പ്രവാസികൾക്ക് ഹാപ്പി ന്യൂസ്..; വിരമിച്ചവർക്ക് 5 വർഷത്തെ യുഎഇ റെസിഡൻസി വിസ, ഈ നിബന്ധനകൾ പാലിക്കണം
ദുബായ്: യുഎഇയിൽ വിരമിച്ച പ്രവാസികൾക്ക് റസിഡൻസി വിസയും തിരിച്ചറിയൽ കാർഡും നൽകുന്നതിനുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി). മലയാളികൾ ഉൾപ്പെടെ പ്രവാസി ഇന്ത്യക്കാർക്ക് ഗുണകരമാവുന്ന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.
55 വയസും അതിൽ കൂടുതലുമുള്ള പ്രവാസികൾക്കായി 5 വർഷത്തെ റെസിഡൻസി വിസ നൽകുന്ന പദ്ധതിയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇനി മുതൽ ഐസിപി നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രവാസികൾക്ക് റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി ചില നിബന്ധനകൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്.

നിബന്ധനകൾ ഇങ്ങനെ:
അപേക്ഷിക്കുന്ന വ്യക്തി യുഎഇക്ക് അകത്തോ പുറത്തോ കുറഞ്ഞത് 15 വർഷമെങ്കിലും ജോലി ചെയ്‌തിരിക്കണം. വരുമാനത്തിലും സമ്പാദ്യത്തിലും ചില നിയന്ത്രണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞത് 1 ദശലക്ഷം ദിർഹം മൂല്യമുള്ള സ്വത്ത് ഉണ്ടായിരിക്കണം അല്ലെങ്കിൽ കുറഞ്ഞത് 20,000 ദിർഹം (അല്ലെങ്കിൽ ദുബായിൽ 15,000 ദിർഹം) പ്രതിമാസ വരുമാനം ഉള്ള ആളായിരിക്കണം. കൂടാതെ അവസാന ആറ് മാസത്തെ ബാങ്ക് സ്‌റ്റേറ്റ്മന്റ് കൂടി ഇതിനൊപ്പം ഹാജരാക്കേണ്ടി വരും.
ആദ്യഘട്ടത്തിൽ അഞ്ച് വർഷത്തെ റെസിഡൻസി വിസ ആയിരിക്കും അനുവദിക്കുക. തുടർന്ന് ഈ കാലാവധി പൂർത്തിയാക്കിയാൽ ഇതേ മാനദണ്ഡങ്ങൾ അനുസരിക്കുന്നുണ്ടെങ്കിൽ അപേക്ഷ പുതുക്കാനുള്ള സൗകര്യവുമുണ്ടാവും. ഐസിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാനുള്ള അവസരമാണ് പ്രവാസികൾക്ക് ലഭിക്കുക.
കൂടാതെ വിരമിച്ചവരെ ആകർഷിക്കാൻ ദുബായ് മറ്റൊരു പ്രത്യേക പദ്ധതി കൂടി അവതരിപ്പിച്ചിട്ടുണ്ട്. വിരമിച്ച വ്യക്തി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ, വിദേശ പൗരന്മാർക്കും അവരുടെ ജീവിതപങ്കാളികൾക്കും ആശ്രിതർക്കും പുതുക്കാവുന്ന 5 വർഷത്തെ റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാൻ ഈ പദ്ധതി അനുഭവിക്കുന്നു.
ഇതിനും മേൽപറഞ്ഞത് പോലെയുള്ള നിയന്ത്രണങ്ങൾ ബാധകമാണ്. 55 വയസ് കഴിഞ്ഞ വിരമിച്ച വ്യക്തികൾക്കാണ് ഈ പദ്ധതി വഴി അപേക്ഷിക്കാൻ കഴിയുക. വാർഷിക വരുമാനം കുറഞ്ഞത് 180,000 ദിർഹം അല്ലെങ്കിൽ പ്രതിമാസ വരുമാനം 15,000 ദിർഹം അല്ലെങ്കിൽ 3 വർഷത്തേക്ക് സ്ഥിര നിക്ഷേപത്തിൽ 1 ദശലക്ഷം ദിർഹം സാമ്പത്തിക ലാഭം എന്നിങ്ങനെയാണ് ഇതിനുള്ള ചില നിബന്ധനകൾ.
ആഗോള റിട്ടയർമെന്റ് ഹബ് എന്ന് വിശേഷിപ്പിക്കുന്ന യുഎഇ തങ്ങളുടെ നയത്തിന് കൂടുതൽ ഊന്നൽ നൽകാൻ ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികൾ അവതരിപ്പിക്കുന്നത്. യുഎഇയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന വിരമിച്ചവർക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നതിന് ലക്ഷ്യമിടുന്നു. വിരമിക്കലിന് ശേഷമുള്ള കാലയളവ് രാജ്യത്ത് ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications