യുഎഇ നിവാസികൾ ശ്രദ്ധിക്കുക; പൊടിക്കാറ്റിന് സാധ്യത, ഭൂരിഭാഗം ഇടങ്ങളിലും തെളിഞ്ഞ ആകാശം കാണാം
ദുബായ്: യുഎഇയിൽ ഇന്ന് ഭൂരിഭാഗം മേഖലകളിലും തെളിഞ്ഞ ആകാശം തന്നെയായിരിക്കുമെന്നും, എങ്കിലും ചില മേഖലകളിൽ ഭാഗികമായി മേഘാവൃതമായി കാണാമെന്നും കാലാവസ്ഥാ മുന്നറിയിപ്പ്. യുഎഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പൊടിക്കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.
മണിക്കൂറിൽ 10-25 കി.മീ മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാം എന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ താപനില ഉയർന്നുതന്നെ നിൽക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അബുദാബിയിൽ 48 ഡിഗ്രി സെൽഷ്യസിനും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിനും മുകളിൽ താപനില ഉയരുമെന്നാണ് കരുതപ്പെടുന്നത്.

അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും തിരമാലകൾ നേരിയതോ മിതമായതോ ശക്തിയിൽ ആയിരിക്കും അടിക്കുക. ശനിയാഴ്‌ച മുതല്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ താപനില കുറയുമെന്നാണ് പ്രവചനം. ഇത് യുഎഇ നിവാസികൾക്ക് വലിയ ആശ്വാസമാകും.
ബുധനാഴ്‌ച അബുദാബിയില്‍ 44 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 41 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു താപനില രേഖപ്പെടുത്തിയിരുന്നത്. ഇതിൽ നിന്ന് താഴോട്ട് പോവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. കഴിഞ്ഞ പത്ത് ദിവസത്തിൽ അധികമായി യുഎഇയില്‍ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വെറ്റ്-ബള്‍ബ് ഗ്ലോബ് താപനില എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ദുബായിലെ താപനില മനുഷ്യ ജീവന് ഭീഷണിയായ നിലയിലേക്ക് ഉയര്‍ന്നിരുന്നു. ജൂലൈ 17ന് ദുബായിലെ താപനില 62 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഉയര്‍ന്ന ചൂടും ഈര്‍പ്പവും ഒരേ സമയം ഉണ്ടാകുന്ന കാലാവസ്ഥാ സാഹചര്യങ്ങള്‍ ഹാനികരമാവും എന്നാണ് വിലയിരുത്തൽ.
നേരത്തെ പകൽ ചൂട് 50 ഡിഗ്രിക്കു മുകളിലായ ഘട്ടത്തിൽ ഭരണകൂടം കർശന മുന്നറിയിപ്പുകൾ നൽകുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. ചൂടത്ത് പുറത്തിറങ്ങി നടക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും, ചൂടിനൊപ്പം അന്തരീക്ഷത്തിൽ പൊടിയുടെ സാന്നിധ്യവും കൂടുതൽ ആയതിനാൽ പരമാവധി പുറത്തിറങ്ങാതിരിക്കാനായിരുന്നു നിർദ്ദേശം.
പുറത്തിറങ്ങുന്ന സാഹചര്യത്തിൽ നിർബന്ധമായും സൺഗ്ലാസുകൾ ധരിക്കണമെന്നും മാസ്‌ക് ധരിക്കാൻ സാധിക്കുമെങ്കിൽ അതും ധരിക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കണം. അൾട്രാ വയലറ്റ് രശ്‌മികൾ നേരിട്ട് ശരീരത്തിൽ പതിക്കുന്നത് വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. പൊടിക്കാറ്റ് ശ്വാസകോശത്തെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിലും ശ്രദ്ധ വേണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.












Click it and Unblock the Notifications