യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വാരാന്ത്യം മഴയ്ക്ക് സാധ്യത, ഇന്ന് കൂടുതൽ മേഖലകളിൽ ആലിപ്പഴം കാണാമോ?
ദുബായ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം ആരംഭിക്കുന്ന മഴ ഞായറാഴ്‌ച വരെ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. എമിറേറ്റ്‌സിന്റെ കിഴക്കൻ, തെക്ക് ഭാഗങ്ങളിലാണ് കൂടുതലായി ഇന്ന് ചാറ്റൽമഴയ്ക്ക് സാധ്യതയുള്ളതെന്ന് നാഷണൽ സെന്റർ മെറ്റീരിയോളജി (എൻസിഎം) അറിയിക്കുന്നു.
വെള്ളിയാഴ്‌ച ഉച്ചയോടെ മഴയ്‌ക്കൊപ്പം ആലിപ്പഴം വീഴ്‌ചയും കൂടി ഉണ്ടായിരുന്നു. ഇതുവരെ വ്യക്തമല്ലെങ്കിലും കൂടുതൽ മേഖലകളിൽ ആലിപ്പഴം വീഴ്‌ചയ്ക്ക് സാധ്യത ഉണ്ടാവുമോ എന്നാണ് ചോദ്യം ഉയരുന്നത്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ഭാഗികമായി മേഘാവൃതമായ ആകാശം ദൃശ്യമാകും.

രാജ്യത്ത് കാറ്റ് 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ ആയിരിക്കും വീശുക, പക്ഷേ ചില ഘട്ടങ്ങളിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുകയും പൊടിപടലങ്ങൾ ഉണ്ടാകുകയും ചെയ്യാനുള്ള സാധ്യതയുമുണ്ട്.
അതിനിടെ അബുദാബിയുടെ ചില ഭാഗങ്ങളിൽ 47 ഡിഗ്രി സെൽഷ്യസും ദുബായിൽ 42 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരാം എന്നാണ് കണക്ക് കൂട്ടുന്നത്.
അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ നേരിയ തോതിൽ അനുഭവപ്പെടും. അതേസമയം സുഹൈൽ നക്ഷത്രത്തിന്റെ വരവും കാത്തിരിക്കുകയാണ് നിലവിൽ യുഎഇ നിവാസികൾ. കൊടും ചൂടിൽ ബുദ്ധിമുട്ടുന്ന ഇവിടുത്തുകാർക്ക് ഇതിന്റെ വരവ് വലിയ ആശ്വാസമാണ് നൽകുകയെന്നതാണ് യാഥാർഥ്യം.
ഉഷ്‌ണകാലത്തിന്റെ അവസാനത്തെയാണ് സുഹൈൽ നക്ഷത്രത്തിന്റെ വരവ് സൂചിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ആഗസ്‌റ്റ് 24ന് ആകാശത്തിൽ സുഹൈൽ നക്ഷത്രം ദൃശ്യമാകും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ നക്ഷത്രത്തെ കണ്ടു കഴിഞ്ഞാൽ പിന്നെ മുപ്പത് ദിവസത്തിനുള്ളിൽ യുഎഇയിൽ ശൈത്യകാലം ആരംഭിക്കും.
അതിനിടെ കഴിഞ്ഞ ദിവസം പെയ്‌ത മഴ രാജ്യത്ത് കൊടുംചൂടിൽപെട്ട് വലയുന്ന നിരവധി പേർക്കാണ് ആശ്വാസമായത്. നാഷണൽ സെന്റർ ഓഫ് മെറ്ററോളജി പറയുന്നത് പ്രകാരം അബുദാബി എമിറേറ്റിലെയും റാസൽ ഖൈമയിലെയും അൽ ഐനിൽ ശക്തമായ മഴയാണ് പെയ്‌തിരുന്നത്. ഇതിനിടയിൽ പലയിടത്തും ആലിപ്പഴ വീഴ്‌ചയും ഉണ്ടായിരുന്നു.
സംവഹന മേഘങ്ങൾ രൂപപ്പെടുന്നതിനാലും പുതിയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകുന്നതിനാലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇന്നലെ വൈകുന്നേരം 5 മണി മുതൽ രാത്രി 8 മണി വരെയാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നത്. ഇന്ന് ഇതുവരെ പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും തന്നെ വകുപ്പ് നൽകിയിട്ടില്ല.












Click it and Unblock the Notifications