ഗംഭീർ വരും ഇന്ത്യൻ ടീമിന്റെ രക്ഷകനായി; നടക്കുമോ ഈ സ്വപ്‌നം? അനിൽ കുംബ്ലെയുടെ പ്രവചനം ഇങ്ങനെ
ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകന് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പല പ്രമുഖരുടെയും പേരുകൾ ഉയർന്നു വരുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ കേൾക്കുന്ന പേര് ലോകകപ്പ് ജേതാവും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളുമായ ഗൗതം ഗംഭീറിന്റേതാണ്. പല മാധ്യമങ്ങളും ഗംഭീറിന് തന്നെയാണ് മുൻഗണന നൽകുന്നത്.
നേരത്തെ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റർ ആയി പ്രവർത്തിച്ചിട്ടുള്ള ഗൗതം ഗംഭീർ ടീമിനെ കിരീടത്തിലേക്ക് നയിച്ചിരുന്നു. ഇതോടെയാണ് ബിസിസിഐ ഗംഭീറിനെ കോച്ചായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാഹുൽ ദ്രാവിഡിന്റെ പിൻഗാമിക്ക് വേണ്ടിയുള്ള തിരച്ചിലിൽ ഗംഭീറിന് തന്നെയാണ് നിലവിൽ മേൽക്കൈ എന്നാണ് സൂചന. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം പങ്കുവയ്ക്കുകയാണ് മുൻ ഇന്ത്യൻ കോച്ചും സ്‌പിന്നറുമായ അനിൽ കുംബ്ലെ. ഗൗതം ഗംഭീറിനെ പുകഴ്ത്തിയ അനിൽ കുംബ്ലെ പക്ഷേ ഇന്ത്യൻ കോച്ച് എന്ന പദവിയും ചുമതലയും അൽപ്പം വ്യത്യസ്‌തമായ വെല്ലുവിളി ആണെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഈ പദവിക്ക് ശക്തമായ നിലപാടുകൾ ഉള്ള ഒരാളെ വേണം, കൂടാതെ സ്ഥിരതയും വേണമെന്ന് കുംബ്ലെ പറഞ്ഞു.
രാഹുൽ ദ്രാവിഡ് നന്നായി കാര്യങ്ങൾ കൈകാര്യം ചെയ്‌തുവെന്ന് കുംബ്ലെ പറയുന്നു. പല സീനിയർ താരങ്ങളും തങ്ങളുടെ കരിയറിന്റെ അവസാന കാലഘത്തിലൂടെയാണ് കടന്നുപോവുന്നത്. ഈ മാറ്റത്തിന്റെ സമയത്ത് ബാറ്റിങ്, ബൗളിങ് വിഭാഗങ്ങളിലെ മികവ് ചോരാതെ വേണം ഇന്ത്യൻ ടീം മുന്നോട്ട് പോവാനെന്നും കുംബ്ലെ ചൂണ്ടിക്കാണിച്ചു.
'അതിനുള്ള സമയം കൊടുക്കണം. അദ്ദേഹം തീർച്ചയായും കഴിവുള്ളവനാണ്. ഗൗതം ടീമുകളെ കൈകാര്യം ചെയ്യുന്നത് നമ്മൾ കണ്ടതാണ്. ഇന്ത്യയുടെയും ഐപിഎല്ലിൽ ഡൽഹിയുടെയും ക്യാപ്റ്റനായിരുന്നു അദ്ദേഹം. അതിനുള്ള എല്ലാ യോഗ്യതകളും അദ്ദേഹത്തിനുണ്ട്.' കുംബ്ലെ ഇഎസ്‌പിഎൻ ക്രിക് ഇൻഫോ പരിപാടിയിൽ പറഞ്ഞു.
'എന്നാൽ ഇന്ത്യൻ ടീമിന്റെ കോച്ചിംഗ് അൽപ്പം വ്യത്യസ്‌തമാണ്, നിങ്ങൾ അദ്ദേഹത്തിന് സെറ്റിൽ ചെയ്യാൻ സമയം നൽകണം. ഞാൻ സൂചിപ്പിച്ചതുപോലെ, അദ്ദേഹം ആ ജോലി ഏറ്റെടുക്കുകയാണെങ്കിൽ, നിലവിലെ അവസ്ഥ മാത്രമല്ല, ഇന്ത്യയുടെ ഭാവിയും നോക്കാനുള്ള ചുമതല അദ്ദേഹത്തിനുണ്ട്' കുംബ്ലെ തന്റെ നിലപാട് വ്യക്തമാക്കി.
താരങ്ങളുമായി ഉള്ള മുൻപരിചയം ഒരു പ്രധാന ഘടകം അല്ലെന്നും കുംബ്ലെ വ്യക്തമാക്കി. കൃത്യസമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കണം. ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് യോഗ്യനായ വ്യക്തിയെ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണെന്നും ഏത് സാഹചര്യത്തെയും തരണം ചെയ്യാൻ കെൽപ്പുള്ള വ്യക്തിയായിരിക്കണമെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി.
അതേസമയം, ടി20 ലോകകപ്പ് കഴിയുന്നതോടെ ഇന്ത്യൻ പരിശീലക സ്ഥാനത്ത് നിന്ന് രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിഞ്ഞേക്കും എന്നാണ് റിപ്പോർട്ട്. ഇതോടെയാണ് പകരക്കാരനെ തേടിയുള്ള അന്വേഷണം ആരംഭിച്ചത്. നിലവിൽ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ പ്രധാനി ഗൗതം ഗംഭീർ തന്നെയാണ്. എന്നാൽ അവസാന നിമിഷം ബിസിസിഐ എന്തെങ്കിലും അത്ഭുതം കാട്ടുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്.












Click it and Unblock the Notifications