ബുര്‍ജ് ഖലീഫയുടെ മുതലാളി യുഎഇ രാജാവല്ല!! നിര്‍മിച്ചത് 3 കമ്പനികള്‍ എങ്കിലും ഉടമ എമാര്‍ പ്രോപര്‍ട്ടീസ്
ദുബായ്: പകല്‍ വെളിച്ചത്തില്‍ 95 കിലോമീറ്റര്‍ അകലെ നിന്നുവരെ കാണാന്‍ സാധിക്കുന്ന ദുബായിലെ അംബര ചുംബിയാണ് ബുര്‍ജ് ഖലീഫ. എത്ര തവണ കണ്ടാലും പുതുമ നഷ്ടപ്പെടാത്ത ലോകത്തെ കൂറ്റന്‍ കെട്ടിടം. മൂന്ന് കമ്പനികള്‍ ചേര്‍ന്നാണ് ബുര്‍ജ് ഖലീഫ നിര്‍മിച്ചത്. എന്നാല്‍ ഇവരല്ല ഈ കൂറ്റന്‍ കെട്ടിടത്തിന്റെ ഉമടസ്ഥര്‍.
ദുബായ് ഭരണകൂടമാണ് ബുര്‍ജ് ഖലീഫയുടെ ഉമടസ്ഥര്‍ എന്ന് ചിലര്‍ വിശ്വസിക്കുന്നു. ഷാര്‍ജ ഭരണകൂടമാണ് എന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ 828 മീറ്റര്‍ ഉയരമുള്ള ഈ മനോഹരമായ കെട്ടിടത്തിന്റെ ഉടമകള്‍ യുഎഇയിലെ എമാര്‍ പ്രോപര്‍ട്ടീസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. ബുര്‍ജ് ഖലീഫയെ കുറിച്ചും എമാര്‍ പ്രോപ്പര്‍ട്ടീസിനെ കുറിച്ചുമുള്ള രസകരമായ കാര്യങ്ങള്‍ അറിയാം...

163 നിലകളുള്ള ബുര്‍ജ് ഖലീഫ ആഡംബരത്തിന്റെയും അഭിമാനത്തിന്റെ ചിഹ്നമായി യുഎഇ ഉയര്‍ത്തിക്കാട്ടുന്ന കെട്ടിടമാണ്. ബുര്‍ജ് ഖലീഫയുടെ നിര്‍മാണത്തോടെയാണ് ലോക സഞ്ചാര ഭൂപടത്തില്‍ ദുബായ് നിറയാന്‍ തുടങ്ങിയത്. അതിവേഗം മാറികൊണ്ടിരിക്കുന്ന യുഎഇയുടെ മുഖമാണ് ആറ് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ബുര്‍ജ് ഖലീഫ.
2004ലാണ് ബുര്‍ജ് ഖലീഫ നിര്‍മാണം തുടങ്ങിയത്. 2010ല്‍ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ട ഈ കെട്ടിടത്തിന്റെ യഥാര്‍ഥ ഉടമസ്ഥര്‍ എമാര്‍ പ്രോപര്‍ട്ടീസ് ആണ്. യുഎഇ കേന്ദ്രമായുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയാണിത്. മുഹമ്മദ് അലബ്ബാര്‍ ആണ് കമ്പനിയുടെ ചെയര്‍മാന്‍. ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ദുബായ് എന്ന യുഎഇയുടെ സോവറിങ് വെല്‍ത്ത് ഫണ്ടുമാണ് ഈ കമ്പനിയുടെ പ്രധാന രണ്ട് ഓഹരി ഉടമകള്‍.
ലോകത്തെ പ്രധാനപ്പെട്ട റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് എമാര്‍ പ്രോപര്‍ട്ടീസ്. ദുബായ് മാള്‍, ദുബായ് ക്രീക്ക് ടവര്‍, ദുബായ് ഫൗണ്ടയ്ന്‍ എന്നിവയ്ക്ക് പിന്നിലെല്ലാം ഈ കമ്പനി തന്നെയാണ്. എന്നാല്‍ കൂട്ടമായ പരിശ്രമത്തിലൂടെയാണ് ബുര്‍ജ് ഖലീഫ നിര്‍മിച്ചത്. മൂന്ന് കമ്പനികളായിരുന്നു ഇതിന് പിന്നില്‍. ദക്ഷിണ കൊറിയയിലെ സാംസങ് സി ആന്റ് ടി, ബെല്‍ജിയത്തിലെ ബെസിക്‌സ്, യുഎഇയിലെ അറബ്‌ടെക് എന്നിവയായിരുന്നു ആ കമ്പനികള്‍.
നോര്‍ത്ത് ഡെക്കോട്ടയിലെ കെവിഎല്‍വൈ-ടിവി ആയിരുന്നു ലോകത്തെ ഉയരമുള്ള കെട്ടിടം. ടൊറണ്ടോയിലെ സിഎന്‍ ടവര്‍ ആയിരുന്നു സ്വതന്ത്രമായി നില്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടം. ഈ രണ്ട് റെക്കോര്‍ഡുകളും ഒരുമിച്ച് തകര്‍ത്തായിരുന്നു ബുര്‍ജ് ഖലീഫയുടെ വരവ്. കൂടാതെ ഏറ്റവും കൂടുതല്‍ നിലകളുള്ള കെട്ടിടവും ഇന്ന് ബുര്‍ജ് ഖലീഫയാണ്. ഏറ്റവും കൂടുതല്‍ നിലകളില്‍ ആളുകള്‍ താമസിക്കുന്നു എന്ന പ്രത്യേകതയും ഈ കെട്ടിടത്തിനുണ്ട്.
യുഎഇയുടെ വഴിയേ സഞ്ചരിക്കുകയാണ് ജിസിസിയിലെ മറ്റു രാജ്യങ്ങളും. കുവൈത്തില്‍ കൂറ്റന്‍ കെട്ടിടത്തിന്റെ പണി പുരോഗമിക്കുകയാണ്. സൗദി അറേബ്യയിലും വരുന്നുണ്ട് കൂറ്റന്‍ ടവര്‍. എങ്കിലും ഇവയെല്ലാം ബുര്‍ജ് ഖലീഫയോളം വരുമോ എന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം. ആകാശം മുട്ടുന്ന കെട്ടിടങ്ങള്‍ നിര്‍മിച്ച് ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ യുഎഇ ഭരണാധികാരികളുടെ ഇച്ഛാശക്തി എല്ലാവരും ഒരുപോലെ സമ്മതിക്കുന്നതാണ്.












Click it and Unblock the Notifications