'വരൂ.. ഒന്നിച്ച് ബിജെപിയെ നേരിടാം': സിപിഎമ്മിനോട് ബിജെപിയെ സഹായിക്കരുതെന്ന് കോണ്‍ഗ്രസ്
അഗർത്തല: ഈ വർഷം അവസാനം നടക്കാന്‍ പോവുന്ന ത്രിപുര നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ ഒരുമിച്ച് പോരാടാന്‍ സി പി എമ്മിനെ ക്ഷണിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിക്കുന്നത് പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനും ബി ജെ പിക്ക് ഓക്‌സിജൻ നൽകാനും ഇടയാക്കുമെന്നതിനാൽ ത്രിപുരയിലെ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തില്‍ സി പി എം കോണ്‍ഗ്രസിനെ പിന്തുണയ്ക്കണമെന്നാണ് ത്രിപുരയിലെ മുതിർന്ന കോൺഗ്രസ് എം എൽ എ സുദീപ് റോയ് ബർമാൻ വ്യക്തമാക്കിയത്.

സോഷ്യലിസം, ജനാധിപത്യം, മതേതരത്വം എന്നീ ആശയങ്ങളുള്ള ഇടതുപാർട്ടി, അതേ തത്ത്വങ്ങളിൽ വിശ്വസിക്കുന്ന കോൺഗ്രസിനൊപ്പം അടുത്ത വർഷം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിൽ ചേരാത്തത് എന്തുകൊണ്ടെന്നും മുൻ മന്ത്രി റോയ് ബർമാൻ ചോദിച്ചു.
ബി ജെ പിയുടെ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താൻ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാൻ ബിജെപി വിരുദ്ധ മതേതര ശക്തികളോട് സി പി എം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ഫാസിസ്റ്റ് പാർട്ടിക്കും സർക്കാരിനും ഓക്സിജൻ നൽകാൻ നിങ്ങൾ എന്തിനാണ് വോട്ട് വിഭജനത്തിൽ മുഴുകുന്നത്? ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ഒരു ബദൽ സർക്കാർ നൽകാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. അതുകൊണ്ട് സി പി എം കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാവണമെന്നും സെപാഹിജാല ജില്ലയിലെ സോനാമുറയിൽ നടന്ന പാർട്ടി പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് ഒറ്റയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താനാകില്ലെന്നും സഖ്യകക്ഷികളെ ആവശ്യമാണെന്നും സംസ്ഥാനത്തെ പാർട്ടിയുടെ ഏക എം എൽ എ പറഞ്ഞു. പാർട്ടി ജനറൽ സെക്രട്ടറി അജയ് കുമാർ, എ ഐ സി സി സെക്രട്ടറി സരിതാ ലൈറ്റ്‌ഫ്‌ലാങ്, ടി പി സി സി പ്രസിഡന്റ് ബിരജിത് സിൻഹ എന്നിവരുടെ സാന്നിധ്യത്തിൽ ബി ജെ പി, സി പി ഐ എം, ടി എം സി എന്നീ പാർട്ടികളില്‍ നിന്നുമുള്ള 3000 അനുഭാവികൾ കോൺഗ്രസിൽ ചേർന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു റോയ് ബർമാൻ.

ബി ജെ പി വിട്ട റോയ് ബർമ്മർ ഫെബ്രുവരിയിലായിരുന്നു കോൺഗ്രസിൽ തിരിച്ചെത്തിയത്. ജൂണിൽ അഗർത്തല മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി അദ്ദേഹം വിജയിക്കുകയും ചെയ്തു. ഇതോടെ 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ സമ്പൂർണ പരാജയത്തിന് ശേഷം അദ്ദേഹം സഭയിലെ ഏക കോൺഗ്രസ് എം എൽ എയായി മാറുകയും ചെയ്തു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 40 ശതമാനം വോട്ടുകളും 2013-ൽ 2 ശതമാനത്തിൽ താഴെ വോട്ട് നേടിയ ബി ജെ പിയിലേക്ക് മാറി. സി പി ഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ 7 ശതമാനം വോട്ടും ബി ജെ പിയിലേക്ക് മാറി. ഇതോടെ ബി ജെ പി മൊത്തം വോട്ട് വിഹിതം 44 ശതമാനമായി ഉയർത്തി. സിപിഐ എമ്മിന്റെ വോട്ട് വിഹിതം 52 ശതമാനത്തിൽ നിന്ന് 45 ശതമാനമായി കുറഞ്ഞപ്പോള്‍ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 7 ശതമാനം വോട്ടുമായിരുന്നു നേടിയത്.

60 അംഗ സഭയിൽ ബി ജെ പിക്ക് 36 എം എൽ എമാരും സഖ്യകക്ഷിയായ ഐ പിഎ ഫ്ടിക്ക് ഏഴ് എംഎൽഎമാരേയുമാണ് വിജയിപ്പിക്കാന്‍ സാധിച്ചത്. 25 വർഷം സംസ്ഥാനം ഭരിച്ചശേഷം 2018ൽ അധികാരം നഷ്ടപ്പെട്ട സിപിഐഎമ്മിന് 15 സീറ്റാണ് ഇപ്പോള്‍ നിയമസഭയിലുള്ളത്. കോൺഗ്രസിന് ഒരു അംഗം ഉള്ളപ്പോൾ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.












Click it and Unblock the Notifications