യുഎഇ എണ്ണവില മാർച്ചിൽ കൂടുമോ? യുഎസ്-ഇറാൻ സംഘർഷം മുഖ്യ ഘടകമാവും, സാധ്യതകൾ ഇങ്ങനെ
ദുബായ്: വർഷത്തിലെ മൂന്നാം മാസത്തേക്ക് കടക്കവേ യുഎഇയിൽ എണ്ണവില ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. യുഎസ്-ഇറാൻ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്നുണ്ടായ ആശങ്കകൾക്കിടയിലാണ് വാർത്ത വരുന്നത്. ഫെബ്രുവരിയിലെ ആഗോള എണ്ണവില വർധനവ് കൂടി കണക്കിലെടുക്കുമ്പോൾ യുഎഇയിലും സ്ഥിതി മറിച്ചാവില്ലെന്നാണ് വിവരം.
ഇറാനും യുഎസും തമ്മിലുള്ള ഭിന്നതയുടെ പശ്ചാത്തലത്തിൽ സൈനിക സംഘർഷത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഫെബ്രുവരിയിൽ ആഗോള എണ്ണവില ഗണ്യമായി വർധിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 71 ഡോളർ കടന്നിരുന്നു. ഇന്നലെ വൈകുന്നേരം ബ്രെന്റ് ക്രൂഡ് ബാരലിന് 66.31 ഡോളറിലും ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 71.38 ഡോളറിലുമാണ് വ്യാപാരം നടന്നത്.

ഫെബ്രുവരിയിൽ ബ്രെന്റിന്റെ ശരാശരി ക്ലോസിംഗ് വില കഴിഞ്ഞ മാസത്തെ 63.47 ഡോളറിൽ നിന്ന് 68.9 ഡോളറായി ഉയർന്നു. എങ്കിലും ഫെബ്രുവരി മാസത്തിൽ യുഎഇ സർക്കാർ പെട്രോൾ വില ലിറ്ററിന് എട്ട് മുതൽ ഒൻപത് ഫിൽസ് വരെ കുറച്ചിരുന്നു. ഇതനുസരിച്ച് സൂപ്പർ 98-ന് 2.45 ദിർഹവും, സ്പെഷ്യൽ 95-ന് 2.33 ദിർഹവും, ഇ-പ്ലസ് 91-ന് 2.26 ദിർഹവുമായിരുന്നു ഒരു ലിറ്ററിന് വില.
മതിയായ സംഭരണം, ഉപഭോഗത്തെക്കാൾ വലിയ ഉൽപ്പാദനം, അധിക ഉൽപ്പാദന ശേഷി എന്നിവ കാരണം ഇന്നത്തെ എണ്ണ വിപണിക്ക് വിതരണത്തിൽ വലിയ പ്രതിരോധശേഷിയുണ്ടെങ്കിലും യുഎസും ഇറാനും തമ്മിലൊരു നേരിട്ടുള്ള ഏറ്റുമുട്ടൽ ഉണ്ടായാൽ അത് എണ്ണവിലയെ മോശമായി തന്നെ ബാധിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.
ഹോർമുസ് കടലിടുക്ക് ടെഹ്‌റാൻ കുറച്ച് മണിക്കൂറുകൾ അടച്ചതിനെത്തുടർന്ന് അവിടത്തെ ഇൻഷുറൻസ് പ്രീമിയങ്ങളിൽ കാര്യമായ വർധനവുണ്ടായി. ഈ സംഭവം ആഗോള എണ്ണ വിതരണത്തെക്കുറിച്ചുള്ള വലിയ ആശങ്കകൾ ഉയർത്തിയിരുന്നു. അത് കൂടി കണക്കിലെടുക്കുമ്പോൾ എണ്ണവില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് ചില വിദഗ്‌ധർ പറയുന്നു.
അതിന്റെ കാരണങ്ങളിൽ ഒന്ന് ഹോർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന അനിശ്ചിതത്വം തന്നെയാണ്. ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിനടുത്തുള്ള ഇറാന്റെ തന്ത്രപരമായ സ്ഥാനം ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ സാരമായി ബാധിക്കുമെന്നാണ് സൂചന. ഒരുപക്ഷേ, പിരിമുറുക്കങ്ങൾ കുറഞ്ഞാൽ വില വർധന നേരിയതായി മാറാനും സാധ്യതയുണ്ട്.
യുഎഇ എണ്ണവില
ഡിസംബർ മുതൽ തുടർച്ചയായി രണ്ട് മാസത്തേക്ക് വാഹന യാത്രക്കാർക്ക് വിലക്കുറവിന്റെ നേട്ടമായിരുന്നു. യുഎഇയിലെ പെട്രോൾ, ഡീസൽ വിലകൾ എല്ലാ മാസവും അവലോകനം ചെയ്യപ്പെടുന്നു, കൂടാതെ മുൻ കാലയളവിലെ ശരാശരി ആഗോള എണ്ണവിലയെയും ശുദ്ധീകരിച്ച ഇന്ധന വിലയെയും അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത്.












Click it and Unblock the Notifications