യുഎഇ പാസ്‌പോര്‍ട്ട് കാലാവധി 10 വര്‍ഷമാക്കി വര്‍ധിപ്പിച്ചു, പൗരത്വം ലഭിച്ച മലയാളികള്‍ക്കും നേട്ടം
അബുദാബി: യുഎഇ പൗരന്മാരുടെ പാസ്‌പോര്‍ട്ട് കാലാവധി പത്ത് വര്‍ഷമാക്കി ഉയര്‍ത്തി. എമിറേറ്റ്‌സ് പാസ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അഞ്ച് വര്‍ഷമായിരുന്നു പാസ്‌പോര്‍ട്ടിന്റെ കാലാവധി. ജൂലായ് എട്ട് മുതല്‍ തീരുമാനത്തില്‍ പ്രാബല്യത്തില്‍ വന്നു.
എട്ട് മുതല്‍ അപേക്ഷിക്കുന്ന 21 വയസ്സോ അതിന് മുകളിലോ പ്രായമുള്ള പൗരന്മാര്‍ക്ക് പുതിയ സേവനം ലഭ്യമാകുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, കസ്റ്റംസ് ആന്‍ഡ് പോര്‍ട്‌സ് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു.

2024 മാര്‍ച്ചില്‍ യുഎഇ ക്യാബിനറ്റ് എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് നടപടി. യുഎഇ പൗരത്വം ലഭിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുടെ പാസ്‌പോര്‍ട്ടും തുല്യകാലയളവിലേക്ക് പുതുക്കും.
മബ്‌റൂക് മാ യാക് എന്ന പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷിച്ചാല്‍ നവജാത ശിശുക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി എന്നിവ ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും അറിയിച്ചു. അഞ്ച് വര്‍ഷം കൂടുമ്പോള്‍ പാസ്‌പോര്‍ട്ട് പുതുക്കുന്നതിലൂടെ ഉണ്ടാവുന്ന പൗരന്മാരുടെ സമയനഷ്ടം കുറയ്ക്കുന്നതിലാണ് കാലാവധി വര്‍ധിപ്പിച്ച് കൊണ്ടുള്ള നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്ന സമയത്ത് അവര്‍ക്ക് പത്ത് വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കും. പൗരന്‍മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള നടപടിയാണിതെന്ന് 26കാരിയായ ഫാത്തിമ അല്‍ ബലൂഷി പറഞ്ഞു. അടുത്തിടെ പാസ്‌പോര്‍ട്ട് 30 മിനുട്ടില്‍ താഴെ സമയം കൊണ്ടാണ് പാസ്‌പോര്‍ട്ട് പുതുക്കിയതെന്നും ഫാത്തിമ പറഞ്ഞു.
തന്റെയും കുടുംബത്തിന്റെയും പാസ്‌പോര്‍ട്ട് പുതുക്കല്‍ ഇതോടെ എളുപ്പമാകുമെന്ന് അല്‍ഐന്‍ സ്വദേശിനി കൂടിയായ ഫാത്തിമ പഫയുന്നു. ചിലപ്പോള്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ മറന്നുപോകാറുണ്ട്. എന്നാല്‍ പുതിയ തീരുമാനപ്രകാരം കൂടുതല്‍ സമയം അതിന് ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
അതേസമയം നിലവില്‍ കാലാവധിയുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്ന സമയത്താണ് പൗരന്‍മാര്‍ക്ക് പത്ത് വര്‍ഷം കാലാവധിയുള്ള പാസ്‌പോര്‍ട്ട് അനുവദിക്കുക. അതേസമയം പൗരന്‍മാര്‍ക്ക് നേരത്തെയുള്ള പാസ്‌പോര്‍ട്ടിലെ മുഴുവന്‍ പേജുകളും ഉപയോഗിച്ച് കഴിഞ്ഞതാണെങ്കിലും പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം.
യുഎഇ പൗരന്‍മാര്‍ക്ക് പത്ത് വര്‍ഷത്തേക്കുള്ള പാസ്‌പോര്‍ട്ട് ലഭ്യമാകാന്‍ നിരവധി ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ വഴി പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാം.
അടിയന്തരമായി പുതുക്കണമെങ്കില്‍ അബുദാബി, ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലെ പാസ്‌പോര്‍ട്ട് ഓഫീസുകളെ സമീപിക്കാം. ഇത് 24 മണിക്കൂറും തുറന്നിരിക്കും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് പത്ത് വര്‍ഷത്തെ പാസ്‌പോര്‍ട്ട് സേവനം യുഎഇ എംബസികളിലും കോണ്‍സുലേറ്റുകളിലും ലഭ്യമാവും.












Click it and Unblock the Notifications