പവനായി ശവമായി, എന്തൊക്കെ ബഹളമായിരുന്നു; ലങ്കയോട് തോറ്റ ഗംഭീറിനെ എയറില്‍ കയറ്റി ധോണി ഫാന്‍സ്
മുംബൈ: എന്തൊക്കെ ബഹളമായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും, ഒടുവില്‍ പവനായി ശവമായി. ശ്രീലങ്കയോട് ഇന്ത്യ ഏകദിന പരമ്പര തോറ്റതിന് പിന്നാലെ പൊങ്കാല പുതിയ പരിശീലകനായ ഗൗതം ഗംഭീറിനാണ്. ടീമിനെ വേറെ ലെവലാകും എന്ന് കരുതിയ പരിശീലകന്‍ ശ്രീലങ്കയെന്ന ദുര്‍ബല ടീമിന് മുന്നില്‍ ഇന്ത്യ ടീമിനെ തോല്‍വിയിലേക്ക് തള്ളിയിട്ടു എന്നാണ് ആരാധകര്‍ പറയുന്നത്.
27 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഒരു പരമ്പര തോല്‍ക്കുന്നത്. ഇത് ഗംഭീരിന് മാത്രമുള്ള നേട്ടമാണെന്ന് ധോണി ആരാധകരാണ് പരിഹസിക്കുന്നത്. അതേസമയം ഇന്ത്യന്‍ ടീമിന്റെ ആരാധകരും ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുണ്ട്.

മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ബാറ്റിംഗ് തകര്‍ന്നടിയുന്നതാണ് കണ്ടത്. അടുത്ത കാലത്തൊന്നും ഈ തരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്തിട്ടില്ല. മൂന്ന് മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. ടി20 പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഏകദിനത്തില്‍ പൂര്‍ണമായും ഇന്ത്യ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്.
ഗംഭീറിന്റേത് വെറും പിആര്‍ വര്‍ക്ക് കൊണ്ട് കെട്ടിപ്പടുത്ത പരിശീലക മികവാണെന്നും, കളത്തില്‍ ഫലം കൊണ്ടുവരാന്‍ ഗംഭീറിന് സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു. ടീമില്‍ ആവശ്യമില്ലാത്ത മാറ്റങ്ങള്‍ കൊണ്ടുവന്ന്, താന്‍ വ്യത്യസ്തനാണെന്ന് കാണിക്കാനാണ് ഗംഭീര്‍ ശ്രമിക്കുന്നതെന്ന് ഒരു യൂസര്‍ ആരോപിച്ചു.
ടീമിന്റെ തലതൊട്ടപ്പന്‍ ആ വാന്‍ വേണ്ടിയാണ് ഗംഭീര്‍ വന്നത്. എന്നാല്‍ ശ്രീലങ്കയോട് പോലും പരാജയപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴെന്ന് മറ്റൊരു യൂസര്‍ പരിഹസിച്ചു. ഗംഭീര്‍ ടീം ലൈനപ്പ് കൃത്യമായിട്ടല്ല ഉപയോഗിച്ചതെന്ന് ഒരുപാട് പേര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തില്‍ ഗംഭീര്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരണം.
യാതൊരു പെര്‍ഫോമന്‍സുമില്ലാത്തവര്‍ക്ക് കൂടുതല്‍ അവസരം ലഭിച്ച് കൊണ്ടേയിരിക്കുന്നു. ഗില്‍, പന്ത്, അയ്യര്‍ എന്നിവരെല്ലാം അതില്‍ വരും. സിറാജിന്റെ ബൗളിംഗ് ശരാശരി മാത്രമാണെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു. അതേസമയം ടി20 ലോകകപ്പിന് ശേഷം വരുന്ന ആദ്യ ഏകദിന പരമ്പരയിലാണ് ഇന്ത്യന്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയത്.
മൂന്നാം ഏകദിനത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് 138 റണ്‍സിനാണ് പുറത്തായത്. 1997ലാണ് അവസാനമായി ഇന്ത്യയെ ഒരു പരമ്പരയില്‍ ശ്രീലങ്ക പരാജയപ്പെടുത്തുന്നത്. 27 വര്‍ഷത്തെ റെക്കോര്‍ഡാണ് ലങ്ക തകര്‍ത്തത്. ഇന്ത്യക്കാണെങ്കില്‍ അധിക ഏകദിനങ്ങള്‍ ഇനി കളിക്കാനില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇത് ഇന്ത്യയെ ബാധിച്ചേക്കുമെന്ന് ആരാധകര്‍ക്ക് ആശങ്കയുണ്ട്.
എന്നാല്‍ ലങ്കയോടേറ്റ 110 റണ്‍സിന്റെ തോല്‍വി ഏറ്റവും ബാധിക്കാന്‍ പോകുന്നത് ഗംഭീറിനെയാണ്. ഇന്ത്യയുടെ പരിശീലകന്‍ രാജിവെക്കണമെന്നാണ് നിരവധി പേര്‍ ഇതിനോടകം ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകരാണ് കൂടുതലായും ഗംഭീറിനെ വിമര്‍ശിച്ചത്. ജഡേജയെയും റുതുരാജിനെയും ഗംഭീര്‍ പുറത്തിരുത്തിയെന്ന് സിഎസ്‌കെ ആരാധകര്‍ വിമര്‍ശിച്ചു. രോഹിതും ഗംഭീറും ചേര്‍ന്ന് ടീമിനെ നാണംകെടുത്തിയെന്ന് ഇവര്‍ ആരോപിച്ചു.












Click it and Unblock the Notifications