ധോണി വലവിരിച്ചത് ഈ 5 താരങ്ങൾക്ക് വേണ്ടി; ഇവരെ കിട്ടിയാൽ സിഎസ്കെ കപ്പ് തൂക്കുമെന്ന് ഉറപ്പ്
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. അഞ്ച് കിരീടങ്ങൾ സ്വന്തമായുള്ള അവർ ഏറ്റവും കൂടുതൽ തവണ പ്ലേ ഓഫ് കളിച്ച ടീമുകളിൽ ഒന്ന് കൂടിയാണ്. ഒന്നര പതിറ്റാണ്ടിനിടെ ടീമിലെ പല താരങ്ങളും മാറി മറിഞ്ഞെങ്കിലും മഹേന്ദ്ര സിംഗ് ധോണിയെന്ന റാഞ്ചിക്കാരൻ ഇന്നും ചെന്നൈയോട് ചേർന്ന് നിൽക്കുകയാണ്.
അടുത്ത ഐപിഎൽ സീസണിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഐപിഎൽ താരലേലവും അടുത്തു കഴിഞ്ഞു. പുത്തൻ പേരുകളും പട്ടികയിലുണ്ട്. സ്ഥിരം ഐപിഎൽ താരങ്ങളെ മാറ്റി നിർത്തിയാൽ ഇക്കുറി ഏകദിന ലോകകപ്പിലെ മികച്ച പ്രകടനം കൊണ്ട് ലേലത്തിൽ ശ്രദ്ധാ കേന്ദ്രങ്ങളാവുമെന്ന് കരുതപ്പെടുന്ന ഒരുപിടി താരങ്ങളുണ്ട്.

രണ്ടും കൽപിച്ച് തന്നെയാണ് സിഎസ്കെ ഇക്കുറി രംഗത്തിറങ്ങുന്നത്. ലേലത്തിൽ ഇനി അവർക്ക് ചെലവഴിക്കാൻ ബാക്കിയുള്ള തുക 31.4 കോടി രൂപയാണ്. ആകെ 333 താരങ്ങൾ ലേലത്തിനായി രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. ഡിസംബർ 19ന് ദുബായിൽ വെച്ചാണ് ലേലം നടക്കുക. വരാനിരിക്കുന്ന സീസണിൽ സിഎസ്കെയും ധോണിയും ലക്ഷ്യമിടുന്ന അഞ്ച് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.
ഡാരിൽ മിച്ചൽ
ന്യൂസിലൻഡിന് വേണ്ടി ഏകദിന ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് മിച്ചൽ. ഇന്ത്യയ്‌ക്കെതിരായ സെമിഫൈനലിൽ അടക്കം സെഞ്ചുറിയുമായി താരം തിളങ്ങി. ഒരു ഓൾറൗണ്ടർ കൂടിയായ താരത്തിന് വേണ്ടി നല്ല മത്സരം തന്നെ നടക്കുമെന്നാണ് കരുതപ്പെടുന്നത്. സ്‌റ്റീഫൻ ഫ്ലെമിങ് പരിശീലകനായ സിഎസ്കെ ടീമിൽ കിവീസ് താരങ്ങളെ എത്തിക്കാൻ ധോണിക്കും താത്പര്യം ഉണ്ട്.
രചിൻ രവീന്ദ്ര
ന്യൂസിലൻഡ് ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി ഉയർന്നു വരികയാണ് ഇന്ത്യയിൽ വേരുകളുള്ള ഈ താരം. ഓൾറൗണ്ടറാണ് രചിനും, അതിനാൽ തന്നെ സിഎസ്കെയുടെ ഭാവി താരമായി ധോണി മനസ്സിൽ കണ്ട താരമായിരിക്കും രചിൻ എന്നുറപ്പാണ്.
മനീഷ് പാണ്ഡെ
ഇന്ത്യൻ താരം മനീഷ് പാണ്ഡെ ചെന്നൈയുടെ പട്ടികയിലുണ്ട്. കഴിഞ്ഞ കുറച്ച് സീസണുകളിലായി അത്ര മികച്ച പ്രകടനമല്ല താരം കാഴ്‌ചവയ്ക്കുന്നത്. സൺ റൈസേഴ്‌സ് ഹൈദരാബാദ് ടീമിൽ നിന്ന് ഡൽഹി ക്യാപിറ്റൽസിലേക്ക് ചേക്കേറിയെങ്കിലും കഴിഞ്ഞ സീസണിലും മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും സിഎസ്കെ തേടുന്നത് മനീഷിന്റെ പരിചയ സമ്പത്താണ്.
ഷാരുഖ് ഖാൻ
ധോണിക്ക് ശേഷം ഒരു ഫിനിഷറെ തേടുന്ന സിഎസ്കെയ്ക്ക് നല്ലൊരു ഓപ്‌ഷനാണ് ഷാരുഖ്. ഐപിഎല്ലിൽ അത്ര മികച്ച പ്രകടനം ഒന്നും കാഴ്‌ച വെച്ചിട്ടില്ലെങ്കിലും താരത്തിന്റെ പ്രതിഭ സിഎസ്കെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്ന് മാത്രമല്ല ചെന്നൈയിൽ കളിയ്ക്കാൻ ഷാരുഖിനും നന്നായറിയാം.
കരുൺ നായർ
അധികമാരും തേടാത്ത താരങ്ങളെ കുറഞ്ഞ വിലയിൽ ടീമിൽ എത്തിച്ച് മാച്ച് വിന്നർമാരായി ഉയർത്തുകയാണ് സിഎസ്കെയുടെ തന്ത്രം, അതിനായി ഇക്കുറി അവർ നോട്ടമിട്ട താരമാണ് കരുൺ നായർ. മോശമല്ലാത്ത വില നൽകി കരുണിനെ സ്വന്തമാക്കാൻ അവർ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.












Click it and Unblock the Notifications