ഇറാനെതിരെ യുഎസ് ഒരുങ്ങി ഇറങ്ങുന്നു; സൗദിയിലും ഖത്തറിലും കാവലിന് പാട്രിയറ്റ് മിസൈലുകൾ എത്തി!

ന്യൂയോർക്ക്: ഇറാനെതിരെ വീണ്ടും വലിയ തോതിലുള്ള സൈനിക നടപടികൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അമേരിക്ക സൗദി അറേബ്യയിലും ഖത്തറിലും രണ്ട് അധിക പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായി റിപ്പോർട്ട്. പ്രധാന എണ്ണ, പ്രകൃതിവാതക കേന്ദ്രങ്ങളുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിവരം.

അമേരിക്കൻ വാർത്താ വെബ്സൈറ്റായ ആക്‌സിയോസ് രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും ഒരു പ്രാദേശിക സ്രോതസിനെയും ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇറാനെതിരെ അമേരിക്ക വീണ്ടും വലിയ തോതിലുള്ള ആക്രമണം നടത്തിയാൽ സൗദിയിലെയും ഖത്തറിലെയും ഊർജ അടിസ്ഥാന സൗകര്യങ്ങൾ ഇറാന്റെ തിരിച്ചടിക്ക് വിധേയമാകുമെന്ന ആശങ്ക ഇരു രാജ്യങ്ങളിലെയും നേതാക്കൾ അമേരിക്കയെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ വിന്യാസമെന്നാണ് റിപ്പോർട്ട്.

patriot

ഒരു പാട്രിയറ്റ് സംവിധാനം സൗദി അറേബ്യയിലെ പ്രധാന എണ്ണ കേന്ദ്രത്തിന്റെ സംരക്ഷണത്തിനായാണ് വിന്യസിച്ചിരിക്കുന്നത്. മറ്റൊന്ന് ഖത്തറിലെ പ്രകൃതിവാതക കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് മേഖലയിലെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണ സാധ്യതയെ അമേരിക്ക ഗൗരവമായി കാണുന്നതിന്റെ സൂചന കൂടിയാണ് ഈ നീക്കം.

ഇറാനെതിരെ ഊർജ മേഖലയെ ലക്ഷ്യമിട്ട് വലിയ ആക്രമണം നടത്തുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആലോചിച്ചിരുന്ന സമയത്ത് സൗദി, ഖത്തർ നേതാക്കൾ അതിനെതിരെ ഇടപെട്ടിരുന്നതായും ആക്‌സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ തിരിച്ചടി തങ്ങളുടെ എണ്ണ, പ്രകൃതിവാതക കേന്ദ്രങ്ങളെ ബാധിക്കുമെന്ന ഇരു രാജ്യങ്ങളുടെയും ആശങ്കയായിരുന്നു ഇതിന് പിന്നിൽ.

ഗൾഫ് മേഖലയിലെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന വലിയ ആക്രമണം ആഗോള ഊർജ വിതരണത്തെയും ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. പ്രധാന സമുദ്രപാതകളിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെടുകയാണെങ്കിൽ ആഗോള വിപണിയിൽ എണ്ണവിലയിലും മറ്റ് ഊർജ ചെലവുകളിലും കൂടുതൽ സമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അതേസമയം, അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളിലെ സംഭരണശേഷിയിലും സമ്മർദ്ദം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇറാനുമായുള്ള സംഘർഷത്തിനിടെ പാട്രിയറ്റ് സംവിധാനങ്ങളും പ്രത്യേകിച്ച് അതിലെ മിസൈൽ പ്രതിരോധ ആയുധങ്ങളും വ്യാപകമായി ഉപയോഗിച്ചതിനെ തുടർന്ന് അമേരിക്കയുടെ പാട്രിയറ്റ് ഇന്റർസെപ്റ്റർ ശേഖരം 1000ൽ താഴെയായിരിക്കാമെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്‌റ്റഡീസിന്റെ വിലയിരുത്തലിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.

മിഡിൽ ഈസ്‌റ്റിലെ സൈനിക സാന്നിധ്യവും അമേരിക്ക വർധിപ്പിക്കുന്നുണ്ട്. കൂടുതൽ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും സൈനികരെയും മേഖലയിലേക്ക് അയച്ചുവരികയാണ്. ആയിരക്കണക്കിന് അമേരിക്കൻ നാവികസേനാ സൈനികരെ വഹിക്കുന്ന മാക്കിൻ ഐലൻഡ് ആംഫിബിയസ് റെഡി ഗ്രൂപ്പും മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്.

പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം എന്താണ്?

വിമാനങ്ങൾ, ക്രൂസ് മിസൈലുകൾ, തന്ത്രപ്രധാന ബാലിസ്‌റ്റിക് മിസൈലുകൾ തുടങ്ങിയ ആകാശ ഭീഷണികളിൽ നിന്ന് സൈനികരെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കാൻ അമേരിക്കയും സഖ്യരാജ്യങ്ങളും ഉപയോഗിക്കുന്ന ഭൂതല മിസൈൽ പ്രതിരോധ സംവിധാനമാണ് പാട്രിയറ്റ്.

റഡാർ, നിയന്ത്രണ കേന്ദ്രം, മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ എന്നിവയാണ് പാട്രിയറ്റ് സംവിധാനത്തിന്റെ പ്രധാന ഘടകങ്ങൾ. ഇതിലെ ഏറ്റവും പുതിയ പിഎസി 3 എംഎസ്ഇ പ്രതിരോധ മിസൈൽ നേരിട്ട് ഇടിച്ചുതകർക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. രണ്ട് ഘട്ടങ്ങളുള്ള സോളിഡ് റോക്കറ്റ് മോട്ടോർ ഉപയോഗിക്കുന്ന ഈ മിസൈലിന് മുൻ പതിപ്പുകളേക്കാൾ കൂടുതൽ ദൂരത്തിലും ഉയരത്തിലും സഞ്ചരിക്കാനും ലക്ഷ്യത്തെ നേരിടാനും കഴിയും.

ഒരു പാട്രിയറ്റ് ഫയർ യൂണിറ്റിൽ സാധാരണയായി മൾട്ടിഫങ്ഷൻ റഡാർ, എൻഗേജ്മെന്റ് കൺട്രോൾ സ്‌റ്റേഷൻ, മിസൈൽ ലോഞ്ചറുകൾ എന്നിവ ഉൾപ്പെടും. സംവിധാനത്തിന്റെ ഘടന അനുസരിച്ച് ഒരു ലോഞ്ചറിൽ പരമാവധി 12 പിഎസി 3 എംഎസ്ഇ ഇന്റർസെപ്റ്ററുകൾ വരെ വഹിക്കാനാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma