യുഎഇ മാറുകയാണ്, ആദ്യമായി മിസ് യൂണിവേഴ്‌സ് പോരാട്ടത്തിന് ആളെ ഇറക്കുന്നു; അതും 3 കുട്ടികളുടെ അമ്മയെ..!
ദുബായ്: യുഎഇയും ഗൾഫ് രാജ്യങ്ങളും മാറ്റത്തിന്റെ പാതയിലാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി. ഇപ്പോഴിതാ ഈ മാറ്റാതെ സാധൂകരിക്കുന്ന വലിയൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ യുഎഇയെ പ്രതിനിധീകരിച്ച് ഒരു മത്സരാർത്ഥി ഉണ്ടാവുമെന്നതാണ് ഏറ്റവും പ്രധാന വാർത്ത. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ തന്നെയാണ് ഇൻസ്‌റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്.
മെക്‌സിക്കോയിൽ നവംബർ 16നാണ് ഇത്തവണത്തെ മിസ് യൂണിവേഴ്‌സ് മത്സരം നടക്കുന്നത്. തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയാണ് ഇതിന് വേദിയാവുന്നത്. യുഎഇക്ക് വേണ്ടി എമിലിയ ഡോബ്രേവയാണ് ഇക്കുറി മത്സരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് യുഎഇ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഇക്കുറി മത്സരത്തിൽ യുഎഇയുടെ ഡയറക്‌ടറായി നിയമിതയായ പോപ്പി കപ്പെല്ലാ എമിലിയയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. മിസ് യൂണിവേഴ്‌സ് യുഎഇ പട്ടമണിഞ്ഞ വ്യക്തി കൂടിയാണ് എമിലിയ. അതുകൊണ്ട് തന്നെ ഇക്കുറി യുഎഇയുടെ മത്സരാർഥിയുടെ മേലായിരിക്കും മുഴുവൻ കണ്ണുകളും എന്നുറപ്പായി കഴിഞ്ഞു. എഴുപത്തിമൂന്നാമത് എഡിഷനാണ് ഇക്കുറി നടക്കുന്നത്.
ആരാണ് എമിലിയ ഡോബ്രേവ?
ലണ്ടനിലാണ് എമിലിയ ജനിച്ചുവളർന്നത്, പിന്നീട് യുഎഇയിലേക്ക് കുടിയേറി പാർക്കുകയായിരുന്നു. പന്ത്രണ്ടാം വയസിൽ ഇവർ മോഡലിംഗ് രംഗത്തേക്ക് കടന്നിരുന്നു. ഡോബ്രേവ 2016 ലെ ലോകസുന്ദരി കിരീടം നേടിയിരുന്നു. 2019, 2020 വർഷങ്ങളിൽ യഥാക്രമം ചൈനയിലെ ചെങ്ഡുവിൽ വെച്ച് മിസ് ഫ്രണ്ട്ഷിപ്പ് ഇന്റർനാഷണൽ, മിസ് ടാലന്റ-വിന്നർ ടൈറ്റിലുകൾ അവർ നേടിയിരുന്നു.
യുഎഇ സ്വദേശിയെ വിവാഹം കഴിച്ച ശേഷമാണ് അവർ ഇവിടേക്ക് സ്ഥിര താമസം മാറ്റിയത്. കഴിഞ്ഞ പത്ത് വർഷത്തോളമായി അവർ ഇവിടെ കഴിയുകയാണ്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ് ഇവർ എന്ന കാര്യം പലർക്കും അത്ഭുതമായിരിക്കും. ഇത്തവണ വിജയിച്ചാൽ അവർ യുഎഇയ്ക്ക് വേണ്ടി ചരിത്രം കുറിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സ്വന്തം രാജ്യത്തിന്റെ വസ്ത്രം അണിയേണ്ട റൗണ്ടിൽ എമിലിയ അഭായ ആയിരിക്കും ധരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളോടാണ് എമിലിയ ഏറ്റുമുട്ടുക. ഇത്തവണ മിസ് യൂണിവേഴ്‌സ് മത്സരത്തിലെ പല മുൻ ചട്ടങ്ങളും എടുത്ത് മാറ്റിയ ശേഷമാണ് മത്സരം നടക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
മിസ് യൂണിവേഴ്‌സ് 2024
നേരത്തെ 18 വയസിനും 28 വയസിനും ഇടയിൽ പ്രായമായുള്ള അവിവാഹതരായ യുവതികൾക്ക് മാത്രമായിരുന്നു മത്സരിക്കാൻ അർഹത ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഈ നിബന്ധനകൾ എല്ലാം തന്നെ എടുത്ത് മാറ്റുകയായിരുന്നു. ഇക്കുറി യുഎഇക്ക് പുറമേ 9 രാജ്യങ്ങൾ കൂടി മിസ് യൂണിവേഴ്‌സിൽ അരങ്ങേറ്റം കുറിക്കും. അതിൽ ആദ്യത്തെ ഹിജാബ് ധാരിയെ രംഗത്തിറക്കുന്ന സോമാലിയ കൂടി ഉൾപ്പെടുന്നു.












Click it and Unblock the Notifications