യുഎഇയിൽ നിന്ന് സ്വർണം വാങ്ങാൻ നിന്നവർക്ക് തിരിച്ചടി; വില കൂടി, 22 കാരറ്റിന് കൊടുക്കേണ്ടത് എത്ര?
ദുബായ്: വാരാന്ത്യത്തിൽ മാറ്റമില്ലാതെ തുടർന്ന യുഎഇയിലെ സ്വർണവില ഇന്ന് രാവിലെ വീണ്ടും ഉയർന്നു. ഇതോടെ ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് കൂടുതൽ ചെലവ് വരുമെന്നാണ് കരുതുന്നത്. 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 488.50 ദിർഹമായി ഉയർന്നു. ഇന്നലെ ഇത് 487.25 ദിർഹം ആയിരുന്നു. അതേസമയം, 22 കാരറ്റ് സ്വർണത്തിന്റെ വില 451.25 ദിർഹത്തിൽ നിന്ന് 452.25 ദിർഹമായും വർധിച്ചു.
ഈ മാസം തുടക്കത്തിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 487.25 ദിർഹവും 22 കാരറ്റിന് 451.25 ദിർഹവുമായിരുന്നു വില. ഞായറാഴ്‌ചയും ഇതേ നിരക്ക് തുടർന്നെങ്കിലും ഇന്ന് വില ഉയർന്നു. ജൂലൈ 31-നുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്‌റ്റിലെ ആദ്യ മൂന്ന് ദിവസത്തിനിടെ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 3.25 ദിർഹവും 22 കാരറ്റിന് 3 ദിർഹവും വർധിച്ചിട്ടുണ്ട്.

ജൂലൈ മാസത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തിയത്. ജൂലൈ 5-ന് 24 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 503 ദിർഹം വരെ എത്തിയിരുന്നു. പിന്നീട് ജൂലൈ 16, 17 തീയതികളിൽ അത് 481.50 ദിർഹമായി കുറഞ്ഞു. ജൂലൈ 22-ന് വീണ്ടും 500.75 ദിർഹം വരെ ഉയർന്നെങ്കിലും മാസാവസാനത്തോടെ വില കുറഞ്ഞ് 485.25 ദിർഹത്തിൽ അവസാനിച്ചു.
22 കാരറ്റ് സ്വർണവും സമാനമായ രീതിയിലാണ് ജൂലൈയിൽ നീങ്ങിയത്. ജൂലൈ 5-ന് ഗ്രാമിന് 466 ദിർഹമായിരുന്ന വില ജൂലൈ 16, 17 തീയതികളിൽ 446 ദിർഹമായി താഴ്ന്നു. പിന്നീട് ജൂലൈ 22-ന് 463.75 ദിർഹം വരെ ഉയർന്നെങ്കിലും മാസാവസാനം 449.25 ദിർഹത്തിൽ എത്തിയ സാഹചര്യമായിരുന്നു. ഓഗസ്‌റ്റിലും ചാഞ്ചാട്ടം തുടരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേസമയം, അന്താരാഷ്ട്ര വിപണിയിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായി പുതിയ ചർച്ചകൾ തിങ്കളാഴ്‌ച ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സ്വർണവില ഉയർന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം കുറയുമെന്നും ഊർജവില മൂലമുള്ള പണപ്പെരുപ്പ സമ്മർദ്ദം ശമിക്കുമെന്നുമുള്ള പ്രതീക്ഷയാണ് വിപണിയെ സ്വാധീനിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് ഏകദേശം 4,070 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്. ജൂലൈയിൽ ഏകദേശം ഒരു ശതമാനം വിലവർധനയാണ് രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരിക്ക് ശേഷമുള്ള ആദ്യ പ്രതിമാസ വർധനയാണിത്. നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഏഴ് ശതമാനത്തിലേറെ ഇടിഞ്ഞ സാഹചര്യമാണ്.
അതേസമയം, അമേരിക്കൻ ഫെഡറൽ റിസർവിന്റെ തുടർനടപടികളിലേക്കും നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പശ്ചിമേഷ്യൻ സംഘർഷം കൂടിയാവുന്നതോടെ സ്വർണവിലയിൽ സ്ഥിരതക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതോടെ ഓഗസ്‌റ്റ് മാസത്തിലും സ്വർണത്തിന്റെ വിലയിൽ ചാഞ്ചാട്ടത്തിന് സാധ്യത ഉണ്ടായിരിക്കുകയാണ്.




Click it and Unblock the Notifications