ഗംഭീറിന് എട്ടിന്റെ പണികൊടുത്ത് ബിസിസിഐ, 2 നിയമനങ്ങള്‍ തള്ളി; പകരം നിര്‍ദേശിച്ചത് ഇവരെ
മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ഗൗതം ഗംഭീറിന് തിരിച്ചടി. ഗംഭീറിന്റെ ഒരു നിര്‍ദേശം ഇപ്പോള്‍ ബിസിസിഐ തള്ളിയിരിക്കുകയാണ്. ടി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ അവസാനിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗംഭീര്‍ പരിശീലകനായത്. കോച്ചിംഗ് സ്റ്റാഫുകളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടരുകയാണ്.
എന്നാല്‍ ഫീല്‍ഡിംഗ് കോച്ചിന്റെ കാര്യത്തിലാണ് ഗംഭീറിന് ഇപ്പോള്‍ വലിയതിരിച്ചടിയുണ്ടായിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗ് കോച്ചായി ജോണ്ടി റോണ്ട്‌സ് വരണമെന്നായിരുന്നു ഗംഭീറിന്റെ ആഗ്രഹം. ഇക്കാര്യം ബിസിസിഐയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡ് ഗംഭീറിന്റെ അഭ്യര്‍ത്ഥന തള്ളിയിരിക്കുകയാണ്.

ഗംഭീറിന്റെ ചില നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ബിസിസിഐക്ക് ബുദ്ധിമുട്ടുണ്ട്. നേരത്തെ തന്നെ അഭിഷേക് നായര്‍ ഗംഭീറിന്റെ കോച്ചിംഗ് സ്റ്റാഫിലുണ്ടാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിലെ എല്ലാ സപ്പോര്‍ട്ട് സ്റ്റാഫുകളും ഇന്ത്യക്കാരിയിരിക്കണമെന്ന നിര്‍ബന്ധം ബിസിസിഐക്കുണ്ട്.
നേരത്തെ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ബൗളിംഗ് കോച്ച് പരസ് മഹാബ്രെ, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ് എന്നിവരുടെ കാലാവധി നേരത്തെ അവസാനിച്ചതാണ്. അതേസമയം ഗംഭീറിന്റെ നിര്‍ദേശം തള്ളിയത് കൊണ്ട് ഫീല്‍ഡിംഗ് കോച്ചായി ഇന്ത്യക്കാരന്‍ തന്നെ വരും. ടി ദിലീപിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. കോച്ച് എന്ന നിലയില്‍ ഗംഭീറിന് ഇനി വെല്ലുവിളികള്‍ നിരവധി നേരിടാനുണ്ട്.
അതേസമയം ബൗളിംഗ് പരിശീലകനായി രണ്ട് പേരെയാണ് ബിസിസിഐ പരിഗണിക്കുന്നത്. സഹീര്‍ ഖാനും ലക്ഷ്മിപതി ബാലാജിയുമാണ് സജീവ പരിഗണനയില്‍ ഉള്ളത്. വിനയ് കുമാറിനെ ബൗളിംഗ് കോച്ചായി കൊണ്ടുവരാന്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പര്യമില്ല. ഗംഭീറിന്റെ പല നിര്‍ദേശങ്ങളും നേരത്തെ ബിസിസിഐ അംഗീകരിച്ചിരുന്നു.
എന്നാല്‍ പൂര്‍ണമായും അധികാരം വിട്ടുകൊടുക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. നേരത്തെ പ്രതിഫലത്തിന്റെ കാര്യത്തിലും ഇതുപോലെ ചര്‍ച്ചകള്‍ നടന്നിരുന്നു. ഒടുവില്‍ ഗംഭീര്‍ മുന്നോട്ട് വെച്ച പ്രതിഫലം നല്‍കാന്‍ ബിസിസിഐ തയ്യാറാവുകയായിരുന്നു. പന്ത്രണ്ട് കോടിയാണ് ഗംഭീറിന് ലഭിക്കുന്ന പ്രതിഫലം. നേരത്തെ രാഹുല്‍ ദ്രാവിഡിനും ഇതേ തുകയായിരുന്നു ലഭിച്ചത്.
അതേസമയം ലോകക്രിക്കറ്റിലെ തന്നെ മികച്ച ഫീല്‍ഡറായിട്ടാണ് ജോണ്ടി റോഡ്‌സ് അറിയപ്പെടുന്നത്. ഐപിഎല്ലില്‍ അദ്ദേഹം ഫീല്‍ഡിംഗ് കോച്ചായി വന്നപ്പോള്‍ ടീമുകളുടെ ഫീല്‍ഡിംഗ് നിലവാരം തന്നെ മാറിയിരുന്നു. ഗംഭീറും റോഡ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. എല്‍എസ്ജിയുടെ മെന്ററായിരുന്നു ഗംഭീര്‍.
എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി എല്ലാ സപ്പോര്‍ട്ട് സ്റ്റാഫുകളും ഇന്ത്യക്കാരാണ്. അതില്‍ മാറ്റം വരുത്താന്‍ ബിസിസിഐ തയ്യാറായതേയില്ല. അതേസമയം വിനയ് കുമാറിന്റെ പേര് നിര്‍ദേശിച്ചതും ഗംഭീറാണ്. എന്നാല്‍ അതിനും ബിസിസിഐ അനുമതി നല്‍കിയില്ല. റയാന്‍ ടെന്‍ ഡൂഷേറ്റിന്റെ പേരും ബോര്‍ഡ് തള്ളിയെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications