ഇങ്ങനെ പോയാൽ ശ്രേയസ് ടീമിൽ ഉണ്ടാവില്ലെന്ന് ബിസിസിഐ; ഇത് സഞ്ജുവിനും കൂടിയുള്ള മുന്നറിയിപ്പോ? കാരണം
മുംബൈ: പുതിയ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ ആദ്യ ടെസ്‌റ്റ് പരമ്പര കളിയ്ക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ടീം. താരതമ്യേന ദുർബലരായ ബംഗ്ലാദേശ് ടീമിനെതിരാണ് ആദ്യ പരമ്പരയിൽ ഗൗതിക്ക് കീഴിൽ ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ കരുത്തരായ പാകിസ്ഥാനെ ഏകപക്ഷീയമായി രണ്ട് ടെസ്‌റ്റുകളിലും തോൽപ്പിച്ച് കൊണ്ട് വരുന്ന ബംഗ്ലാ കടുവകളെ അങ്ങനെയങ്ങ് എഴുതി തള്ളാനും കഴിയില്ല. അപ്പോഴാണ് ഇത്തവണത്തെ ടീം തിരഞ്ഞെടുപ്പ് ചർച്ചയാവുന്നത്.
ഒരു കാലത്ത് ഇന്ത്യൻ ടീമിലെ നിറസാന്നിധ്യമായിരുന്ന ശ്രേയസ് അയ്യർ, പക്ഷേ ഇപ്പോൾ പലപ്പോഴും തരാം ടീമിന് പുറത്താണ്. മോശം പ്രകടനത്തിന്റെ പേരിലാണ് താരം പുറത്തായതെന്നത് ശരിയാണ്. എങ്കിലും ബിസിസിഐ പലപ്പോഴും കൂടുതൽ അവസരങ്ങൾ ശ്രേയസിന് നൽകാറുണ്ട്. പ്രത്യേകിച്ച് നാലാം നമ്പറിൽ സ്ഥിരതയുള്ള താരത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ പാതിവഴിയിൽ നിലച്ച സാഹചര്യത്തിൽ.

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ടെസ്‌റ്റിൽ ആയാലും ഏകദിനത്തിൽ ആയാലും നാലാം നമ്പറിൽ കൃത്യമായ ഒരു താരത്തെ അവതരിപ്പിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. അത് പലപ്പോഴും ടീമിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്നു. ആ അവസരത്തിലാണ് ദുലീപ് ട്രോഫിയിൽ കൂടി ശ്രേയസ് അയ്യറിന് അവസരം നൽകാൻ ബിസിസിഐ നിർബന്ധിതരായത്.
എന്നാൽ ഈ ശ്രമവും പരാജയപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദുലീപ് ട്രോഫിയിൽ താരത്തിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഇതോടെ ശ്രേയസ് അയ്യറിന് ബിസിസിഐ വ്യക്തമായ സൂചന ഇക്കാര്യത്തിൽ നൽകിയിരിക്കുകയാണ്. കാര്യങ്ങൾ ഈ നിലയ്ക്ക് പോയാൽ തുടർന്നുള്ള പരമ്പരകളിൽ താരത്തെ പരിഗണിക്കില്ലെന്നാണ് ബോർഡ് നൽകുന്ന സൂചന.
ദുലീപ് ട്രോഫിയിൽ ഡി ടീമിന്റെ നായകനായ അയ്യർ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി കേവലം 104 റൺസ് മാത്രമാണ് നേടിയത്. ടൂർണമെന്റിലെ താരത്തിന്റെ ഷോട്ട് സെലക്ഷൻ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ ബിസിസിഐ വൃത്തങ്ങൾ അയ്യറിനെ ടെസ്‌റ്റ് ടീമിലേക്ക് പരിഗണിക്കാൻ സാധ്യത ഇല്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
സഞ്ജുവിനും സമാനഗതിയോ?
കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണും ശ്രേയസ് അയ്യറിന്റെ ടീമിലായിരുന്നു ദുലീപ് ട്രോഫിയിൽ കളിച്ചിരുന്നത്. എന്നാൽ സഞ്ജുവിനും ടൂർണമെന്റിൽ കാര്യമായ പ്രകടനം കാഴ്‌ച വയ്ക്കാൻ കഴിഞ്ഞില്ലെന്നതാണ് പ്രധാന കാര്യം. ഒരു ഇന്നിംഗ്‌സിൽ മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ പറത്തി താരം വരവറിയിച്ചെങ്കിലും നീണ്ട ഇന്നിംഗ്‌സ് കളിയ്ക്കാൻ കഴിയാതെ മടങ്ങേണ്ടി വരികയായിരുന്നു.
ഇതോടെ സഞ്ജുവിന്റെ സാധ്യത അടയാക്കുകയാണോ എന്ന ചോദ്യം ആരാധകർ ഉയർത്തുന്നത്. ശ്രേയസിനെ കുറിച്ച് ബിസിസിഐ മുന്നോട്ട് കാഴ്ച്ചപ്പാട് അനുസരിച്ചാണെങ്കിൽ താരത്തിനും വരാനിരിക്കുന്ന പരമ്പരകളിൽ ദൈർഘ്യമേറിയ ഫോർമാറ്റിൽ കളിയ്ക്കാൻ അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന. മോശം ഫോം തന്നെയാണ് ഇവിടെയും താരത്തിന് വില്ലനാവുന്നത്.
ഇത് കൂടാതെ മറ്റ് യുവതാരങ്ങൾ മികച്ച പ്രകടനമാണ് ആഭ്യന്തര ക്രിക്കറ്റിൽ കാഴ്‌ച വയ്ക്കുന്നത്. പ്രത്യേകിച്ച് ധ്രുവ് ജൂറൽ, സറഫറസ് ഖാൻ തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണ്. ഈ സാഹചര്യത്തിൽ സഞ്ജുവിനും ശ്രേയസ് അയ്യർക്കും ഈ ഫോമുമായി ഇന്ത്യൻ ടീമിൽ കയറി പറ്റുക തികച്ചും അസാധ്യമായ കാര്യം തന്നെയാണ്. അതിന്റെ സൂചനയാണ് ഏറ്റവും ഒടുവിൽ ബിസിസിഐ നൽകുന്നതും.












Click it and Unblock the Notifications