തല മുതൽ കിംഗ് വരെ..; ഐപിഎൽ 2008 സീസണിലും 2024 എഡിഷനിലും ഭാഗമാകുന്ന താരങ്ങൾ ഇവരൊക്കെ...
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസൺ ആരംഭിക്കാൻ മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. താരലേലം അടുത്തിടെയാണ് അവസാനിച്ചത്. എന്നാൽ പല മുൻനിര താരങ്ങളും ലേലത്തിൽ പങ്കെടുത്തിരുന്നില്ല. അവരെ ടീമുകൾ നിലനിർത്തുകയോ, വൻതുക മുടക്കി ലേലത്തിന് മുന്നോടിയായി വാങ്ങുകയോ ചെയ്‌തതിനാലായിരുന്നു. പതിനേഴാമത്തെ എഡിഷനാണ് ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസൺ.
2008 മുതൽ ആരംഭിച്ച ഈ ടൂർണമെന്റ്, ലോകത്തിലെ തന്നെ ഏറ്റവും വലിയ പണംവാരി ലീഗുകളിൽ ഒന്നാണ്. പത്ത് ഫ്രാഞ്ചൈസികളാണ് ഇക്കുറി മത്സരരംഗത്തുണ്ട്. അതിൽ ഒന്നാമത്തെ സീസൺ മുതൽ ഉള്ളതും, പുതുതായി വന്നവരും, പേരുമാറ്റി അങ്കത്തിന് ഇറങ്ങുന്നവരും ഒക്കെയുണ്ട്. എന്നാൽ ആദ്യ സീസൺ മുതൽ ഐപിഎല്ലിന്റെ ഭാഗമായ ഒരുപിടി താരങ്ങൾ ഇപ്പോഴും കളിക്കുന്നുണ്ട്. അവർ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

എംഎസ് ധോണി
ഇന്ത്യയുടെ ഭാഗ്യനായകൻ എംഎസ് ധോണി പതിനേഴ് സീസണുകളിലായി ഐപിഎല്ലിൽ കളിച്ച താരമാണ്. ആദ്യ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരമായിരുന്നു ധോണി. ഇടക്കാലത്ത് കോഴ വിവാദത്തെ തുടർന്ന് ടീം വിലക്ക് നേരിട്ടപ്പോൾ മാത്രമാണ് ധോണി ചെന്നൈയിൽ നിന്ന് മാറി നിന്നത്. അതിന് ശേഷമായാലും മുൻപായാലും സിഎസ്കെ തന്നെയാണ് ധോണിയുടെ ടീം.
വിരാട് കോഹ്ലി
ഐപിഎല്ലിലെ ഏറ്റവും ലോയൽ താരമെന്ന് വിശേഷിപ്പിക്കാവുന്നത് കോഹ്ലിയെയാണ്. ആദ്യ സീസണിൽ തന്നെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ എത്തിയ കോഹ്ലി പിന്നീട് അവിടുന്ന് പടി ഇറങ്ങിയില്ല. ഈ ബന്ധം ഇപ്പോഴിതാ പതിനേഴാം സീസണിലേക്ക് കടക്കുകയാണ്.
രവീന്ദ്ര ജഡേജ
ഐപിഎല്ലിലെ മിന്നും താരങ്ങളിൽ ഒരാളാണ് രവീന്ദ്ര ജഡേജ. ഉദ്‌ഘാടന സീസണിൽ ജഡേജ ഷെയ്ൻ വോണിന്റെ രാജസ്ഥാൻ റോയൽസിന് ഒപ്പമായിരുന്നു. ആ തവണ ഒട്ടും പ്രതീക്ഷകൾ വയ്ക്കാതെ ടൂർണമെന്റിൽ കിരീടം നേടാൻ ടീമിനെ സഹായിച്ചു. പിന്നെ കൊച്ചി ടസ്‌കേഴ്‌സ് ഉൾപ്പെടെ വിവിധ ടീമുകളിൽ കളിച്ച താരമിപ്പോൾ ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ഭാഗമാണ്.
രോഹിത് ശർമ
ഐപിഎല്ലിന്റെ ഉദ്‌ഘാടന സീസൺ മുതൽ അതിന്റെ ഭാഗമായ മറ്റൊരു സൂപ്പർ താരമാണ് രോഹിത് ശർമ. കന്നി സീസണിൽ ഡെക്കാൻ ചാർജേഴ്‌സ് ആയിരുന്നു രോഹിതിന്റെ ടീം. പിന്നീട് തന്റെ തട്ടകമായ മുംബൈ ഇന്ത്യൻസിൽ എത്തി. ടീമിനൊപ്പം അഞ്ച് കിരീട വിജയങ്ങളിൽ പങ്കാളിയായ നായകനാണ് രോഹിത് ശർമ.
ശിഖർ ധവാൻ
ഐപിഎല്ലിൽ അതേ പേസിൽ മുന്നോട്ട് പോവുന്ന സൂപ്പർതാരങ്ങളിൽ ഒരാളാണ് ശിഖർ ധവാൻ. ഉദ്‌ഘാടന സീസണിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്നു ധവാൻ. നിലവിൽ പഞ്ചാബ് കിംഗ്‌സിന് വേണ്ടിയാണു അദ്ദേഹം കളിക്കുന്നത്.
ഇവർക്ക് പുറമെ മറ്റ് ചില ഇന്ത്യൻ താരങ്ങൾ കൂടി ഐപിഎൽ ഉദ്‌ഘാടന സീസൺ മുതൽ ടൂർണമെന്റിന്റെ ഭാഗമായി കളിക്കുന്നുണ്ട്. ആർ അശ്വിൻ, ദിനേശ് കാർത്തിക്, അമിത് മിശ്ര തുടങ്ങിയവരെ നമ്മൾ അന്ന് തൊട്ട് കാണുന്നതാണ്. ഇതിന് പുറമെ അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, ഇഷാന്ത് ശർമ്മ തുടങ്ങിയവരും പതിനേഴ് വർഷമായി ഐപിഎല്ലിന്റെ ഭാഗമാണ്.












Click it and Unblock the Notifications