല്ലാ പ്രതിസന്ധികളെയും ഒരുമിച്ച് നേരിട്ടു. അവൾ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല; എന്നായിരുന്നു സുനിൽ ഖലീജ് ടൈംസിനോട് പറഞ്ഞത്.
സാധാരണയായി മകളുടെയും ഭാര്യയുടെയും തന്റെതുമായ ജന്മദിന തീയതികൾ ഉപയോഗിച്ചാണ് സുനിൽ യുഎഇ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. ഇക്കുറി ബുധനാഴ്‌ച ജോലിക്ക് ശേഷം ഫലം പരിശോധിച്ചപ്പോൾ ചെറിയൊരു സമ്മാനം ലഭിച്ചിട്ടുണ്ടാകുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ കാത്തിരുന്നത് 30 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 68 കോടി രൂപ) ഗ്രാൻഡ് പ്രൈസായിരുന്നു.
എന്നാൽ ഈ സമ്മാനത്തുകയേക്കാൾ വിലപ്പെട്ടതായി അദ്ദേഹം കാണുന്നത് ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം കഴിയാമെന്നതാണ്. വർഷങ്ങളായി ജോലിയുടെ ഭാഗമായി കുടുംബത്തിൽ നിന്ന് അകന്നുനിൽക്കേണ്ടി വന്നു. ഭാര്യയ്ക്കും മകൾക്കും ഒപ്പമുള്ള ചെറിയ നിമിഷങ്ങൾ പോലും എനിക്ക് നഷ്‌ടമായി. ഇപ്പോൾ ഈ സമ്മാനം എനിക്ക് പണത്തേക്കാൾ വിലപ്പെട്ട ഒരു കാര്യം തിരികെ നൽകി, അത് കുടുംബത്തോടപ്പമുള്ള നിമിഷങ്ങളാണ്; സുനിൽ പറയുന്നു.
സമ്മാനത്തുക ഉപയോഗിച്ച് വീട് പണി പൂർത്തിയാക്കാനും, ഭാര്യയ്ക്കും മകൾക്കും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാനും, സമൂഹത്തിലെ പിന്നാക്കം നിൽക്കുന്ന കുട്ടികളെയും അർഹരായ ആളുകളെയും സഹായിക്കാനുമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. നാട്ടിലെത്തിയ ശേഷം ഒരു ചെറിയ സംരംഭം ആരംഭിക്കാനും അതിലൂടെ കൂടുതൽ ആളുകൾക്ക് സഹായമെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Click it and Unblock the Notifications