ഗംഭീര്‍ ഉറപ്പിച്ചു? ജയ് ഷായുമായി കൂടിക്കാഴ്ച്ച; ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കും
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പപരിശീലകനായി ഗൗതം ഗംഭീര്‍ എത്താനുള്ള സാധ്യതയേറുന്നു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി തിങ്കളാഴ്ച്ച അവസാനിച്ചിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള പ്രമുഖരെല്ലാം ടീമിനെ പരിശീലിപ്പിക്കാനില്ലെന്ന നിലപാടിലാണ്. ജസ്റ്റിന്‍ ലാംഗര്‍, റിക്കി പോണ്ടിംഗ്, എന്നിവരെല്ലാം പരിശീലക സ്ഥാനം നിരസിച്ചിരുന്നു.
സ്റ്റീഫന്‍ ഫ്‌ളെമിംഗും ഇല്ലെന്നാണ് അറിയിച്ചത്. ഈ സാഹചര്യത്തില്‍ ഗംഭീറിന് കൂടുതല്‍ സാധ്യത എത്തിച്ചേര്‍ന്നിരിക്കുകയാണ്. എന്നാല്‍ ഗംഭീര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മികവുറ്റവരുടെ വലിയ നിര ബിസിസിഐക്ക് മുന്നില്‍ ഇല്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

വിവിഎസ് ലക്ഷ്മണിനെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചിരുന്നു. എന്നാല്‍ അതിനില്ലെന്ന നിലപാടിലാണ് ലക്ഷ്മണ്‍. വിദേശത്ത് നിന്നാരും ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചിട്ടില്ല. ഗംഭീറുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ കൂടിക്കാഴ്ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് നന്നായി അറിയാവുന്ന ഒരു വ്യക്തിയെയാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് ജയ് ഷാ നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അധ്യക്ഷനായ വിവിഎസ് ലക്ഷ്മണിന് ടീമിന്റെ മുഴുവന്‍ സമയ കോച്ചാവുന്നതിന് താല്‍പര്യമില്ല. പത്ത് മാസത്തോളം ടീമിനായി മാറ്റിവെക്കേണ്ടി വരുന്നതാണ് ലക്ഷ്മണ്‍ പിന്‍വാങ്ങാന്‍ കാരണം.
അതേസമയം അന്തിമ തിയതി അവസാനിച്ചെങ്കിലും ബിസിസിഐ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തി മാത്രമേ ഒരാളെ നിയമിക്കൂ. നിലവില്‍ ടി20 ലോകകപ്പിലാണ് ഇന്ത്യന്‍ ശ്രദ്ധിക്കുന്നത്. ഇന്ത്യന്‍ ടീം ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ തീര്‍ച്ചയായും ഗംഭീറിനെ പോലൊരാളെ നിയമിക്കാന്‍ സമ്മര്‍ദമേറും.
ലോകകപ്പിന് ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കും. ശ്രീലങ്ക, സിംബാബ്വെ ടീമുകള്‍ക്കെതിരെ പരമ്പര വരാനുണ്ട്. എന്‍സിഎയിലെ സീനിയര്‍ പരിശീലകരായിരിക്കും ടീമിനൊപ്പം പരിശീലകനായി ഉണ്ടാവുക. വിവിഎസ് ലക്ഷ്മണ്‍ തന്നെയാവാനാണ് സാധ്യത. അതുകൊണ്ട് ധൃതി പിടിച്ച് പരിശീലകനെ തീരുമാനിക്കുന്നില്ല.
അതേസമയം ഷാരൂഖ് ഖാനുമായി അടുത്ത ബന്ധം ഗംഭീറിനുണ്ട്. അതുകൊണ്ട് കൊല്‍ക്കത്ത വിടുക ഗംഭീറിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. അത് മാത്രമല്ല ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളുടെ അഭിപ്രായവും ഇക്കാര്യത്തില്‍ പരിഗണിച്ചേക്കും. രാഹുല്‍ ദ്രാവിഡിന് പകരക്കാരനായി ഗംഭീര്‍ വരുന്നതിനോട് പലര്‍ക്കും എതിര്‍പ്പുണ്ടാവാന്‍ സാധ്യതയില്ല. രോഹിത് ശര്‍മയുമായി അടുത്ത ബന്ധം തന്നെ ഗംഭീറിനുണ്ട്.
വിരാട് കോലിയുമായി തല്‍ക്കാലം പ്രശ്‌നങ്ങളില്ല. അതുപോലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ഗംഭീറിന് മികവുണ്ട്. ഇതെല്ലാം ഗംഭീറിന് അധികമായുള്ള നേട്ടങ്ങളാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായാല്‍ ഗംഭീറിന് വരുമാന നഷ്ടമുണ്ടാവും. 25 കോടിയാണ് ഷാരൂഖ് ഖാന്‍ ഗംഭീറിന് ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഇത് പത്ത് കോടിയായിരിക്കും.












Click it and Unblock the Notifications