പണവും പ്രശസ്‌തിയും വിരാട് കോലിയുടെ സ്വഭാവം മാറ്റിയോ? കൃത്യമായ ഉത്തരവുമായി ഇഷാന്ത് ശർമ്മ
മുംബൈ; ഇന്ത്യൻ ക്രിക്കറ്റിലെ ആധുനിക ഇതിഹാസമാണ് വിരാട് കോലി. സാധ്യമായ എല്ലാ റെക്കോർഡുകളും സ്വന്തം റെക്കോർഡുകളും വരുതിയിലാക്കി കുതിക്കുന്ന താരത്തിന്റെ യാത്രയ്ക്കിടയിൽ ധാരാളം വിവാദങ്ങളും വിരുന്ന് വന്നിട്ടുണ്ട്. അത്തരത്തിൽ ഒന്നായിരുന്നു അടുത്തിടെ മുൻ ഇന്ത്യൻ സ്‌പിന്നർ കൂടിയായിരുന്ന അമിത് മിശ്ര ഉന്നയിച്ച ചില ആരോപണങ്ങൾ. ഒരു പോഡ്‌കാസ്‌റ്റ് പരിപാടിയിലായിരുന്നു മിശ്ര കോലിക്കെതിരെ തുറന്നടിച്ചത്.
പണവും പ്രശസ്‌തിയും കോലിയെ ആകെ മാറ്റിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇതിന് പിന്നാലെ നിരവധി പേർ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒക്കെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ കൃത്യമായ മറുപടിയുമായി ഇന്ത്യൻ പേസറും കോലിയുടെ തുടക്ക കാലം തൊട്ടേ ഡൽഹി ടീമിലെയും ദേശീയ ടീമിലെയും സഹതാവുമായിരുന്ന ഇഷാന്ത് ശർമ്മ. ഇരുവരും തമ്മിൽ മികച്ച സൗഹൃദമായിരുന്നു.

മൈഖേലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇഷാന്ത് ശർമ്മയുടെ പ്രതികരണം. കോലിക്കെതിരായ ഇത്തരം ആരോപണങ്ങൾ ഇഷാന്ത് പൂർണമായും തള്ളിക്കളഞ്ഞു. നായക പദവി ഏറ്റെടുക്കുമ്പോൾ ഉണ്ടാവുന്ന സമ്മർദ്ദം മൂലം ചില മാറ്റങ്ങൾ ഉണ്ടായിരുന്നിരിക്കാം എന്നതിലുപരി കോലിക്കെതിരായ മറ്റുള്ള ആരോപണങ്ങളിൽ ഒന്നും തന്നെ കഴമ്പില്ലെന്നാണ് ഇഷാന്ത് ശർമ്മ വ്യക്തമാക്കുന്നത്.
ഇന്ത്യയുടെ സൂപ്പർതാരത്തെ പലപ്പോഴും ആളുകൾ തെറ്റിദ്ധരിക്കുകയാണെന്നും ഇഷാന്ത് മനസ് തുറന്നു. പ്രശസ്‌തിയും കാലവും കോലിയെ മാറ്റി എന്ന ചിന്ത വച്ചുപുലർത്തുന്നവരുടെ ധാരണ തെറ്റാണെന്നും ഇഷാന്ത് ചൂണ്ടിക്കാട്ടി. ഇരു താരങ്ങളും തമ്മിൽ കഴിഞ്ഞ ഇരുപത് വർഷത്തോളമായി വച്ച് പുലർത്തുന്ന ബന്ധം അതേപടി തുടരുകയാണെന്നും അദ്ദേഹം പറയുന്നു.
'ആരാണ് കോലി മാറിയതെന്ന് പറഞ്ഞതെന്ന് എനിക്ക് അറിയില്ല. എന്നെ സംബന്ധിച്ചിടത്തോളം അവനുമായുള്ള ബന്ധത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. അണ്ടർ 17 പ്രായം തൊട്ട് ഞങ്ങൾ ഇരുവരും കളിക്കുന്നുണ്ട്. ഇപ്പോൾ എനിക്ക് 36 വയസായി കഴിഞ്ഞു. അദ്ദേഹത്തിനും വൈകാതെ 36 വയസാവും. എനിക്കൊരിക്കലും അദ്ദേഹം മാറിയിട്ടില്ല' ഇഷാന്ത് പറഞ്ഞു.
പിന്നെ ഒരു നായകൻ എന്ന നിലയിൽ ധാരാളം സമ്മർദ്ദങ്ങൾ ഉണ്ടാവുമെന്ന് ഉറപ്പാണെന്നും ആ സ്ഥാനത്ത് ഇരിക്കുമ്പോൾ എല്ലാവരെയും ഒരുപോലെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നും ഇഷാന്ത് പറയുന്നു. അക്കരണത്താലാവാം വിരാട് കോലിയെന്ന് ആളുകൾ തെറ്റിദ്ധരിക്കുന്നതെന്നും മുൻ ഇന്ത്യൻ പേസർ അഭിപ്രായപ്പെട്ടു.
നേരത്തെ, ഇന്ത്യൻ സ്‌പിന്നറും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ ഒരാളുമായിരുന്ന അമിത് മിശ്രയാണ് വിരാട് കോലിക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചത്. പണവും പ്രശസ്‌തിയും വന്നപ്പോൾ വിരാട് കോലിയുടെ സ്വഭാവം ആകെ മാറിയെന്നായിരുന്നു അമിത് മിശ്ര ആരോപിച്ചത്. തങ്ങൾ ഇപ്പോൾ പരസ്‌പരം സംസാരിക്കാറില്ലെന്നും മിശ്ര പറഞ്ഞിരുന്നു.
അധികാരവും പ്രശസ്‌തിയും ഒക്കെ വരുമ്പോൾ ആളുകൾ വിചാരിക്കുന്നത് എല്ലാവരും എന്തെങ്കിലും നേട്ടത്തിന് വേണ്ടിയാണ് അവരുടെ അടുത്തേക്ക് വരുന്നതെന്നാണ്. എന്നാൽ താനൊരിക്കലും അങ്ങനെ ഒരാളായിരുന്നില്ല. പതിനാല് വയസുള്ളപ്പോൾ മുതൽ കോലിയെ അറിയാമെന്നും അമിത് മിശ്ര പറഞ്ഞിരുന്നു. ഈ ആരോപണത്തിലാണ് ഇപ്പോൾ ഇഷാന്ത് ശർമ്മ തന്റെ നിലപാട് വ്യക്തമാക്കിയത്.












Click it and Unblock the Notifications