കേരള ബിജെപി മാത്രമല്ല, കര്‍ണാടക ബിജെപിയും ബിഎല്‍ സന്തോഷിന്റെ കൈപ്പിടിയില്‍; സംഭവിച്ചതിലെ സാമ്യങ്ങള്‍...
ബിജെപിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയാണ് ബിഎല്‍ സന്തോഷ്. ബിജെപിയിലെ ആര്‍എസ്എസിന്റെ നേരിട്ടുള്ള നിയമനം എന്ന് പറയാം. ഒരര്‍ത്ഥത്തില്‍ ബിജെപിയിലെ ആര്‍എസ്എസ് നിയന്ത്രണം സംഘടനാ ജനറല്‍ സെക്രട്ടറി വഴിയെന്നും കരുതാവുന്നതാണ്. കേരളത്തില്‍ നിലവിലെ നേതൃത്വത്തിനെതിരെ വലിയ എതിര്‍പ്പുകളും വിവാദങ്ങളും ഉയര്‍ന്നിട്ടും, ഒരു പോറല്‍ പോലും ഏല്ക്കാതെ അവര്‍ തുടരുന്നതിന് പിന്നില്‍ ബിഎല്‍ സന്തോഷിന്റെ പിന്തുണയാണ് എന്നാണ് പറയുന്നത്.
എന്നാല്‍ കര്‍ണാടകത്തില്‍, ബിഎസ് യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രി പദം നഷ്ടപ്പെടാനുള്ള കാരണവും ഇതേ ബിഎല്‍ സന്തോഷ് തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണടാക ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എട്ട് വര്‍ഷത്തോളം ഇരുന്ന ആള് കൂടിയാണ് ബിഎല്‍ സന്തോഷ്. കേരളത്തിലും കര്‍ണാടകത്തിലും ഇപ്പോള്‍ ബിജെപിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം എതിര് പക്ഷത്തുള്ളവര്‍ കുറ്റം ചാരുന്നത് ബിഎല്‍ സന്തോഷിന്റെ പേര് പറഞ്ഞാണ്.

കേരളത്തില്‍ വി മുരളീധരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ബിഎല്‍ സന്തോഷ്. പിഎസ് ശ്രീധരന് പിള്ളയ്ക്ക് ശേഷം, കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി വരുന്നതിന് വഴിയൊരുക്കിയത് ഈ ബന്ധം ആയിരുന്നു എന്നാണ് പറയുന്നത്. അതിന് പിറകെ, പികെ കൃഷ്ണദാസ് പക്ഷത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ടായിരുന്നു നീക്കങ്ങള്‍. ഇതിലും പ്രവര്‍ത്തിച്ചത് ബിഎല്‍ സന്തോഷിന്റെ പിന്തുണയാണെന്നാണ് ആരോപണം. പികെ കൃഷ്ണദാസ് പക്ഷത്തോട് വലിയ എതിര്‍പ്പാണ് സന്തോഷിനുള്ളത് എന്നാണ് ബിജെപിയ്ക്കുള്ളില്‍ നിന്നുതന്നെ ലഭിക്കുന്ന വിവരം.

കര്‍ണാടക ബിജെപിയുടെ സംഘടനാ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന കാലം മുതലേ, ബിഎസ് യെഡിയൂരപ്പയുമായി തീരെ സുഖത്തിലായിരുന്നില്ല ബിഎല്‍ സന്തോഷ്. ഇപ്പോള്‍ യെഡിയൂരപ്പയുടെ സ്ഥാന നഷ്ടത്തിലേക്ക് വഴിവെട്ടിയതും സന്തോഷ് തന്നെ ആണെന്നാണ് യെഡി ക്യാമ്പ് വിശ്വസിക്കുന്നത്. 2014 ല്‍ ദേശീയ സംഘടനാ ജോയിന്റെ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷിനെ നിയമിക്കുന്നത് അമിത് ഷാ ആയിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയായിരുന്നു സന്തോഷിന് നല്കപ്പെട്ടത്. 2019 ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു.

