യുഎഇയിൽ കാലാവസ്ഥ അസ്ഥിരം; വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത, പരമാവധി താപനില 49 ഡിഗ്രി വരെ!
യുഎഇ: യുഎഇയിലെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയറോളജി. കിഴക്കൻ, തെക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാലാണ് മഴയ്ക്ക് സാധ്യതയുള്ളത്.
ഓഗസ്‌റ്റ് 7 വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കാനിടയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചതാണ്. കിഴക്ക് ഭാഗത്ത് നിന്നുള്ള ഉപരിതല ന്യൂനമർദത്തിന്റെ സ്വാധീനവും ദുർബലമായ മുകളിലന്തരീക്ഷ ന്യൂനമർദത്തിന്റെ സ്വാധീനവും കാലാവസ്ഥയെ ബാധിക്കും. തെക്കുകിഴക്കൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് നേരിയതോ മിതമായതോ ആയ കാറ്റ് വീശും.

ചില സമയങ്ങളിൽ കാറ്റിന്റെ ശക്തി വർധിച്ച് പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. ചില സമയങ്ങളിൽ ഇത് 40 കിലോമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. യുഎഇയിലെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
ചില പ്രദേശങ്ങളിൽ കുറഞ്ഞ താപനില 26 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന നഗരങ്ങളായ ദുബായിൽ 45 ഡിഗ്രി സെൽഷ്യസും, അബുദാബിയിൽ 46 ഡിഗ്രി സെൽഷ്യസും, ഷാർജയിൽ 43 ഡിഗ്രി സെൽഷ്യസും വരെ ഉയർന്ന താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്. രാത്രിയിൽ ദുബായിൽ 34 ഡിഗ്രിയും, അബുദാബിയിലും ഷാർജയിലും 32 ഡിഗ്രി സെൽഷ്യസും വരെ താപനില താഴാനിടയുണ്ട്.
വാരാന്ത്യത്തിലും യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ശനിയാഴ്‌ച കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും പിന്നീട് ചില ഉൾപ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി ചില സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. കാറ്റിന്റെ ശക്തി കൂടാനും ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ട്.
ഞായറാഴ്‌ചയും സമാനമായ കാലാവസ്ഥ തുടരും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെട്ട് പിന്നീട് ഉൾപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കാം. ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശുന്നതിനാൽ പൊടിപടലങ്ങൾ ഉള്ള പ്രദേശങ്ങളിൽ കാഴ്‌ചപരിധി കുറയും.
തിങ്കളാഴ്‌ചയും, കിഴക്കൻ, തെക്കൻ മേഖലകളിലെ ചില പ്രദേശങ്ങളിൽ സംവഹന മേഘങ്ങളും പ്രാദേശിക മഴയ്ക്കുള്ള സാധ്യതയും തുടരും. എന്നാൽ ചൊവ്വാഴ്‌ചയോടെ കാലാവസ്ഥ കൂടുതൽ സ്ഥിരത കൈവരിക്കുമെന്നാണ് പ്രവചനം. രാജ്യത്തുടനീളം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശമായിരിക്കും.



Click it and Unblock the Notifications