നവംബറിൽ യുഎഇ എണ്ണവില കുത്തനെ കൂടുമോ? ക്രൂഡ് ഓയിൽ വില നിർണായകം, നിലവിൽ 110 ഡോളർ കടന്നു!
ദുബായ്: ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതോടെ യുഎഇയിൽ നവംബറിലും പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത. എണ്ണ കടത്തുന്നതിനുള്ള ചെലവ് റെക്കോർഡ് നിലവാരത്തിലെത്തിയതും അന്താരാഷ്ട്ര ഊർജ വിപണിയിലെ സമ്മർദം വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ കടന്നിരുന്നു. ഇതോടെ തുടർച്ചയായ രണ്ടാം വ്യാപാര സെഷനിലും വില ഉയർന്നു. മിഡിൽ ഈസ്‌റ്റിൽ നിന്നുള്ള എണ്ണ കയറ്റുമതിക്ക് വീണ്ടും ഭീഷണികൾ ഉയരുന്നതും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതി വീണ്ടെടുക്കുന്നതിന്റെ സൂചനകളും വ്യാപാരികൾ വിലയിരുത്തുകയാണ്.

അന്താരാഷ്ട്ര വിപണിയിലെ പ്രധാന എണ്ണവില സൂചികയായ ബ്രെന്റ് ക്രൂഡ് ബാരലിന് 110.86 ഡോളറിലെത്തി. അമേരിക്കൻ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് എണ്ണവില 99.97 ഡോളറിലുമെത്തി. രണ്ട് നിരക്കുകളും ഒരു ശതമാനത്തിലധികം ഉയർന്നു. എണ്ണവിലയിലെ ഈ വർധന യുഎഇയിലെ വാഹനയുടമകൾക്ക് നവംബറിൽ വീണ്ടും ഇന്ധനവില വർധന നേരിടേണ്ടിവരുമെന്ന ആശങ്ക ഉയർത്തുന്നു. ഒക്ടോബറിൽ തന്നെ മൂന്ന് ഇനം പെട്രോളിന്റെയും വില ഏകദേശം 16 ശതമാനം വർധിച്ചിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയെ അടിസ്ഥാനമാക്കിയാണ് യുഎഇയിൽ ഓരോ മാസവും ഇന്ധനവില നിശ്ചയിക്കുന്നത്. അതിനാൽ ബ്രെന്റ് ക്രൂഡിന്റെ ഏറ്റവും പുതിയ വില മാത്രം കണക്കിലെടുക്കില്ല. ഒക്ടോബർ മാസത്തെ മൊത്തത്തിലുള്ള വിലമാറ്റങ്ങളും നവംബറിലെ നിരക്ക് നിശ്ചയിക്കുന്നതിൽ നിർണായകമാവുന്ന കാര്യമാണ്.
നിലവിൽ യുഎഇയിൽ ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് 4.40 ദിർഹമാണ് വില. സ്പെഷ്യൽ 95ന് 4.28 ദിർഹവും ഇ പ്ലസ് 91ന് 4.21 ദിർഹവുമാണ് നിരക്ക്. ഡീസലിന് ലിറ്ററിന് 4.80 ദിർഹമാണ് നൽകേണ്ടത്. സെപ്റ്റംബറിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മൂന്ന് ഇനം പെട്രോളിന്റെയും വില ഏകദേശം 16 ശതമാനം വർധിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ സൂപ്പർ 98ന് 3.80 ദിർഹവും സ്പെഷ്യൽ 95ന് 3.69 ദിർഹവും ഇ പ്ലസ് 91ന് 3.61 ദിർഹവുമായിരുന്നു വില.
ഡീസലിന് അന്ന് ലിറ്ററിന് 4.30 ദിർഹമായിരുന്നു. മാത്രമല്ല ഫെബ്രുവരിയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വർധനയുടെ വ്യാപ്‌തി കൂടുതൽ വ്യക്തമാകും. മിഡിൽ ഈസ്‌റ്റിലെ ഏറ്റവും പുതിയ സംഘർഷങ്ങൾക്കുമുമ്പ് ഫെബ്രുവരിയിൽ സൂപ്പർ 98 പെട്രോളിന് 2.59 ദിർഹവും സ്പെഷ്യൽ 95ന് 2.48 ദിർഹവും ഇ പ്ലസ് 91ന് 2.40 ദിർഹവുമായിരുന്നു വില. ഡീസലിന് 2.72 ദിർഹമായിരുന്നു നിരക്ക്.
ഇതനുസരിച്ച് ഒക്ടോബറിലെ പെട്രോൾ വില ഫെബ്രുവരിയിലേതിനേക്കാൾ ഏകദേശം 70 മുതൽ 75 ശതമാനം വരെ കൂടുതലാണ്. ഡീസൽ വിലയിൽ ഏകദേശം 76 ശതമാനം വർധനയുമുണ്ടായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്ന നിലയിൽ തുടരുന്നതും എണ്ണ കയറ്റുമതി ചെയ്യുന്നതിനുള്ള ചെലവ് വർധിക്കുന്നതും നവംബറിലെ ഇന്ധനവിലയിലും പ്രതിഫലിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
പശ്ചിമേഷ്യൻ സംഘർഷങ്ങളും റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും ആഗോള എണ്ണവിതരണത്തെ ബാധിച്ചതോടെ ഈ വർഷം ഇതുവരെ ബ്രെന്റ് ക്രൂഡ് വിലയിൽ ഏകദേശം 80 ശതമാനം വർധനയുണ്ടായിട്ടുണ്ട്. നേരത്തെ വില കുറഞ്ഞിരുന്നെങ്കിലും പിന്നീട് വീണ്ടും ഉയർന്നു. മെയ് മാസത്തിനുശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡ് അടുത്തിടെ ബാരലിന് 110 ഡോളറിലെത്തിയത്.
മേഖലയിലെ സുരക്ഷാ ആശങ്കകളും വിലവർധനയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കിടെ കുറഞ്ഞത് 18 കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് വിവരം. ഇതോടെ മേഖലയിൽക്കൂടിയുള്ള എണ്ണനീക്കത്തിന്റെ സുരക്ഷയും വിശ്വാസ്യതയും സംബന്ധിച്ച ആശങ്കകൾ ശക്തമായി. ഇതും ഇപ്പോഴത്തെ ആഗോള വിലക്കയറ്റത്തിന് വഴിയൊരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications
