വീട്ടമ്മമാരുടെ നാവിന്റെ ചൂടറിഞ്ഞ് ധനമന്ത്രി; കെഎൻ ബാലഗോപാലിനോട് ചോദ്യശരങ്ങൾ, ഒടുവിൽ സംഭവിച്ചത്...
കോഴിക്കോട്: നവകേരള സദസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിവിധ മണ്ഡലങ്ങളിൽ പര്യടനം തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി കോഴിക്കോട് ജില്ലയിലാണ് പര്യടനം നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ കൊടുവള്ളിയിൽ എത്തിയ ധനമന്ത്രി കെഎൻ ബാലഗോപാലിനെ ചോദ്യങ്ങൾ ചോദിച്ച് നിർത്തിപൊരിക്കുന്ന വീട്ടമ്മമാരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്.
മന്ത്രിയെ കാണാനായി രാവിലെ ഏഴ് മണിക്ക് തന്നെ എത്തിയതാണിവർ എന്ന് വീഡിയോയിൽ പറയുന്നുണ്ട്. എന്നാൽ പ്രോട്ടോക്കോൾ കണക്കിലെടുത്ത് ഇവരെ കടത്തി വിടാതിരിക്കുകയായിരുന്നു എന്നും വീട്ടമ്മമാർ പറയുന്നു. ഒടുവിൽ മന്ത്രി തന്നെ നേരിട്ടെത്തി ഇവരോട് കാര്യങ്ങൾ അന്വേഷിക്കവേയാണ് ചോദ്യങ്ങൾ ഉയർന്നത്.

ഓമശ്ശേരിയിൽ നിന്നുള്ള വീട്ടമ്മമാരാണ് മന്ത്രിയെ ഉത്തരം മുട്ടിച്ചത്. പെൻഷൻ വിതരണം ചെയ്‌തവർക്ക് നൽകേണ്ട ഇൻസെന്റീവ് നൽകിയില്ലെന്നായിരുന്നു ഇവരുടെ ആരോപണം. രണ്ട് മൂന്ന് മാസം കൂടുമ്പോൾ ഇത് ഒരുമിച്ച് അനുവദിക്കുന്നുണ്ടെന്ന് മന്ത്രി മറുപടി നൽകിയെങ്കിലും വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല. 2021 നവംബർ മാസം മുതൽ കുടിശ്ശികയാണെന്ന് വീട്ടമ്മമാർ പറഞ്ഞതോടെ മന്ത്രി ആശയകുഴപ്പത്തിലായി.
എന്നാൽ അത് നിങ്ങളുടെ മാത്രം ഓഫീസിന്റെ പ്രശ്‌നം ആയിരിക്കും എന്നായിരുന്നു ധനമന്ത്രിയുടെ വാദം. പക്ഷേ ഇത് അംഗീകരിക്കാനും വീട്ടമ്മമാർ തയ്യാറായില്ല. ഇത് പ്രത്യേക കേസല്ലെന്നും ഒരാൾക്ക് പോലും പണം ലഭിച്ചിട്ടില്ലെന്നും അവർ മറുപടി നൽകിയതോടെ മന്ത്രിക്ക് ഗത്യന്തരമില്ലാതെയായി. ഏത് ഓഫീസാണെന്ന് ചൂണ്ടിക്കാട്ടി പരാതി എഴുതി നൽകാൻ പറഞ്ഞു മന്ത്രി തടിതപ്പുകയായിരുന്നു.
അതേസമയം, നവകേരള സദസിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മുക്കത്ത് എത്തുന്നത് പ്രമാണിച്ച് നേതാക്കളെ കരുതൽ തടങ്കലിലാക്കി. യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെയാണ് പോലീസ് കസറ്റഡിയിൽ എടുത്തത്. യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് ലെറിൻ, കാരശ്ശേരി മണ്ഡലം പ്രസിഡന്റ് ശാരിബ് എന്നിവരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
എന്നാൽ ഇരുവരെയും പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്ന ഇരുവരെയും പോലീസ് കസ്‌റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ ആളുകളിൽ ചിരി പടർത്തി.
'യു ആർ അണ്ടർ അറസ്‌റ്റ്' എന്ന് രഹസ്യമായി പറഞ്ഞായിരുന്നു പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ചിരിച്ചുകൊണ്ടായിരുന്നു ഈ കസ്‌റ്റഡിയിൽ എടുക്കലും, സ്‌റ്റേഷനിലേക്ക് പോവലുമെന്നതും ആളുകളിൽ കൗതുകമുണർത്തി.












Click it and Unblock the Notifications