ആഗോള ടൂറിസം വികസന സൂചികയിൽ യുഎഇ 3 സ്ഥാനങ്ങൾ താഴോട്ട്; കാരണം പശ്ചിമേഷ്യയിലെ സംഘർഷം?

ദുബായ്: ലോക സാമ്പത്തിക ഫോറത്തിന്റെ 2026ലെ യാത്രാ ടൂറിസം വികസന സൂചികയിൽ യുഎഇ 119 രാജ്യങ്ങളുടെയും സമ്പദ് വ്യവസ്ഥകളുടെയും പട്ടികയിൽ 22ആം സ്ഥാനത്ത്. 2024നെ അപേക്ഷിച്ച് യുഎഇയുടെ സ്കോർ നേരിയ തോതിൽ ഉയർന്നെങ്കിലും റാങ്കിങ്ങിൽ മൂന്ന് സ്ഥാനങ്ങൾ താഴേക്ക് പോയി. എന്നാൽ യുഎഇയുടെ പ്രകടനം മോശമായതുകൊണ്ടല്ല റാങ്ക് താഴ്ന്നതെന്നും മറ്റ് രാജ്യങ്ങൾ കൂടുതൽ വേഗത്തിൽ മുന്നേറിയതാണ് ഇതിന് കാരണമെന്നും ലോക സാമ്പത്തിക ഫോറം വ്യക്തമാക്കി.

ഏഴിൽ 4.56 പോയിന്റാണ് യുഎഇ നേടിയത്. 2024നെ അപേക്ഷിച്ച് സ്കോർ 0.5 ശതമാനം ഉയർന്നു. 2019നെ അപേക്ഷിച്ച് 4.6 ശതമാനത്തിന്റെ പുരോഗതിയും രേഖപ്പെടുത്തി. അറബ് രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ളത് യുഎഇ തന്നെയാണ്. യുഎഇയ്ക്ക് തൊട്ടുപിന്നിൽ ഇതേ 4.56 പോയിന്റുമായി ഇന്തോനേഷ്യയുണ്ട്.

uae

ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളും ടൂറിസം രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തി. സൗദി അറേബ്യ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 29ആം സ്ഥാനത്തെത്തി. 4.45 പോയിന്റാണ് സൗദിക്ക് ലഭിച്ചത്. 2024നെ അപേക്ഷിച്ച് 3.4 ശതമാനം വളർച്ചയും 2019നെ അപേക്ഷിച്ച് 7.8 ശതമാനം വർധനയും രാജ്യത്തിന്റെ സ്കോറിലുണ്ടായി.

ഖത്തർ പത്ത് സ്ഥാനങ്ങൾ മുന്നേറി 47ആം സ്ഥാനത്തെത്തി. 4.22 പോയിന്റാണ് ഖത്തറിന് ലഭിച്ചത്. വാർഷിക അടിസ്ഥാനത്തിൽ ആറ് ശതമാനം വളർച്ചയാണ് ഖത്തർ രേഖപ്പെടുത്തിയത്. ബഹ്റൈൻ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി 55ആം സ്ഥാനത്തെത്തി. 4.11 പോയിന്റാണ് ലഭിച്ചത്. ഒമാൻ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 62ആം സ്ഥാനത്തെത്തി. കുവൈത്ത് രണ്ട് സ്ഥാനങ്ങൾ പിന്നോട്ട് പോയി 88ആം സ്ഥാനത്താണ്.

മധ്യപൂർവേഷ്യയും വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന മേഖലയുടെ ശരാശരി സ്കോർ 3.98 ആണ്. 2024നെ അപേക്ഷിച്ച് 2.5 ശതമാനമാണ് വളർച്ച. ഏഷ്യ പസഫിക് മേഖലയ്ക്ക് ശേഷം ഏറ്റവും വേഗത്തിൽ ടൂറിസം മത്സരക്ഷമത മെച്ചപ്പെടുത്തിയ മേഖലയാണിത്. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടുന്ന മധ്യപൂർവേഷ്യൻ ഉപമേഖലയുടെ ശരാശരി സ്കോർ 4.10 ആയിരുന്നു. വ്യോമഗതാഗത അടിസ്ഥാന സൗകര്യങ്ങളും വിവര സാങ്കേതിക സംവിധാനങ്ങളുടെ സജ്ജീകരണവുമാണ് ഈ മേഖലയിലെ പ്രധാന ശക്തികളെന്ന് ലോക സാമ്പത്തിക ഫോറം ചൂണ്ടിക്കാട്ടി.

എന്നാൽ 2026ൽ മധ്യപൂർവേഷ്യയിലെ സംഘർഷങ്ങൾ വ്യോമയാന മേഖലയെ പ്രതികൂലമായി ബാധിച്ചതായും റിപ്പോർട്ട് പറയുന്നു. ഫെബ്രുവരി അവസാനം മുതൽ മേഖലയിൽ സംഘർഷം രൂക്ഷമായതോടെ വ്യോമപാത അടച്ചിടലുകളും സുരക്ഷാ നിയന്ത്രണങ്ങളും ഉണ്ടായി. യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന വ്യോമയാന ഇടനാഴിയെ ഇത് ബാധിച്ചു. വിമാന യാത്രാ സമയം, ഇന്ധനച്ചെലവ്, വിമാന ടിക്കറ്റ് നിരക്ക്, യാത്രക്കാരുടെ ആത്മവിശ്വാസം എന്നിവയിലും ഇതിന്റെ പ്രത്യാഘാതമുണ്ടായി.

2026 ഏപ്രിലോടെ മധ്യപൂർവേഷ്യൻ വിമാനക്കമ്പനികൾ കൈകാര്യം ചെയ്‌ത യാത്രക്കാരുടെ തോത് മുൻവർഷത്തെ അപേക്ഷിച്ച് 46.6 ശതമാനം കുറഞ്ഞു. ഇതിന്റെ ഭാഗമായി ആഗോള വ്യോമഗതാഗതത്തിലും 3.4 ശതമാനം ഇടിവുണ്ടായി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള യാത്രാ മേഖലയുടെ തിരിച്ചുവരവ് ആരംഭിച്ചതിന് ശേഷം ആഗോളതലത്തിൽ രേഖപ്പെടുത്തിയ ആദ്യ ഇടിവായിരുന്നു ഇത്.

അതേസമയം 2026ലെ ആദ്യ പാദത്തിൽ ആഗോള അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവിൽ രണ്ട് ശതമാനം വളർച്ചയുണ്ടായി. എന്നാൽ ഈ കാലയളവിൽ വിനോദസഞ്ചാരികളുടെ വരവിൽ ഇടിവ് രേഖപ്പെടുത്തിയ ഏക മേഖല മധ്യപൂർവേഷ്യയായിരുന്നു. ആഗോള യാത്രാ ആവശ്യം ശക്തമായി തുടരുമ്പോഴും ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ടൂറിസം മേഖലയെ എത്രത്തോളം ബാധിക്കാമെന്നതിന്റെ സൂചനയാണിത്.

ടൂറിസം മേഖലയിലെ തൊഴിൽശേഷി വികസിപ്പിക്കുന്നതിൽ സൗദി അറേബ്യ സ്വീകരിച്ച നടപടികളെയും റിപ്പോർട്ട് പ്രത്യേകമായി ചൂണ്ടിക്കാട്ടി. 2019ന് ശേഷം മനുഷ്യവിഭവശേഷിയും തൊഴിൽ വിപണിയും എന്ന വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരോഗതിയാണ് സൗദി രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിഷൻ 2030 പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ മുന്നേറ്റത്തെ ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma