ബാബറേ ഒഴിഞ്ഞുപോ, ആ തല ഇടയ്‌ക്കൊക്കെ വര്‍ക്ക് ചെയ്യിപ്പിക്കാം; പരിഹസിച്ച് ഷോയിബ് മാലിക്
ഇസ്ലാമാബാദ്: പാകിസ്താന്‍ ടീമിനെ കടന്നാക്രമിച്ച് മുന്‍ താരം ഷോയിബ് മാലിക്. ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെയാണ് രൂക്ഷമായി താരം വിമര്‍ശിച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ക്യാപ്റ്റന്‍ ഒഴിയുന്നതാണ് ബാബറിന് നല്ലതെന്ന് മാലിക് ചൂണ്ടിക്കാണിച്ചു. ഇന്ത്യക്കെതിരായ ഏഴ് റണ്‍സിന്റെതോല്‍വി പാക് ടീമിനെ കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്.
കാനഡയ്‌ക്കെതിരെയുള്ള മത്സരം പാകിസ്താന്‍ ജയിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ പുറത്താവും. ബാബറിന് അധിക ബാധ്യതകള്‍ നല്‍കാതിരിക്കുകയാണ് വേണ്ടത്. അതിലൂടെ മാത്രമേ ബാബറിന് തന്റെ ഉന്നത നിലവാരമുള്ള ബാറ്റിംഗ് പുറത്തെടുക്കാന്‍ സാധിക്കൂ എന്നും മാലിക് പറഞ്ഞു.

2023 ഏകദിന ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ ബാബര്‍ അസം മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്താന്‍ ടീമിനെ നയിച്ചത്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ 4-1ന് ടീം തോല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബാബറിനെ വീണ്ടും ക്യാപ്റ്റനായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നിയമിച്ചത്.
അതിന് ശേഷം പാകിസ്താന്‍ കളിക്കുന്ന ആദ്യ ലോകകപ്പാണിത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ പുറത്താവലിന്റെ വക്കിലാണ് ടീം. ബാബറിന്റെ ക്യാപ്റ്റന്‍സിയാണ് ഏറ്റവും വിമര്‍ശിക്കപ്പെടുന്നത്. അമേരിക്കയോട് പോലും പാകിസ്താന്‍ തോറ്റതാണ് നാണക്കേടായി മാറിയിരിക്കുന്നത്.
കുറേ കാലമായി ഞാന്‍ പറയുന്നു. ദയവ് ചെയ്ത് ആ ക്യാപ്റ്റന്‍സി അങ്ങ് ഉപേക്ഷിച്ചേക്കൂ. നിങ്ങളൊരു ക്ലാസ് പ്ലെയറാണ്. ആ മികവ് പുറത്ത് കാണിക്കണമെങ്കില്‍ ക്യാപ്റ്റന്‍സി ബാബറിന് തടസ്സമാണ്. അധിക ബാധ്യതകളെല്ലാം ഒഴിയണം. ക്യാപ്റ്റന്‍സിയില്‍ നിന്ന് ബാബര്‍ മാറിയാല്‍ അത് ഏറെ ഗുണം ചെയ്യുമെന്നും ഷോയിബ് മാലിക് പറഞ്ഞു.
ബാബറിന്റെ മോശം ബാറ്റിംഗ് ഫോമും അതുപോലെ സഹതാരങ്ങളെ അമിതമായി തോല്‍വിയില്‍ വിമര്‍ശിക്കുന്നതുമെല്ലാം കാരണം ആരാധകര്‍ താരത്തിനെതിരെ രംഗത്ത് വരാന്‍കാരണമായിരിക്കുകയാണ്. സ്വന്തം പരാജയം മറച്ചുവെക്കാനാണ് ബാബര്‍ മറ്റുള്ളവരെ പഴിചാരുന്നതെന്നാണ് വിമര്‍ശനം.
ഇന്ത്യക്കെതിരെയുള്ള ചേസിംഗ് പാകിസ്താന്റെ ഏറ്റവും മോശപ്പെട്ട കലിയുടെ പ്രതിഫലനമാണ്. ബാബറും ടീമും ഈയൊരു അവസ്ഥയില്‍ കളിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. അവര്‍ മറികടക്കേണ്ടതും അത്തരം പ്രശ്‌നങ്ങളെയാണ്. ബാബറിന്റെയും റിസ്വാന്റെയും സ്‌ട്രൈക്ക് റേറ്റിനെ കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. 120 റണ്‍സായിരുന്നു ആകെ ചേസ് ചെയ്യേണ്ടിയിരുന്നത്. എന്നിട്ടും സ്‌ട്രൈക്ക് റേറ്റ് എന്തുകൊണ്ട് ഉയര്‍ത്താന്‍ നോക്കിയില്ല.
ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും നിങ്ങളുടെ ബുദ്ധി സമ്മര്‍ദ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, എന്നാണ് അത് പ്രവര്‍ത്തിക്കുകയെന്നും മാലിക് പരിഹസിച്ചു. ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്ന് പറയാന്‍ താന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും മാലിക് പറഞ്ഞു.












Click it and Unblock the Notifications