ബിഎസ് യെഡിയൂരപ്പയും ബിഎല്‍ സന്തോഷും തമ്മില്‍ കൂടിക്കാഴ്ചകള്‍ നടത്തിയപ്പോഴെല്ലാം അത് കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ സംഭവങ്ങളുടെ നാന്ദിയെന്ന നിലയില്‍ വിലയിരുത്തിപ്പോന്നിട്ടുണ്ട്. 2021 മെയ് മാസത്തില്‍ രണ്ട് പേരും നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവില്‍ ആയിരുന്നു ജൂലായില്‍ യെഡിയൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. പാര്‍ട്ടിയ്ക്കുള്ളിലെ എതിര്‍പ്പുകള്‍ ആയിരുന്നു അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്. അതിന് ശേഷം, ഒക്ടോബര്‍ 15 ന് രണ്ട് പേരും വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്തായാലും യെഡിയൂരപ്പയുടെ രാജിയോടെ, കര്‍ണാടക ബിജെപിയില്‍ ബിഎല്‍ സന്തോഷിന്റെ സ്വാധീനം കൂടുതല്‍ വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബെംഗളൂരുവില്‍ എത്തുമ്പോഴെല്ലാം ബിഎല്‍ സന്തോഷിനെ മുഖം കാണിക്കാന്‍ എത്തുന്ന എംഎല്‍എമാരുടേയും മന്ത്രിമാരുടേയും പാര്‍ട്ടി നേതാക്കളുടേയും എല്ലാം തിരക്ക് തന്നെ ഇതിന്റെ തെളിവായി വിലയിരുത്താം.

കുറച്ച് കാലമായി കര്‍ണാടക ബിജെപിയില്‍ ബിഎല്‍ സന്തോഷ് ഒരു വന്‍ ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന നേതാക്കള്‍ക്ക് ദേശീയ നേതാക്കളിലേക്കുള്ള പാലവും ബിഎല്‍ സന്തോഷ് തന്നെ. ദേശീയ രാഷ്ട്രീയത്തില്‍ മോദിയ്ക്കും അമിത് ഷായ്ക്കും ശേഷമുള്ള മൂന്നാമന് ബിഎല്‍ സന്തോഷ് ആണെന്ന് യെഡിയൂരപ്പയുടെ തന്നെ ഒരു അടുത്ത അനുയായി പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തായാലും ബെംഗളൂരുവില്‍ എത്തുമ്പോഴെല്ലാം ബിഎല്‍ സന്തോഷ് യെഡിയൂരപ്പയെ കാണാറുണ്ട് എന്നത് ഒരു വാസ്തവമാണ്.

എപ്പോള്‍ മുതലാണ് ബിഎല്‍ സന്തോഷ് കര്‍ണാടക ബിജെപിയിലെ നിര്‍ണായക ശക്തിയായി മാറിയത് എന്നത് കൂടി പരിശോധിക്കാം. 2012 ല്‍ യെഡിയൂരപ്പ ബിജെപി വിട്ട സാഹചര്യം മുതലായിരുന്നു അത്. അന്ന് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കാന്‍ സന്തോഷ് ആണ് ഉണ്ടായിരുന്നത്. യെഡിയൂരപ്പയുടെ പുറത്തുപോക്ക് 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയും ചെയ്തു. പിന്നീട് യെഡിയൂരപ്പ ബിജെപിയിലേക്ക് തിരിച്ചെത്തുമ്പോഴേക്കും രണ്ട് വിഭാഗങ്ങള്‍ എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയിരുന്നു. 2017 ആയപ്പോള്‍ ഇരുവര്‍ക്കും ഇടയിലുള്ളശീതസമരം മറനീക്കി പുറത്ത് വരികയും ചെയ്തു.

