യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം; മൂടൽമഞ്ഞും, വാഹനം ഓടിക്കുന്നവർ സൂക്ഷിക്കുക
ദുബായ്: യുഎഇയിലെ ചില പ്രദേശങ്ങളിൽ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വാരാന്ത്യത്തിൽ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കുന്നതിനാൽ തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും മൂടൽമഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്. പുലർച്ചെ സമയങ്ങളിൽ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ഉൾപ്പെടെയുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
നവംബർ 20 വെള്ളിയാഴ്ച ആകാശം ഭാഗികമായി മേഘാവൃതം മുതൽ പൂർണമായും മേഘാവൃതം വരെയാകാൻ സാധ്യതയുണ്ട്. വടക്കൻ, തീരപ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും.

ചില സമയങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാം. അറേബ്യൻ ഗൾഫിൽ കടൽ പൊതുവെ ശാന്തം മുതൽ മിതമായ നിലയിലായിരിക്കും. എന്നാൽ വടക്കൻ മേഖലകളിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. നവംബർ 21 ശനിയാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമാകാം.
വടക്കൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കും. ഇതുമൂലം തീരപ്രദേശങ്ങളിലെയും ഉൾനാടൻ മേഖലകളിലെയും ചില ഭാഗങ്ങളിൽ നേരിയ മഞ്ഞ് രൂപപ്പെടാം. കാറ്റിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്റർ വരെയാകാം. വടക്കൻ അറേബ്യൻ ഗൾഫിൽ ചില സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
നവംബർ 22 ഞായറാഴ്ചയും ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച പുലർച്ചെയുമായി ഈർപ്പം വർധിക്കുന്നതിനാൽ തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലും മൂടൽമഞ്ഞോ നേരിയ മഞ്ഞോ അനുഭവപ്പെടാം. കാറ്റിന്റെ വേഗം മണിക്കൂറിൽ 35 കിലോമീറ്റർ വരെയാകാം. അറേബ്യൻ ഗൾഫിൽ കടൽ ശാന്തം മുതൽ മിതമായ നിലയിലും ഒമാൻ കടലിൽ പൊതുവെ ശാന്തമായ നിലയിലുമായിരിക്കും.
നവംബർ 23 തിങ്കളാഴ്ച യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. പ്രത്യേകിച്ച് വടക്കൻ, കിഴക്കൻ മേഖലകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. ഈ പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായിരിക്കും. രാത്രിയിൽ അന്തരീക്ഷത്തിലെ ഈർപ്പം വർധിക്കാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച പുലർച്ചെ രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞോ നേരിയ മഞ്ഞോ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മേഖലയെ ബാധിക്കുന്ന അന്തരീക്ഷ മർദ വ്യതിയാനങ്ങളാണ് കാലാവസ്ഥയിലെ ഈ മാറ്റങ്ങൾക്ക് കാരണമായി കണക്കാക്കുന്നത്. ഈ ദിവസങ്ങളിൽ ഇടയ്ക്കിടെ കാറ്റിന്റെ വേഗം വർധിക്കുമെന്നും ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്തുമെന്നും എൻസിഎം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications
