യുഎഇ നിവാസികൾ അറിയാൻ; നാളെ മഴയ്ക്ക് സാധ്യത, മൂടൽമഞ്ഞ് തുടരും, താപനില 38 ഡിഗ്രി വരെയാവാം
ദുബായ്: യുഎഇയിൽ ഒക്ടോബർ 12ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കും ചില പ്രദേശങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ കിഴക്കൻ മേഖലകളിലും ഉൾപ്രദേശങ്ങളിലും മഴയ്ക്ക് അനുകൂലമായ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. അൽ ഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലും മറ്റ് ചില ഉൾപ്രദേശങ്ങളിലും മഴ ലഭിച്ചേക്കാം.
നാളെ രാത്രിയിലും ചൊവ്വാഴ്‌ച രാവിലെയും പടിഞ്ഞാറൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. ഇതോടൊപ്പം മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണം. നേരത്തെ തന്നെ യുഎഇയിൽ ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകൾ അധികാരികൾ നൽകിയിരുന്നതാണ്.

തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. ഇതുമൂലം പൊടിക്കാറ്റിനും സാധ്യതയുണ്ട്.
അബുദാബിയിൽ പരമാവധി താപനില 39 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 28 ഡിഗ്രി സെൽഷ്യസുമായിരിക്കും. ദുബായിൽ താപനില 38 ഡിഗ്രി വരെ ഉയരുകയും കുറഞ്ഞ താപനില 28 ഡിഗ്രിയായിരിക്കുകയും ചെയ്യും. ഷാർജയിൽ പരമാവധി 38 ഡിഗ്രിയും കുറഞ്ഞ താപനില 26 ഡിഗ്രിയുമായിരിക്കും.
അറേബ്യൻ ഗൾഫിൽ കടൽ പൊതുവേ ശാന്തമായിരിക്കും. ഒമാൻ കടലിൽ ശാന്തമായതോ മിതമായതോ ആയ അവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. നിലവിലെ സാഹചര്യത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യത ഇല്ല. അതുകൊണ്ട് തന്നെ താപനില പൂർണമായും കുറയാനും ഇടയില്ലെന്നാണ് വിലയിരുത്തൽ.
ഒക്ടോബർ 13 ചൊവ്വാഴ്‌ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ ഉച്ചയ്ക്കുശേഷം മഴയ്ക്ക് കാരണമാകുന്ന സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെ ഉയർന്നേക്കാം.
പ്രത്യേകിച്ച് മേഘങ്ങൾ രൂപപ്പെടുന്ന സമയത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉയർന്നേക്കാം. രാത്രിയിലും ബുധനാഴ്‌ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായിരിക്കും. പടിഞ്ഞാറൻ മേഖലകളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ അനുഭവപ്പെടാനും സാധ്യതയുണ്ട്.


Click it and Unblock the Notifications
