യുഎഇയിൽ മേഘാവൃതമായ അന്തരീക്ഷവും ശക്തമായ കാറ്റും; ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത
ദുബായ്: യുഎഇയിൽ ഇന്നും അസ്ഥിരമായ കാലാവസ്ഥ തന്നെ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മേഘാവൃതമായ അന്തരീക്ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് ഒപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അസ്ഥിരമായ സാഹചര്യങ്ങൾ അടുത്ത മൂന്ന് ദിവസവും തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ദുർബലമായ ഒരു ഉപരിതല ന്യൂനമർദ്ദവും ഉയർന്ന നിലയിലുള്ള മറ്റൊരു ന്യൂനമർദ്ദവും ചേർന്ന് രാജ്യത്തുടനീളം അന്തരീക്ഷ അസ്ഥിരത സൃഷ്‌ടിക്കുന്നതാണ് ഈ കാലാവസ്ഥാ മാറ്റങ്ങൾക്ക് കാരണമെന്ന് എൻസിഎം തങ്ങളുടെ ദൈനംദിന ബുള്ളറ്റിനിൽ വ്യക്തമാക്കി. ഈ പ്രതിഭാസം പല പ്രദേശങ്ങളിലും സ്വാധീനം ചെലുത്തും.

ഇന്ന് ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമോ പൂർണ്ണമായും മേഘാവൃതമോ ആയ ആകാശം പ്രതീക്ഷിക്കാം. തീരപ്രദേശങ്ങൾ, വടക്കൻ, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് കാരണമായേക്കാവുന്ന സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പകൽ താപനിലയിൽ നേരിയ വർധനവുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാറ്റ് ഇടത്തരമോ ശക്തമോ ആകാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് മേഘരൂപീകരണത്തെ തുടർന്ന് ഇത് കൂടുതൽ ശക്തിപ്പെടാം. ഇതേത്തുടർന്ന് പൊടിപടലങ്ങൾ ഉയരുകയും തുറന്ന പ്രദേശങ്ങളിൽ കാഴ്‌ചാപരിധി കുറയുകയും ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.
തീരപ്രദേശങ്ങളിലും ദ്വീപുകളിലും പകൽ താപനില 24-നും 29-നും ഇടയിലായിരിക്കും. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. പർവതപ്രദേശങ്ങളിൽ 13 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ താരതമ്യേന തണുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം പങ്കുവച്ച ബുള്ളറ്റിനിൽ വ്യക്തമാക്കി.
രാത്രിയിലെ ഏറ്റവും കുറഞ്ഞ താപനില തീരത്ത് 16-നും 20-നും ഇടയിലും ഉൾപ്രദേശങ്ങളിൽ 12-നും 17-നും ഇടയിലും പർവതങ്ങളിൽ 9 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് 15 മുതൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും, തീരപ്രദേശങ്ങളിൽ ഇത് മണിക്കൂറിൽ 45 കിലോമീറ്റർ വരെ ആഞ്ഞുവീശിയേക്കാം.
അറബിക്കടലിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. ചൊവ്വാഴ്‌ചയും ബുധനാഴ്‌ചയും കൂടി ഈ അസ്ഥിരമായ അവസ്ഥകൾ തുടരും. വടക്കൻ, തീരദേശ, കിഴക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും താപനിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്യും. ഈ ദിവസങ്ങളിൽ കടൽ കൂടുതൽ പ്രക്ഷുബ്ധമായേക്കാം.
വ്യാഴം, വെള്ളി ദിവസങ്ങളോടെ കാലാവസ്ഥ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിയെത്തും എന്നാണ് വിലയിരുത്തൽ. ഈ ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയോ ഭാഗികമായി മേഘാവൃതമായ ആകാശമോ ആയിരിക്കും. എന്നിരുന്നാലും, രാത്രിയിലും അതിരാവിലെയും ഉള്ള ഈർപ്പം തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും, പ്രത്യേകിച്ച് ആഴ്‌ചയുടെ അവസാനത്തിൽ, മൂടൽമഞ്ഞിനോ നേർത്ത മൂടലിനായോ കാരണമായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications