'ഗിൽ ഇന്ത്യൻ ക്യാപ്റ്റനാവാൻ യോഗ്യനല്ല, ആവേണ്ടത് മറ്റൊരു താരം'; സഞ്ജുവിന്റെ പേരും പറഞ്ഞ് അമിത് മിശ്ര
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്‌ദാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ശുഭ്മാൻ ഗിൽ. എന്നാൽ സമീപ കാലത്ത് ഗില്ലിന്റെ പ്രകടനം ആശാവഹമല്ല. കരിയറിന്റെ തുടക്കത്തിൽ കാണിച്ച അതേ നിലവാരം പുലർത്താൻ കഴിയാത്തതാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ഈ വർഷം വിൻഡീസിലും യുഎസിലുമായി നടന്ന ടി20 ലോകകപ്പിൽ താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇക്കഴിഞ്ഞ സിംബാബ്‌വേക്ക് എതിരായ അഞ്ച് മത്സര ടി20യിൽ ഗില്ലിനെ നായകനാക്കിയ നടപടിയെ വിമർശിക്കുകയാണ് മുൻ സ്‌പിന്നർ കൂടിയായ അമിത് മിശ്ര. പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നായകനായി ഗില്ലിനെ തിരഞ്ഞെടുത്ത നടപടിയാണ് അമിത് മിശ്ര വിമർശിക്കുന്നത്. ഗിൽ ആയിരുന്നില്ല ഇതിന് പറ്റിയ താരമെന്ന് അമിത് മിശ്ര ചൂണ്ടിക്കാണിച്ചു.

പകരം താരത്തെയും മിശ്ര നിർദ്ദേശിക്കുന്നുണ്ട്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നായകനായിരുന്ന യുവതാരം ഋതുരാജ് ഗെയ്ക്കവാദിനെ ആയിരുന്നു നായകനായി നിശ്ചയിക്കേണ്ടത് എന്നായിരുന്നു അമിത് മിശ്രയുടെ വാദം. ഒരു യൂട്യൂബ് പോഡ്‌കാസ്‌റ്റിനിടെയായിരുന്നു മുൻ ഇന്ത്യൻ താരത്തിന്റെ അഭിപ്രായപ്രകടനം ഉണ്ടായത്.
"ഞാൻ ആയിരുന്നെങ്കിൽ അദ്ദേഹത്തെ നായകനാക്കില്ലായിരുന്നു. നിങ്ങൾ ഈ സീസണിലെ ഐപിഎൽ കണ്ടിരുന്നില്ലേ. ടീമിനെ എങ്ങനെ നയിക്കണമെന്ന് ഗില്ലിന് അറിയില്ല, അയാൾക്ക് ഇക്കാര്യത്തിൽ ഒരു പിടിയുമില്ല " അമിത് മിശ്ര ഷോയ്ക്കിടെ പറഞ്ഞു. ഇതോടെ വലിയ വിവാദങ്ങൾക്കാണ് വീണ്ടും മിശ്ര തിരികൊളുത്തിയിരിക്കുന്നത്.
ഋതുരാജിന് പുറമെ മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റൻ സ്ഥാനത്തേക്ക് യോഗ്യനാണെന്ന് അമിത് മിശ്ര പറഞ്ഞു. "ടി20യിൽ ഇന്ത്യയെ നയിക്കാൻ കഴിയുന്ന സഞ്ജു സാംസൺ, ഋഷഭ് പന്ത്, റുതുരാജ് ഗെയ്‌ക്‌വാദ് എന്നിവരുണ്ട്. ഇപ്പോൾ ബിസിസിഐ എല്ലാ ഓപ്ഷനുകളും വിലയിരുത്തുക മാത്രമാണ് ചെയ്യുന്നത്" എന്നായിരുന്നു മിശ്ര ചൂണ്ടിക്കാണിച്ചത്.
എല്ലാവർക്കും അവരവരുടേതായ താൽപര്യങ്ങൾ ഉണ്ടെന്നും മിശ്ര ചൂണ്ടിക്കാട്ടി. ഇന്ത്യൻ ടീം ക്യാപ്റ്റൻസിയിൽ രാഹുൽ ദ്രാവിഡിന്റെ സ്വന്തം താൽപര്യങ്ങൾ പ്രതിഫലിച്ചോ എന്ന ചോദ്യത്തിനോടായിരുന്നു അമിത് മിശ്രയുടെ പ്രതികരണം. തനിക്ക് ഗില്ലിനോട് യാതൊരു എതിർപ്പും ഇല്ലെന്നും എന്നാൽ ഋതുരാജ് ആയിരുന്നു കൂടുതൽ മെച്ചപ്പെട്ട ഓപ്‌ഷൻ എന്നാണ് തോന്നിയതെന്നും മിശ്ര കൂട്ടിച്ചേർത്തു.
നേരത്തെ ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‌ലിയെ കുറിച്ച് അമിത് മിശ്ര നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതേ പോഡ്‌കാസ്‌റ്റിൽ തന്നെയായിരുന്നു മിശ്രയുടെ പ്രതികരണം. പ്രശസ്‌തിയും അധികാരവും വിരാട് കോഹ്‌ലിയുടെ സ്വഭാവത്തെത്തന്നെ മാറ്റിയെന്ന ആരോപണമായിരുന്നു അമിത് മിശ്ര ഉന്നയിച്ചത്.
ഇപ്പോഴത്തെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയേയും വിരാട് കോഹ്‍ലിയെയും തമ്മിൽ താരതമ്യം ചെയ്‌ത് സംസാരിക്കവേ ആയിരുന്നു വിവാദ പരാമർശം. ഇതേ പ്രശസ്‌തിയും അധികാരങ്ങളും ഒക്കെ കൈവന്നിട്ടും രോഹിത് ശർമ്മയുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അന്നും ഇന്നും ഒരാൾ തന്നെയാണെന്നും മിശ്ര കൂട്ടിച്ചേർത്തു.












Click it and Unblock the Notifications