യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്‌ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്‌ച മറയും
ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും വിവിധ തീവ്രതകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും ഇടവിട്ടുള്ള മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചില സമയങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് കൂടാതെ പൊടിക്കാറ്റും മണൽക്കാറ്റുമുണ്ടാക്കി കാഴ്‌ചയെ ബാധിക്കും.
രാജ്യത്ത് താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് പറയുന്നത്. അബുദാബിയിൽ 26 ഡിഗ്രിയും ദുബായിൽ 27 ഡിഗ്രിയും ആയിരിക്കും. മഴയെയും പൊടിക്കാറ്റിനെയും തുടർന്ന് രാജ്യത്തുടനീളം മഞ്ഞയും ഓറഞ്ചും മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. കുറഞ്ഞ താപനില അബുദാബിയിലും ദുബായിലും 19 ഡിഗ്രി വരെയും, മലയോര പ്രദേശങ്ങളിൽ 12 ഡിഗ്രി വരെയും എത്താം.

അബുദാബിയിൽ 45 ശതമാനം മുതൽ 90 ശതമാനം വരെയും ദുബായിൽ 40 ശതമാനം മുതൽ 80 ശതമാനം വരെയും ഈർപ്പം നിലനിൽക്കും. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും, മേഘാവൃതമായ സാഹചര്യങ്ങളിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് ചിലപ്പോൾ ശക്തമായേക്കും.
ഇന്നലെ യുഎഇയുടെ പല ഭാഗങ്ങളിലും വ്യാപകമായ മഴ ലഭിച്ചു. ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റുമുണ്ടായിരുന്ന ഈ മഴ താപനിലയിൽ കാര്യമായ കുറവുണ്ടാക്കി. പടിഞ്ഞാറ് നിന്ന് നീങ്ങിയെത്തിയ മേഘാവൃതമായ കാലാവസ്ഥാ സംവിധാനങ്ങളാണ് ഈ അസ്ഥിര സാഹചര്യങ്ങൾക്ക് കാരണം.
ഇത് പല പ്രദേശങ്ങളിലും മഴമേഘങ്ങൾ രൂപപ്പെടുന്നതിലേക്ക് നയിച്ചു. അബുദാബി, അൽ ദഫ്ര, അൽ ഐൻ, ദുബായ്, ഷാർജ, അജ്‌മാൻ, റാസൽഖൈമ എന്നിവിടങ്ങളിലടക്കം അതിരാവിലെ മുതൽ വിവിധ തീവ്രതകളിൽ മഴ ലഭിച്ചു. നിലവിലെ സാഹചര്യത്തിൽ വെള്ളിയാഴ്‌ച വരെ ഇടവിട്ടുള്ള മഴ തുടരുമെന്ന് എൻസിഎം പ്രവചിക്കുന്നു.
ഇന്ന് പടിഞ്ഞാറൻ, കിഴക്കൻ, തീരപ്രദേശങ്ങളെയും കടൽത്തീര ദ്വീപുകളെയും മഴ ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും, രാത്രിയോടെ മേഘങ്ങൾ വടക്കോട്ടും കിഴക്കോട്ടും അൽ ഐനിലേക്ക് നീങ്ങും. മറ്റൊരു മേഘസമൂഹം അബുദാബിയെയും അൽ ദഫ്രയെയും സമീപിച്ചേക്കാം. നാളെ പകൽ സമയങ്ങളിൽ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, രാത്രിയിൽ കിഴക്കൻ മേഖലകളിലും അൽ ഐനിലും മഴ ശക്തമാകും.
പിന്നീട് ക്രമേണ ഇത് കുറയും. വ്യാഴാഴ്‌ച രാവിലെ മഴയ്ക്ക് സാധ്യത കുറവാണെങ്കിലും പിന്നീട് കാലാവസ്ഥ മെച്ചപ്പെടും. എന്നാൽ, ഉച്ചതിരിഞ്ഞ് വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ വീണ്ടും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇത് രാത്രിയോടെ തീരപ്രദേശങ്ങളിലേക്കും പടിഞ്ഞാറൻ മേഖലകളിലേക്കും വ്യാപിച്ചേക്കാം.
അസ്ഥിരമായ കാലാവസ്ഥയിൽ, പ്രത്യേകിച്ച് മഴമേഘങ്ങൾ രൂപപ്പെടുമ്പോൾ, സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു. കാഴ്‌ച കുറഞ്ഞ സാഹചര്യങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കുകയും ഹെഡ്‌ലൈറ്റുകൾ ഓണാക്കുകയും വേണം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങൾ, താഴ്വരകൾ, തുറന്നതും ഉയർന്നതുമായ പ്രദേശങ്ങൾ എന്നിവ ഒഴിവാക്കണമെന്നും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications