യുഎഇ പ്രവാസികള്‍ക്ക് വന്‍ നേട്ടം; 47 കിലോ ബാഗേജ് കൊണ്ടുപോകാം, പുതിയ അറിയിപ്പുമായി എയര്‍ ഇന്ത്യ
ദുബായ്: യുഎഇ-ഇന്ത്യ യാത്രക്കാര്‍ക്ക് ബാഗേജില്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. യുഎഇ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സൗജന്യ ബാഗേജ് ആയി 30 കിലോ വരെ കൊണ്ടുപോകാം എന്നാണ് അറിയിപ്പ്. ഇന്ത്യന്‍ പ്രവാസികള്‍ക്ക് വലിയ നേട്ടമാകുന്നതാണ് ഈ തീരുമാനം.
ചെക്ക് ഇന്‍ ബാഗേജ് ആയി 30 കിലോയും കാബിന്‍ ബാഗേജ് ആയി 7 കിലോയും കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ 10 കിലോയും കൊണ്ടുപോകാം. അതായത്, കുട്ടി കൂടെയുണ്ടെങ്കില്‍ 47 കിലോ വരെ ബാഗേജ് സാധ്യമാകുമെന്ന് ചുരുക്കം. കാബിന്‍ ബാഗേജില്‍ രണ്ട് ബാഗുകള്‍ അനുവദിക്കും. ചിലര്‍ ലാപ്‌ടോപ് ഒരു ബാഗില്‍ കൊണ്ടുവരുന്നത് കൂടി പരിഗണിച്ചാണിത്...

രണ്ട് ബാഗുകള്‍ കാബിന്‍ ബാഗേജില്‍ അനുവദിക്കുമെങ്കിലും രണ്ടിന്റെയും മൊത്തം തൂക്കം 7 കിലോ മാത്രമേ വരാന്‍ പാടുള്ളൂ. സീറ്റിന് താഴെയോ കൈയ്യിലോ പിടിക്കാന്‍ പറ്റുന്ന ബാഗുകളായിരിക്കണം ഇവ. കുടുംബവുമായി ഒരുമിച്ചുള്ള യാത്രകളാണെങ്കില്‍ കുട്ടികള്‍ക്കായി 10 കിലോ കൂടി അധിക ചെക്ക് ഇന്‍ ബാഗേജ് അനുവദിക്കുമെന്നതും നേട്ടമാണ്.
അടുത്തിടെ ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ബാഗേജ് പരിധി എയര്‍ ഇന്ത്യ കൂട്ടിയിരുന്നു. 20 കിലോയില്‍ നിന്ന് 30 കിലോ ആക്കിയാണ് ഉയര്‍ത്തിയത്. ജനുവരി 15 മുതല്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നുണ്ട്. രണ്ട് ബാഗുകള്‍ ഇതിനായി ഉപയോഗിക്കാം. അതേസമയം, ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക്് മടങ്ങുന്നവര്‍ക്ക് നേരത്തെ 30 കിലോ ബാഗേജ് പരിധി ഉണ്ടായിരുന്നു.
ബാഗേജ് ഇല്ലാത്ത യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ നല്ലത് എക്‌സ്പ്രസ് ലൈറ്റ് വിമാന യാത്രയാണ്. സാധാരണ വിമാന ടിക്കറ്റിനേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും എക്‌സ്പ്രസ് ലൈറ്റില്‍. മൂന്ന് കിലോ കാബിന്‍ ബാഗേജും അനുവദിക്കും.
ലോകത്ത് ഏറ്റവും കൂടുതല്‍ തിരക്കേറിയ വിമാന യാത്ര റൂട്ടുകളിലൊന്നാണ് യുഎഇ-ഇന്ത്യ സര്‍വീസ്. ദശലക്ഷക്കണക്കിന് യാത്രക്കാരാണ് ഓരോ വര്‍ഷവും യുഎഇക്കും ഇന്ത്യയ്ക്കുമിടയില്‍ യാത്ര ചെയ്യുന്നത്. യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ 40 ലക്ഷത്തിന് മുകളില്‍ വരും.
മുംബൈ ഛത്രപതി വിമാനത്താവളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളത് ദുബായിലേക്കാണ്. മൂന്നാം സ്ഥാനത്താണ് അബുദാബി. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് 450 വാരാന്ത്യ സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്ന് പശ്ചിമേഷ്യയിലെ 13 ഇടങ്ങളിലേക്ക് എയര്‍ ഇന്ത്യ സര്‍വീസുണ്ട്.
പ്രതിദിന സര്‍വീസുകള്‍ 400ല്‍ അധികം വരും. ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 30 ശതമാനം സര്‍വീസുകള്‍ വര്‍ധിച്ചിട്ടുണ്ട്. 50 വിമാനത്താവളങ്ങളിലേക്ക് മൊത്തം സര്‍വീസുകള്‍ കൂട്ടാന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നുണ്ട്. അബുദാബി, ദമ്മാം, മസ്‌ക്കത്ത്, റാസല്‍ഖൈമ എന്നിവയെല്ലാം ഇതില്‍പ്പെടും. കൂടാതെ തായ്‌ലാന്റിലെ ബാങ്കോക്ക്, ഫുക്കറ്റ് എന്നിവയും ഈ പട്ടികയിലുണ്ട്.












Click it and Unblock the Notifications