ഷമിക്ക് പെട്ടിയും പായും മടക്കേണ്ടി വരുമോ? ടീമിൽ ഉൾപ്പെടുത്താൻ ഈ നിബന്ധന മുന്നോട്ട് വച്ച് ബിസിസിഐ
മുംബൈ: കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും പേസർ മുഹമ്മദ് ഷമിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഷമി ബാറ്റർമാരുടെ പേടിസ്വപ്‌നമായി മാറിയിരുന്നു. ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് ടേക്കർമാരിൽ ഒരാളായി ഷമി മാറുകയും ചെയ്‌തിരുന്നു. എന്നാൽ അതിന് ശേഷം ഷമിക്ക് അത്ര നല്ല കാലമല്ല.
പരിക്കിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തോളമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയാണ് ഇന്ത്യയുടെ സ്‌റ്റാർ പേസർ. എന്നാൽ അടുത്തിടെയാണ് താരം ക്രിക്കറ്റിലേക്ക് തന്റെ മടങ്ങിവരവ് അടയാളപ്പെടുത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ മികച്ച സ്പെല്ലുകളുമായി തന്റെ വരവ് അറിയിച്ച ഷമി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്കുള്ള ടീമിൽ ഇടം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്.

എന്നാൽ ആദ്യ രണ്ട് ടെസ്‌റ്റുകളിൽ താരം കളിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കണമെങ്കിൽ ഷമിക്ക് മുന്നിൽ നിബന്ധന വച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്. താരത്തെ മത്സരത്തിന് ഇറക്കണമെങ്കിൽ ശാരീരിക ക്ഷമത ഉൾപ്പെടയുള്ളവയിൽ കാര്യമായ മാറ്റമാണ് ബോർഡ് ആവശ്യപ്പെടുന്നത്.
കൂടാതെ അടുത്ത ദിവസങ്ങളിൽ ഷമിയുടെ പ്രകടനം വിലയിരുത്താനും ബിസിസിഐ ശ്രമിക്കുന്നുണ്ട്. താരത്തെ തങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് ബിസിസിഐ ഇപ്പോൾ. രഞ്ജി ട്രോഫിയിലെ പ്രകടനം മാത്രം മതിയാവില്ല ഷമിക്ക് വീണ്ടും ടീമിൽ കയറിപ്പറ്റാൻ, മറിച്ച് സായിദ് മുഷ്‌താഖ് അലി ട്രോഫിയിൽ ഷമിയുടെ പ്രകടനം ബോർഡ് വിലയിരുത്തും.
ഇതിന് പുറമെയാണ് തടികുറച്ച് ഫിറ്റ്നസിൽ ശ്രദ്ധ ചെലുത്താൻ ഷമിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐയുടെ ഒരു മെഡിക്കൽ ടീം സദാസമയവും ഷമിയെ നിരീക്ഷിക്കുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം. താരത്തിന്റെ ശാരീരിക ക്ഷമത തന്നെയാണ് ബിസിസിഐയുടെ ഏക ആശങ്ക. ഈ കടമ്പ കൂടി മറികടന്നത് ഷമിക്ക് ഓസ്‌ട്രേലിയയിൽ പന്തെറിയുക വലിയ ബുദ്ധിമുട്ടാവില്ല.
എന്നാൽ മറ്റ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഷമിയുടെ മടങ്ങിവരവ് വൈകുമെന്നാണ്. ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ മുഹമ്മദ് ഷമിയെ കളത്തിൽ ഇറക്കുക എന്നതാണ് ബിസിസിഐയുടെ ലക്ഷ്യം. അങ്ങനെയെങ്കിൽ തിരക്കിട്ട് ഷമിയെ ടെസ്‌റ്റ് ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത വളരെ വിരളമാണ്.
അതേസമയം, ഓസീസിനെതിരെ ബോർഡർ-ഗവാസ്‌കർ ട്രോഫി കളിക്കുന്ന ഇന്ത്യൻ ടീമിൽ പേസ് നിര ശക്തമാണ്. ബൗളിങ് കരുത്ത് കൊണ്ട് കൂടിയാണ് ഇന്ത്യ ആദ്യം മത്സരം അനായാസം ജയിച്ചത്. ജസ്പ്രീത് ബുമ്ര നേതൃത്വം നൽകുന്ന ബൗളിങ് നിരയിൽ മുഹമ്മദ് സിറാജ്, ഹർഷിത് റാണ തുടങ്ങിയ പേസർമാർ അണിനിരക്കുന്നു. എങ്കിലും ബുമ്ര-ഷമി കോംബോ വീണ്ടും കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.












Click it and Unblock the Notifications