യുഎഇയിൽ ആകാശം ഇരുണ്ടുമൂടും; കനത്ത മൂടൽ മഞ്ഞിനുള്ള സാധ്യത, മഴ പെയ്തേക്കാമെന്ന് മുന്നറിയിപ്പ്
ദുബായ്: നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഇന്ന് വടക്കൻ, കിഴക്കൻ മേഖലകളിലെ ചില ഭാഗങ്ങളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും മഴയും ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. താപനിലയിൽ താൽക്കാലിക വർധനവിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ദിവസേനയുള്ള കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം, ഉൾ പ്രദേശങ്ങളിൽ വ്യാഴാഴ്‌ച രാത്രി മുതൽ വെള്ളിയാഴ്‌ച രാവിലെ വരെ ഈർപ്പമുള്ള അവസ്ഥ പ്രതീക്ഷിക്കുന്നു. കാറ്റ് തെക്ക്-പടിഞ്ഞാറ് നിന്ന് വടക്ക്-പടിഞ്ഞാറേക്ക് നേരിയതോ ഇടത്തരമോ ആയി വീശും. രാത്രിയിൽ കടലിൽ ഇത് മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ നിന്ന് 40 കി.മീ/മണിക്കൂർ വരെ ശക്തിപ്പെട്ടേക്കാം.

അറബിക്കടലിൽ കടൽ സാധാരണയായി നേരിയതോ ഇടത്തരമോ ആണെങ്കിലും, രാത്രി വൈകുമ്പോൾ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്‌ചയും രാജ്യത്ത് മേഘാവൃതമായ കാലാവസ്ഥ തുടരും, മഴയ്ക്കും താപനില ഗണ്യമായി കുറയാനും സാധ്യതയുണ്ട്. രാത്രിയിൽ ഈർപ്പം വർധിച്ച് ശനിയാഴ്‌ച രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
നിലവിലെ സാഹചര്യത്തിൽ അറബിക്കടൽ പ്രക്ഷുബ്ധമായി തുടരും, അതുപോലെ തന്നെ സമാനമായി ഒമാൻ കടലിൽ ചിലപ്പോൾ പ്രക്ഷുബ്ധതയുണ്ടാവാം. വാരാന്ത്യത്തോടെ കാലാവസ്ഥ മെച്ചപ്പെട്ട് ഞായറാഴ്‌ചയോടെ തെളിഞ്ഞ ആകാശവും ശാന്തമായ കടലുമായി മാറുമെന്നും എൻസിഎം പുറത്തുവിട്ട കാലാവസ്ഥാ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ശനിയാഴ്‌ചയോടെ കാലാവസ്ഥ തെളിഞ്ഞ് ഭാഗികമായി മേഘാവൃതമാകും. തീരദേശ, വടക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ കാണാം. രാത്രിയിലും ഞായറാഴ്‌ച രാവിലെയും ഉൾ മേഖലകളിൽ ഈർപ്പം തുടരും. മാത്രമല്ല ഈ പ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുമുണ്ട്. വടക്ക്-പടിഞ്ഞാറൻ കാറ്റ് നേരിയതോ ഇടത്തരമോ ആയി കടലിൽ ചിലപ്പോൾ ശക്തിപ്രാപിക്കും.
അറബിക്കടലിൽ കടൽ ഇടത്തരമോ പ്രക്ഷുബ്ധമോ ആകാം, ഒമാൻ കടലിൽ ഇടത്തരമോ നേരിയതോ ആയിരിക്കും. ഞായറാഴ്‌ച തെളിഞ്ഞ അല്ലെങ്കിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. രാത്രിയിലും തിങ്കളാഴ്‌ച രാവിലെയും ഈർപ്പമുള്ള അവസ്ഥയും നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കാറ്റിന്റെ വേഗത കുറയുകയും അറബിക്കടലിലും ഒമാൻ കടലിലും കടൽ ശാന്തമാവുകയും ചെയ്‌തേക്കും എന്നും എൻസിഎം അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം പലയിടത്തും കനത്ത രീതിയിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നു. എങ്കിലും ചൂടിന് കാര്യമായ ശമനമുണ്ട്. യുഎഇയിൽ നിലവിൽ "ദഫ്‌വത് അൽ തലാഅ" എന്നറിയപ്പെടുന്ന ഒരു അവസ്ഥയിലൂടെയാണ് കാലാവസ്ഥ കടന്നുപോവുന്നത്. ശൈത്യകാലത്ത് അനുഭവപ്പെടുന്ന താരതമ്യേന ചൂടുള്ള കാലാവസ്ഥയാണിത്.
ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെ നീണ്ടുനിൽക്കുന്ന "ദാർ അൽ സബീൻ" മാസത്തിന്റെ തുടക്കത്തോടൊപ്പമാണ് ഈ പ്രതിഭാസം സാധാരണയായി സംഭവിക്കാറുള്ളത്. ഈ കാലയളവിൽ, മുൻ ദിവസങ്ങളെ അപേക്ഷിച്ച് താപനില ഗണ്യമായി ഉയരുമെന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ചെറിയ രീതിയിൽ എങ്കിലും ആശ്വസിക്കാം.












Click it and Unblock the Notifications