കേരളത്തിലെ പോലെയല്ല കര്‍ണാടകത്തിലെ സ്ഥിതി എന്നൊരു പ്രത്യേകതയും ഉണ്ട്. ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തിലേറിയ സംസ്ഥാനമാണ് കര്‍ണാടകം. ഇപ്പോഴും ബിജെപി സര്‍ക്കാര്‍ ആണ് കര്‍ണാടകം ഭരിക്കുന്നത്. കേരളത്തില്‍ ബിഎല്‍ സന്തോഷിനുള്ള താത്പര്യങ്ങള്‍, കര്‍ണാടകവുമായി അത്തരത്തില്‍ താരതമ്യം ചെയ്യാന്‍ ആവില്ല. പക്ഷേ, പാര്‍ട്ടിയെ കൂടുതല്‍ തളര്‍ത്തിയ ഒരു വിഭാഗത്തെ തന്നെ അദ്ദേഹം ഇപ്പോഴും സംരക്ഷിച്ചുപോരുന്നു എന്നത് ചില വൈരുദ്ധ്യങ്ങള്‍ക്കുള്ള തെളിവാണ്.

ദേശീയ നേതൃത്വത്തിലുള്ള സ്വാധീനം മാത്രമല്ല ബിഎല്‍ സന്തോഷിന്റെ കര്‍ണാടകത്തിലെ വളര്‍ച്ചയ്ക്കുള്ള കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. സാധാരണ പ്രവര്‍ത്തകര്‍ക്ക് പോലും അവസരങ്ങള്‍ നല്‍കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നതാണ് ബിഎല്‍ സന്തോഷിന്റെ ശൈലിയെന്ന് പല ബിജെപി നേതാക്കളും അവകാശപ്പെടുന്നുണ്ട്. ഹാസ്സനില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രീതം ഗൗഡ തന്നെ ഇക്കാര്യം പറയുന്നതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്തായാലും ബിഎല്‍ സന്തോഷിന്റെ ഇടപെടലുകള്‍ കര്‍ണാടക ബിജെപിയ്ക്ക് ഗുണമേ സൃഷ്ടിച്ചിട്ടുള്ളു എന്നാണ് പാര്‍ട്ടിയും വിലയിരുത്തുന്നത്.
Recommended Video

ഇനി കേരളത്തിലേക്ക് വരാം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപി ഒരു സീറ്റ് നേടിയിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയതോടെ , കേരളത്തിലെ പ്രതീക്ഷകളും വാനോളം ഉയര്‍ന്നു. 2018 ല്‍ ഉണ്ടായ ശബരിമല വിവാദം ഫലപ്രദമായി ഉപയോഗിക്കാന്‍ തങ്ങള്‍ക്കായി എന്നും ബിജെപി നേതൃത്വം വിലയിരുത്തി. എന്നാല്‍ 2020 ല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതിന്റെ നാലില്‍ ഒന്ന് നേട്ടം പോലും കൊയ്യാന്‍ ബിജെപിയ്ക്ക് സാധിച്ചില്ല. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈയ്യിലുണ്ടായിരുന്ന ഏക സീറ്റ് നഷ്ടപ്പെടുകയും ചെയ്തു. ഇതിനിടെയാണ് പാര്‍ട്ടിയ്ക്കെതിരെ കോടികളുടെ കള്ളപ്പണ ആരോപണം ഉയര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രണ്ട് തിരഞ്ഞെടുപ്പ് കോഴക്കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പാര്‍ട്ടിയ്ക്കുള്ളില്‍ വിഭാഗീയത രൂക്ഷമാവുകയും കെ സുരേന്ദ്രന്റെ രാജിയ്ക്കായുള്ള മുറവിളി ഉയരുകയും ചെയ്തു. പക്ഷേ, അപ്പോഴും ബിഎല്‍ സന്തോഷ് വി മുരളീധരന് പക്ഷത്തിന് സമ്പൂര്‍ണ പിന്തുണ നല്കി എന്നതാണ് പലരേയും അത്ഭുതപ്പെടുത്തിയത്. എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തിയവരെ നിശബ്ദരാക്കിക്കൊണ്ട് മുരളീധര പക്ഷം കേരളത്തില്‍ കൂടുതല്‍ ശക്തമായത് ബിഎല്‍ സന്തോഷിന്റെ മാത്രം പിന്തുണ കൊണ്ടാണെന്നാണ് എതിര്‍പക്ഷത്തിന്റെ നിഗമനം.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
3,000 വർഷത്തെ പാരമ്പര്യം; ചർമ്മത്തിന് തിളക്കം നൽകാൻ നാല്പാമരാദി എന്ന അത്ഭുതം! -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications