പാക്കിസ്ഥാൻ സന്ദർശിച്ച് യുഎഇ പ്രസിഡന്റ്; സാമ്പത്തിക, ഊർജ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ തീരുമാനം
ലാഹോർ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനായി നിർണായക കൂടിക്കാഴ്‌ച നടത്തി. ഇരുരാജ്യങ്ങളുടെയും പരസ്‌പര താൽപ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട്, പുരോഗതിക്കും സമൃദ്ധിക്കും വഴിയൊരുക്കുന്ന നിലയിൽ സാമ്പത്തിക, നിക്ഷേപ, വികസന മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുന്നതിനാണ് ചർച്ചകളിൽ ഊന്നൽ നൽകിയത്.
ഷെയ്ഖ് മുഹമ്മദിന്റെ ഔദ്യോഗിക പാകിസ്ഥാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്‌ച നടന്നത്. ഈ സുപ്രധാന സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അധ്യായം തുറക്കുന്നെന്നും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താനുള്ള ഊഷ്‌മളമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിക്കുന്നതായും ഷെഹ്ബാസ് ഷെരീഫ് സ്വാഗതം അദ്ദേഹത്തെ സ്വാഗതം ചെയ്‌തുകൊണ്ട് ലോകത്തോട് വ്യക്തമാക്കി.

പ്രാദേശികവും അന്താരാഷ്ട്രീയവുമായ പൊതുതാൽപര്യ വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും തങ്ങളുടെ കാഴ്‌ചപ്പാടുകൾ പങ്കുവെച്ചു. പ്രാദേശികമായും ആഗോള തലത്തിലും സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെയും സംരംഭങ്ങളെയും പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.
തനിക്ക് ലഭിച്ച സ്വീകരണത്തിന് ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചു. യുഎഇയും പാകിസ്ഥാനും തമ്മിലുള്ള അഗാധമായ ബന്ധവും ശക്തമായ സാംസ്‌കാരികവും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന് പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഉണ്ടായിരുന്ന ദീർഘകാല പ്രതിബദ്ധതയും ഈ അവസരത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു.
സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സാങ്കേതികവിദ്യ തുടങ്ങിയ സുപ്രധാന വികസനോന്മുഖ മേഖലകളിൽ പാകിസ്ഥാനുമായുള്ള സഹകരണം കൂടുതൽ വികസിപ്പിക്കാനുള്ള യുഎഇയുടെ താൽപ്പര്യം ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ച് ഉറപ്പിച്ചുപറഞ്ഞു. അതുകൊണ്ട് തന്നെ ഇന്ത്യയും യുഎഇ-പാകിസ്ഥാൻ കൂടിക്കാഴ്‌ചയെ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്.
പ്രാദേശികവും അന്താരാഷ്ട്രീയവുമായ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ഏകോപനത്തിന്റെ പ്രാധാന്യവും ഷെയ്ഖ് മുഹമ്മദ് എടുത്തുപറഞ്ഞു. പാകിസ്ഥാന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നിലവിലുള്ള അംഗത്വം ലോകസമാധാനം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത ശ്രമങ്ങൾക്ക് വിലമതിക്കാനാവാത്ത അവസരം നൽകുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് സന്ദർശന വേളയിൽ ചൂണ്ടിക്കാട്ടി.
സഹകരണത്തിന്റെ നിലവിലുള്ള മേഖലകൾ, പുതിയ വഴികൾ, പ്രധാനപ്പെട്ട പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ച് ഇരു നേതാക്കളും ചെയ്‌തു എന്നാണ് സംയുക്ത പ്രസ്‌താവന പറയുന്നത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കന്നി പാകിസ്ഥാൻ സന്ദർശനം കൂടിയായിരുന്നു ഇത്.
സാമ്പത്തിക സഹകരണം, നിക്ഷേപം, ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, ഐടി, സാങ്കേതികവിദ്യ, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിവയിൽ സഹകരണം വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം' അവർ ഊന്നിപ്പറഞ്ഞു, കൂടാതെ ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലും അവർ യോജിച്ചുവെന്നാണ് പ്രസ്‌താവനയിൽ പറയുന്നത്.
കഴിഞ്ഞ വർഷം 10 ബില്യൺ ഡോളറിലധികം ഉഭയകക്ഷി വ്യാപാരം നടത്തിയ പാകിസ്ഥാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് യുഎഇ. മാത്രമല്ല ഏകദേശം 1.8 ദശലക്ഷം പാകിസ്ഥാൻ പ്രവാസികൾ ഇവിടെ താമസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. യുഎഇയിൽ ജോലി ചെയ്യുന്ന പാകിസ്ഥാനികളിൽ നിന്നുള്ള പണമയയ്ക്കൽ 2024ൽ ഏകദേശം 6.7 ബില്യൺ ഡോളറിലെത്തിയിരുന്നു, 2025ൽ ഇത് 7 ബില്യൺ കടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications