Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചിൽ നാലിടത്തും ബിജെപി തന്നെ; ലക്ഷ്യം അഞ്ചാമിടവും... വമ്പൻ പദ്ധതികൾ, പക്ഷേ എളുപ്പമല്ല

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ് 2022 ഫെബ്രുവരിയിൽ. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സെമി ഫൈനൽ എന്ന് വേണമെങ്കിൽ വിശേഷിക്കാം ആ തിരഞ്ഞെടുപ്പുകളെ. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബിജെപിയാണ് അധികാരത്തിലുള്ളത് എന്ന പ്രത്യേകതയും ഉണ്ട്. അഞ്ചാം സംസ്ഥാനവും പിടിച്ചെടുക്കാൻ ബിജെപി ഏറെ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നിലവിലുള്ള നാലിടത്തും അധികാരം നിലനിർത്താൻ ആകുമോ എന്നത് തന്നെ ചോദ്യമാണ്.

ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ ബിജെപി നേരിടുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയാണ്? വോട്ടുപിടിക്കാൻ അവർ ആവിഷ്‌കരിച്ചതും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതുമായി തന്ത്രങ്ങൾ എന്തൊക്കെയാണ്? അത് വിജയിക്കാനുള്ള സാധ്യതകൾ എത്രത്തോളമാണ്? പരിശോധിക്കാം...

1

രാജ്യത്ത് ഏറ്റവും അധികം നിയമസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തർ പ്രദേശ്. 403 നിയമസഭാ മണ്ഡലങ്ങളുണ്ട്. ബിജെപിയ്ക്ക് മൃഗീയ ഭൂരിപക്ഷമുള്ള സംസ്ഥാനം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മിന്നും വിജയം നേടിയ ചരിത്രമാണ് ബിജെപിയ്ക്കുള്ളത്. എന്നാൽ ഇത്തവണ അവർക്ക് തിരഞ്ഞെടുപ്പ് വിജയം അത്ര എളുപ്പമാകുമോ?

35 വർഷത്തെ ഉത്തർ പ്രദേശ് ചരിത്രത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയ്ക്കും തുടർഭരണം നേടാൻ ആയിട്ടില്ല. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പുകളെ അത്രമേൽ സ്വാധീനിക്കുന്ന ഒരു സംസ്ഥാനം കൂടിയാണ് യുപി.

സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

2

ഭരണ വിരുദ്ധ വികാരം ഇത്തവണ ഉത്തർ പ്രദേശിൽ ശക്തമാണ്. കൊവിഡ് പ്രതിരോധത്തിലെ വലിയ പാളിച്ചകളാണ് ഇതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത്. പണപ്പെരുപ്പം, കുറ്റകൃത്യങ്ങളുടെ വർദ്ധന, നിയമ പരിപാല പ്രശ്‌നങ്ങൾ, കർഷക സമരം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വേറേയും ഉണ്ട്. ഇതിനെല്ലാം അപ്പുറത്ത് പാർട്ടിയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും ബിജെപി നേരിടുന്നുണ്ട്. യോഗി ഭരണത്തിൽ സംസ്ഥാനത്തെ ബിജെപി നേതാക്കളും ആർഎസ്എസ് നേതാക്കളും തീരെ തൃപ്തരല്ല എന്നത് പരസ്യമായ രഹസ്യമാണ്.

3

എന്നാൽ, ഉത്തർ പ്രദേശിലെ വിജയം ബിജെപിയെ സംബന്ധിച്ച് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യാവുന്ന ഒന്നല്ല. അതുകൊണ്ട് തന്നെ, തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ അവർ നേരത്തേ തുടങ്ങിക്കഴിഞ്ഞു. ജിതിൻ പ്രസാദയേയും മറ്റ് ആറ് പേരേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് തന്നെയാണ് ഇതിൽ പ്രധാനം. ബ്രാഹ്മണ സമൂഹത്തെ തൃപ്തിപ്പെടുത്താനാണ് ജിതിൻ പ്രസാദയെ ഉൾപ്പെടുത്തിയത്. ദിനേശ് ഘട്ടിക്കും പാൽതു റാമും ദളിത് പ്രാതിനിധ്യമാണ്. സഞ്ജീവ് കുമാർ പട്ടിക വർഗ്ഗ പ്രതിനിധിയും. സംഗീത ബൽവന്തും ഛത്രപാൽ സിങ് ഗാംഗ്വാറും ധരംവീർ സിങ്ങും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്. ചുരുക്കിപ്പറഞ്ഞാൽ, ജാതി രാഷ്ട്രീയം മുൻനിർത്തി തന്നെയാണ് ഇത്തവണയും ഉത്തർ പ്രദേശിൽ കളംപിടിക്കാൻ ബിജെപി രംഗത്തിറങ്ങുന്നത്.

4

ബിജെപിയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സാമുദായിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മാത്രമായി നടത്തിയ ഒരു മന്ത്രിസഭ പുന:സംഘടന എന്നായിരുന്നു അതിനെ വിശേഷിപ്പിച്ചിരുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് ബിജെപി അതിന് മുതിർന്നതും. ജിതിൻ പ്രസാദയെ മുന്നിലേക്ക് കൊണ്ടുവന്നതോടെ സംസ്ഥാനത്തെ ജനസംഖ്യയുടെ 13 ശതമാനം വരുന്ന ബ്രാഹ്മണ സമൂഹത്തെ കൂടെ നിർത്താൻ ആകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ഇതുകുടാതെയാണ് നിഷാദ് പാർട്ടിയുമായി ഔദ്യോഗികമായി ഉണ്ടാക്കിയ സഖ്യം. എന്തായാലും ഇത്തവണ ചരിത്രം തിരുത്തി ബിജെപി ഭരണത്തുടർച്ച നേടുമെന്നാണ് എബിപി- സി വോട്ടർ സർവ്വേ പ്രവചിച്ചിരിക്കുന്നത്.

5

ബിജെപിയ്ക്ക് വലിയ പ്രതീക്ഷകൾക്കൊന്നും വകയില്ലാത്ത സംസ്ഥാനം എന്ന് വിലയിരുത്താവുന്ന ഒന്നാണ് പഞ്ചാബ്. അകാലിദളുമായുണ്ടായിരുന്ന സഖ്യമായിരുന്നു അവർക്ക് പഞ്ചാബിൽ എന്തെങ്കിലും സാന്നിധ്യമുണ്ടാക്കി കൊടുത്തിരുന്നത്. എന്നാൽ കർഷക ബില്ലുകളുടെ പേരിൽ അകാലി ദൾ എൻഡിഎ മുന്നണി വിട്ടു. അങ്ങനെയൊരു ഘട്ടത്തിലാണ് കോൺഗ്രസിൽ ആഭ്യന്തര പ്രശ്‌നങ്ങൾ അതീവ രൂക്ഷമാകുന്നത് ക്യാപ്റ്റൻ അമരീന്ദർ സിങിന് മുഖ്യമന്ത്രി കസേര നഷ്ടമാവുകയും ചെയ്തത്. ഇങ്ങനെയൊരു സാഹചര്യത്തിൽ പഞ്ചാബിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷ ബിജെപി പങ്കുവയ്ക്കുന്നുണ്ട്.

6

എന്നാൽ, പഞ്ചാബിൽ ബിജെപി നേരിടുന്ന ഒരു വലിയ പ്രശ്‌നം വേറെയുണ്ട്. ശക്തമായ ഒരു നേതാവില്ല എന്നത് തന്നെയാണ് അത്. അമരീന്ദർ കോൺഗ്രസ് വിട്ട് എത്തിയിരുന്നെങ്കിൽ ഒരുപക്ഷേ, ബിജെപിയുടെ തലം തന്നെ മാറിപ്പോയേനെ. പക്ഷേ അമരീന്ദർ സിങ് അതിന് തയ്യാറല്ല. കോൺഗ്രസിനെ മാത്രമല്ല പഞ്ചാബിൽ ബിജെപിയ്ക്ക് നേരിടേണ്ടത്. ശിരോമണി അകാലിദൾ- ബിഎസ്പി സഖ്യം ശക്തമാണ് അവിടെ. അത് കൂടാതെയാണ് എഎപിയുടെ അതി ശക്തമായ സാന്നിധ്യം. ത്രികോണ മത്സരത്തിന് പുറത്താണ് നിലവിൽ ബിജെപിയുടെ സ്ഥാനം.

7

ദളിതുകൾക്കിടയിലും മറ്റ് പിന്നാക്കക്കാർക്കിടയിലും നഗര ഹിന്ദുക്കൾക്കിടയിലും സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. സംസ്ഥാനത്ത് 60 ശതമാനത്തിലേറെ ഹിന്ദു ജനസംഖ്യയുള്ള 45 മണ്ഡലങ്ങൾ ഉണ്ട് എന്ന് ബിജെപി ആദ്യമേ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 23 എണ്ണത്തിലാണ് അകാലി ദൾ സഖ്യത്തിൽ ബിജെപി മത്സരിച്ചുകൊണ്ടിരുന്നത്. ഈ മണ്ഡലങ്ങളിലെ ഹിന്ദു ജനസംഖ്യയിലാണ് ബിജെപി പ്രതീക്ഷവയ്ക്കുന്നത്. ഗജേന്ദ്ര സിങ് ഷെഖാവത്തിനാണ് പഞ്ചാബിലെ തിരഞ്ഞെടുപ്പ് ചുമതല ഏൽപിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരി, മീനാക്ഷി ലേഖി, എംപിയും അമിത് ഷായുടെ വലംകൈയ്യും ആയ വിനോദ്ഭായ് ചാവ്ഡ എന്നിവരെയാണ് ഷെഖാവത്തിനെ സഹായിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. കർഷക നേതാവ് കൂടിയായ ഷെഖാവത്തിലൂടെ പഞ്ചാബിൽ ചില അത്ഭുതങ്ങൾ പ്രവർത്തിക്കാനാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

8

ബിജെപിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകാൻ പോകുന്നത് ഉത്തരാഖണ്ഡ് ആയിരിക്കും. മുഖ്യമന്ത്രിമാരെ മാറി മാറി പരീക്ഷിച്ചുകൊണ്ടുള്ള നീക്കം എത്രകണ്ട് ഫലപ്രദമാകും എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മാത്രമേ അറിയാനാകൂ. 2021 മാർച്ച് മാസത്തിലാണ് ത്രിവേന്ദ്ര സിങ് റാവത്തിനെ വലിയ എതിർപ്പുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയത്. അതിന് ശേഷം മുഖ്യമന്ത്രിയായ തിരത് സിങ് റാവത്തിന്റെ കസേരയ്ക്ക് നാല് മാസത്തെ ആയുസ്സേ ഉണ്ടായുള്ളു. ഒടുവിൽ പുഷ്‌കർ സിങ് ധാമി എന്ന യുവ നേതാവിനെ മുഖ്യമന്ത്രിയാക്കിയിരിക്കുയാണ് ബിജെപി.

9

ബിജെപിയ്ക്കുള്ളിലെ കടുത്ത വിഭാഗീയതയാണ് അവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 2017 ലെ തിരഞ്ഞെടുപ്പിൽ 70 ൽ 57 സീറ്റും നേടി അധികാരത്തിലെത്തിയ ബിജെപിയ്ക്ക് ഇത്തവണ അത് സാധ്യമാകുമോ എന്നത് വലിയ ചോദ്യമാണ്. 2022 ൽ മുഖ്യ എതിരാളികളായി കോൺഗ്രസിനെ മാത്രം കണ്ടാൽ പോര. ആം ആദ്മി പാർട്ടിയും സംസ്ഥാനത്ത് ശക്തമായ സാന്നിധ്യമാണിപ്പോൾ. ബൂത്ത് തലത്തിലുള്ള പ്രവർത്തനം ശക്തമാക്കി ഭരണം പിടിക്കാനുള്ള നിർദ്ദേശമാണ് ആണ് ദേശീയ നേതൃത്വം ഉത്താരഖണ്ഡിന് നൽകിയിട്ടുള്ളത്. പ്രൾഹാദ് ജോഷിയ്ക്കാണ് ഇവിടെ തിരഞ്ഞെടുപ്പിന്റെ മേൽനോട്ട ചുമതല.

10

കോൺഗ്രസ് ശക്തികേന്ദ്രമായ ഗോവ ബിജെപി പിടിച്ചെടുത്തപ്പോൾ രാജ്യം മുഴുവൻ അമ്പരന്നിരുന്നു. 2017 ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോൺഗ്രസ് ആയിരുന്നെങ്കിലും ഭരണം നേടിയത് ബിജെപി ആയിരുന്നു. പ്രാദേശിക പാർട്ടികളെ കൂടെ നിർത്തിയായിരുന്നു അത്. എന്നാലിപ്പോൾ കാര്യങ്ങൾ അത്ര എളുപ്പമല്ല. സഖ്യകക്ഷികളായിരുന്ന ജിഎഫ്പിയും എംജിപിയും ബിജെപിയെ കൈയ്യൊഴിഞ്ഞു കഴിഞ്ഞു. ആം ആദ്മി പാർട്ടിയും തൃണമൂൽ കോൺഗ്രസും വരെ ഗോവയിൽ ശക്തമാവുകയും ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനാണ് ബിജെപി കേന്ദ്ര നേതൃത്വം ഗോവയുടെ ചുമതല നൽകിയിട്ടുള്ളത്. പക്ഷേ, അതുകൊണ്ട് എന്ത് സംഭവിക്കും എന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Recommended Video

cmsvideo
    NCP minister questions BJP worker's presence in Aryan khan case
    11

    മണിപ്പൂരിലും ബിജെപി ഇത്തവണ എളുപ്പത്തിൽ വിജയം നേടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. അറുപത് അംഗ നിയമസഭയിൽ വെറും 21 സീറ്റ് നേടിയാണ് കഴിഞ്ഞ തവണ അവർ സർക്കാർ രൂപീകരിച്ചത്. നാഗ പീപ്പിൾസ് ഫ്രണ്ടും നാഷണൽ പീപ്പിൾസ് പാർട്ടിയും ബിജെപിയുടെ സഖ്യകക്ഷികൾ ആയിരുന്നു. എന്നാൽ ഇത്തവണ നാഷണൽ പീപ്പിൾസ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബിജെപി ദേശീയ നേതൃത്വം സവിശേഷ ശ്രദ്ധ തന്നെ മണിപ്പൂർ തിരഞ്ഞെടുപ്പിന് നൽകുന്നുണ്ട്. നോർത്ത് ഈസ്റ്റിൽ മണിപ്പൂർ നഷ്ടപ്പെടുന്നത് ബിജെപി ഒരിക്കലും ആഗ്രഹിക്കാത്ത കാര്യമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+