യുഎഇയില്‍ ഡിസംബര്‍ 1 മുതല്‍ ശൈത്യകാലം തുടങ്ങുന്നു; ഫെബ്രുവരി വരെ മഴയും മഞ്ഞും
യുഎഇയില്‍ ഡിസംബര്‍ 1 ന് ശൈത്യകാലം ആരംഭിക്കും എന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇതോടെ അന്തരീക്ഷ താപനില കുറയുകയും മഴയ്ക്കുള്ള സാധ്യത വര്‍ധിക്കുകയും ഉള്‍പ്രദേശങ്ങളില്‍ അതിരാവിലെ മൂടല്‍മഞ്ഞ് രൂപപ്പെടുകയും ചെയ്യും. ഈ ശൈത്യകാലം 2027 ഫെബ്രുവരി അവസാനം വരെ നീണ്ടുനില്‍ക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയര്‍മാനും അറബ് യൂണിയന്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് സ്പേസ് സയന്‍സസ് അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറയുന്നു.
മഞ്ഞുവീഴ്ച, മഴ, അല്ലെങ്കില്‍ മറ്റ് കാലാവസ്ഥാ ഘടകങ്ങളെക്കാള്‍ ഉപരിയായി, വാര്‍ഷിക താപനിലയിലെ വ്യതിയാനങ്ങളെ അടിസ്ഥാനമാക്കിയാണ് കാലാവസ്ഥാ ശാസ്ത്രപരമായ ഋതുക്കള്‍ നിര്‍ണയിക്കുന്നതെന്ന് അല്‍ ജര്‍വാന്‍ വിശദീകരിച്ചു. ഇത് കാലാവസ്ഥാ നിരീക്ഷകര്‍ക്ക് താപനിലയിലെ മാറ്റങ്ങള്‍ പഠിക്കാനും രേഖകള്‍ താരതമ്യം ചെയ്യാനും എളുപ്പമൊരുക്കുന്നു.

ഓരോ വര്‍ഷവും ആരംഭ തീയതിയില്‍ ചെറിയ മാറ്റങ്ങള്‍ വരാനിടയുള്ള ജ്യോതിശാസ്ത്രപരമായ ശൈത്യകാലത്തില്‍ നിന്ന് വ്യത്യസ്തമായി, കാലാവസ്ഥാ ശാസ്ത്രപരമായ ശൈത്യകാലം എല്ലാ വര്‍ഷവും ഒരേ തീയതിയിലാണ് ആരംഭിക്കുന്നത്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി എന്നീ മൂന്ന് കലണ്ടര്‍ മാസങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം, ഡിസംബര്‍ 22 ചൊവ്വാഴ്ച യുഎഇ സമയം പുലര്‍ച്ചെ 12:50-ന് വിന്റര്‍ സോള്‍സ്റ്റിസ് സംഭവിക്കുന്നതോടെയാണ് ജ്യോതിശാസ്ത്രപരമായ ശൈത്യകാലം ആരംഭിക്കുന്നത്. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തെയും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിനെയും അടിസ്ഥാനമാക്കിയാണ് ജ്യോതിശാസ്ത്രപരമായ ഋതുക്കള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്.
ഉത്തരധ്രുവാര്‍ദ്ധഗോളത്തില്‍ ശൈത്യകാലം ആരംഭിക്കുന്നത് വിന്റര്‍ സോള്‍സ്റ്റിസ് ദിനത്തിലാണ്. ഇത് അവസാനിക്കുന്നത് സ്പ്രിംഗ് ഇക്വിനോക്‌സ് ദിനത്തിലും. വിന്റര്‍ സോള്‍സ്റ്റിസ് ദിനത്തിലാണ് ഉത്തരധ്രുവാര്‍ദ്ധഗോളത്തില്‍ വര്‍ഷത്തിലെ ഏറ്റവും ചെറിയ പകലും ഏറ്റവും നീളമേറിയ രാത്രിയും അനുഭവപ്പെടുന്നത്. ഡിസംബര്‍ 21-ന് യുഎഇയുടെ മധ്യഭാഗങ്ങളില്‍ ഏറ്റവും നീളമേറിയ രാത്രിക്ക് ഏകദേശം 13 മണിക്കൂറും 28 മിനിറ്റും ദൈര്‍ഘ്യമുണ്ടാകും.
ഡിസംബറിലെ ശരാശരി കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയും, ശരാശരി കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കുമെന്ന് അല്‍ ജര്‍വാന്‍ ചൂണ്ടിക്കാട്ടി. ഈ ഋതുവിലെ ഏറ്റവും തണുപ്പേറിയ മാസമാണ് സാധാരണയായി ജനുവരി.
ഈ സമയത്ത് പകല്‍ സമയത്തെ ശരാശരി കൂടിയ താപനില 23 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയും, രാത്രിയിലെ കുറഞ്ഞ താപനില 12 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും. ഫെബ്രുവരിയില്‍ താപനിലയില്‍ നേരിയ വര്‍ധനവ് കണ്ടുതുടങ്ങും. ശരാശരി കൂടിയ താപനില 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 14 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയും ആയിരിക്കും.
ശൈത്യകാല മാസങ്ങളില്‍, പ്രത്യേകിച്ച് ഉള്‍നാടന്‍ പ്രദേശങ്ങളില്‍, അതിരാവിലെ മൂടല്‍മഞ്ഞ് ഉണ്ടാകുന്നത് പതിവായിരിക്കും. കൂടാതെ, മഴ ലഭിക്കാനുള്ള സാധ്യതയും വര്‍ധിക്കും. ഡിസംബറില്‍ ശരാശരി 15 മി.മീ മുതല്‍ 18 മി.മീ വരെ മഴ ലഭിക്കുമ്പോള്‍, ജനുവരിയിലും ഫെബ്രുവരിയിലും ഇത് 18 മി.മീ മുതല്‍ 24 മി.മീ വരെയായി വര്‍ധിക്കുന്നു.





Click it and Unblock the Notifications
