റമദാനെ വരവേൽക്കാൻ ഒരുങ്ങി യുഎഇ; ആരംഭം എപ്പോൾ? ഇത്തവണ നാല് ദിവസത്തെ പൊതു അവധിക്ക് സാധ്യത
ദുബായ്: മറ്റൊരു റമദാൻ കാലം കൂടി വന്നെത്തുമ്പോൾ യുഎഇ ഒന്നാകെ പ്രതീക്ഷയിലാണ്. വിശുദ്ധ നോമ്പിന്റെയും ആത്മീയ ചിന്തകളുടെയും ദാനധർമ്മങ്ങളുടെയും മാസമാണ് വരാനിരിക്കുന്നത്. ജ്യോതിശാസ്ത്രപരമായ പ്രവചനങ്ങൾ അനുസരിച്ച് ഫെബ്രുവരി പകുതിയോടെ റമദാൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ, പരമ്പരാഗതമായ രീതിയായ ചന്ദ്രക്കല ദർശനത്തിന് ശേഷമാകും ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം
ദുബായിലെ ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഹിജ്‌രി-ഗ്രിഗോറിയൻ തീയതി പരിവർത്തന പറയുന്നത് അനുസരിച്ച്, 2026 ഫെബ്രുവരി 17-നും 19-നും ഇടയിൽ റമദാൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ഐഎസിഎഡിയുടെ വിലയിരുത്തലുകൾ പ്രകാരം, ഫെബ്രുവരി 19-നാണ് നോമ്പ് തുടങ്ങിയേക്കും. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ചന്ദ്രക്കല നിരീക്ഷണത്തിന് ശേഷം മാത്രമേ ഉണ്ടാകൂ.

ഷാർജ അക്കാദമി ഫോർ അസ്ട്രോണമി, സ്പേസ് സയൻസസ് ആൻഡ് ടെക്നോളജി അടുത്തിടെ നടത്തിയ പ്രവചനം അനുസരിച്ച്, 2026 ഫെബ്രുവരി 19 വ്യാഴാഴ്‌ച തന്നെ വിശുദ്ധ മാസം ആരംഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. എന്നാൽ, മാസപ്പിറവി പ്രഖ്യാപനത്തോടെ യുഎഇ ചന്ദ്രക്കല നിരീക്ഷണ സമിതിയാണ് ഔദ്യോഗിക അറിയിപ്പ് നൽകുക.
ഇസ്ലാമിക കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാൻ, പ്രഭാതം മുതൽ പ്രദോഷം വരെ ഉപവസിച്ച് ആത്മീയ ചിന്തകളിലും ദാനധർമ്മങ്ങളിലും ഏർപ്പെട്ട് ആചരിക്കുന്നു. എല്ലാ ഹിജ്‌രി മാസങ്ങളെയും പോലെ, ചന്ദ്രക്കല ദർശനത്തിലൂടെയാണ് ഇതിന്റെ ആരംഭവും സ്ഥിരീകരിക്കുന്നത്.
ഇക്കുറി റമദാൻ എത്ര ദിനം?
റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കാമെന്നാണ് കരുതുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ചിരിക്കും ഇതിലെ സ്ഥിരീകരണമെന്ന് നേരത്തെ പറഞ്ഞല്ലോ. ദുബായിലെ ഐഎസിസിഎഡി പുറത്തിറക്കിയ ഏറ്റവും പുതിയ കലണ്ടർ പ്രകാരം, ഇത്തവണ റമദാൻ 29 ദിവസമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നായിരിക്കും ഈദ് അൽ ഫിത്ർ?
റമദാൻ അവസാനിക്കുന്നതോടെ വ്രതം പൂർത്തിയാക്കിയതിന്റെ ആഘോഷമായ ഈദ് അൽ ഫിത്ർ കടന്നുവരുന്നു. യുഎഇയിൽ, 2026-ലെ ഈദ് അൽ ഫിത്ർ മാർച്ച് 19 വ്യാഴാഴ്‌ച വൈകുന്നേരം ആരംഭിച്ച് മാർച്ച് 20 വെള്ളിയാഴ്‌ചവരെ നീളുമെന്നാണ് പ്രതീക്ഷ. ഇത് വർഷത്തിലെ ആദ്യത്തെ നീണ്ട വാരാന്ത്യത്തിന് വഴിതുറക്കും.
യുഎഇയിൽ അവധി എപ്പോൾ?
റമദാന് ശേഷമുള്ള ശവ്വാൽ മാസത്തിലെ ആദ്യ മൂന്ന് ദിവസങ്ങൾ യുഎഇ പൊതു അവധിയായി കണക്കാക്കുന്നു. റമദാൻ 29 ദിവസമോ 30 ദിവസമോ ആകുന്നത് അനുസരിച്ച് ഈ അവധിയുടെ ദൈർഘ്യം വർധിക്കാം. റമദാൻ 29 ദിവസമാണെങ്കിൽ, മാർച്ച് 20 വെള്ളിയാഴ്‌ച മുതൽ മാർച്ച് 22 ഞായറാഴ്‌ച വരെ (ശവ്വാൽ 1-3) അവധി ലഭിക്കും.
ശനി-ഞായർ വാരാന്ത്യക്കാർക്ക് ഇത് മൂന്ന് ദിവസത്തെ തുടർച്ചയായ അവധി നൽകും എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം. എന്നാൽ, റമദാൻ 30 ദിവസത്തേക്ക് നീണ്ടാൽ, മാർച്ച് 19 വ്യാഴാഴ്‌ചയും (റമദാൻ 30) അവധിക്ക് കൂട്ടിച്ചേർക്കപ്പെടും. ഇതോടെ വാരാന്ത്യം ഉൾപ്പെടെ നാല് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്.












Click it and Unblock the Notifications