യുഎഇ എത്തിഹാദ് റെയിൽ; ദുബായിൽ മാത്രം 4 സ്‌റ്റേഷനുകൾ ഉണ്ടാവും, അബുദാബിയെയും തമ്മിൽ ബന്ധിപ്പിക്കും
ദുബായ്: യാത്രക്കാർ കാത്തിരിക്കുന്ന എത്തിഹാദ് റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന നാല് സ്‌റ്റേഷനുകൾ ദുബായിൽ മാത്രം ഉണ്ടാകുമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിൽ രണ്ട് സ്‌റ്റേഷനുകൾ അബുദാബി-ദുബായ് അതിവേഗ റെയിൽ സർവീസിനായി ഉപയോഗിക്കും. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലാണ് ആർടിഎ ഇക്കാര്യം അറിയിച്ചത്.
യുഎഇയുടെ എത്തിതിഹാദ് റെയിൽ പദ്ധതിയുടെ ഭാഗമായി ദുബായിൽ രണ്ട് സ്‌റ്റേഷനുകൾ ഉണ്ടാകുമെന്ന് ആർടിഎ ഡയറക്‌ടർ അൽ തായർ പറഞ്ഞു. ഇതിലൂടെ ദുബായെ യുഎഇയിലെ വിപുലമായ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കും. നിലവിൽ ദുബായിൽ എതിഹാദ് റെയിലിന്റെ പ്രധാന പാസഞ്ചർ സ്‌റ്റേഷനായ അൽ യലൈസ് സ്‌റ്റേഷൻ സെപ്റ്റംബർ 30ന് പ്രവർത്തനം ആരംഭിക്കാനിരിക്കുകയാണ്.

ഇതിന് പുറമെ മറ്റൊരു സ്‌റ്റേഷൻ കൂടി ഉണ്ടാകും. എന്നാൽ ആ സ്‌റ്റേഷന്റെ പേര് അൽ തായർ വെളിപ്പെടുത്തിയില്ല. ഇതിന് പുറമെ, ദുബായെയും അബുദാബിയെയും ബന്ധിപ്പിക്കുന്ന പ്രത്യേക അതിവേഗ റെയിൽ പദ്ധതിയും എതിഹാദ് റെയിൽ വികസിപ്പിക്കുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ദുബായിയിൽ രണ്ട് സ്‌റ്റേഷനുകൾ കൂടി സ്ഥാപിക്കും. ഒന്ന് അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും മറ്റൊന്ന് അൽ ജദ്ദാഫിലുമാണ് സ്ഥാപിക്കുക.
2032ലെ ദുബായ് റെയിൽ ശൃംഖലയുടെ മാപ്പിൽ അതിവേഗ റെയിൽ പ്രധാനമായും അൽ ഖൈൽ റോഡിലൂടെ റെഡ് മെട്രോ ലൈനിന് സമാന്തരമായി പോകുന്നതായി കാണിക്കുന്നുണ്ട്. യുഎഇയിലെ ഗതാഗത സംവിധാനത്തിന്റെ അടുത്ത തലമുറയായാണ് അതിവേഗ റെയിലിനെ കണക്കാക്കുന്നത്.
അബുദാബിയെയും ദുബായും ബന്ധിപ്പിക്കുന്ന അതിവേഗ പാസഞ്ചർ സർവീസ് രാജ്യത്തെ രണ്ട് പ്രധാന സാമ്പത്തിക കേന്ദ്രങ്ങൾ തമ്മിലുള്ള യാത്രാരീതിയിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.
പൂർണമായും വൈദ്യുതീകരിച്ച പ്രത്യേക റെയിൽ ശൃംഖലയിലൂടെയായിരിക്കും സർവീസ് നടക്കുക. ഇതോടെ അബുദാബിയിൽ നിന്ന് ദുബായിലെത്താനുള്ള യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയും. വേഗത, കാര്യക്ഷമത, രാജ്യത്തെ വിവിധ മേഖലകളുടെ ബന്ധം എന്നിവയിൽ പുതിയ നിലവാരം സൃഷ്‌ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എത്തിഹാദ് റെയിലിന്റെ ഈ ദേശീയ പദ്ധതികളെ ദുബായുടെ നിലവിലുള്ള റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നും അൽ തായർ പറഞ്ഞു. റെഡ്, ഗ്രീൻ, ബ്ലൂ മെട്രോ ലൈനുകൾക്ക് പുറമെ ഭാവിയിൽ പരിഗണിക്കുന്ന ഗോൾഡ് ലൈൻ ഉൾപ്പെടെയുള്ള പുതിയ റെയിൽ ലൈനുകളുമായും ഇവ ബന്ധിപ്പിക്കും.
പുതിയ സ്‌റ്റേഷനുകളിലൂടെ ദുബായുടെ വിവിധ ഭാഗങ്ങൾ തമ്മിൽ പരസ്‌പരം ബന്ധിപ്പിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കുന്നത്.
യുഎഇയിലെ വിവിധ നഗരങ്ങളെ ദുബൈയുമായി ബന്ധിപ്പിക്കുന്ന സമഗ്രമായ ഗതാഗത സംവിധാനം ഒരുക്കുക എന്നതാണ് മാസ്‌റ്റർ പ്ലാനിന്റെ ലക്ഷ്യമെന്ന് ആർടിഎ ഡയറക്‌ടർ പറഞ്ഞു. എത്തിഹാദ് റെയിൽ വരുന്നതോടെ യുഎഇയിലെ വിവിധ എമിറേറ്റുകളിലൂടെയുള്ള യാത്ര കൂടുതൽ സുഗമമാവും എന്നാണ് വിലയിരുത്തൽ.




Click it and Unblock the Notifications
